ലോകകിരീടത്തിൽ മുത്തമിട്ടതിന്റെ ആഘോഷം ഇനിയുമൊടുങ്ങിയിട്ടില്ല അർജന്റീനയിൽ. മൂന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശുഭാന്ത്യം കുറിച്ച് ഖത്തർ മണ്ണിൽനിന്ന് കിരീടവുമായി മടങ്ങിയ ടീമിനൊപ്പം വിജയമാഘോഷിക്കുന്നതുനിർത്തി ഇനി മൈതാനത്തേക്ക് മടങ്ങാനൊരുങ്ങുകയാണ് ലയണൽ മെസ്സി. അടുത്തയാഴ്ച താരം പി.എസ്.ജിക്കൊപ്പം ചേരും.
വിജയമാഘോഷിക്കാൻ ജനുവരി ഒന്നു വരെ അവധി നൽകിയതാണെന്നും അതുകഴിഞ്ഞയുടൻ താരം തിരിച്ചെത്തുമെന്നും പരിശീലകൻ ക്രിസ്റ്റഫ് ഗാൽട്ടിയെ പറഞ്ഞു. ജനുവരി രണ്ടിനോ മൂന്നിനോ താരം ടീമിൽ പരിശീലനം തുടങ്ങും. അവധിക്കാലം കഴിഞ്ഞ് പതിവു ഫിറ്റ്ന്സിലേക്കെത്താൻ നാളുകളെടുക്കുമെന്നതിനാൽ ലിഗ് വണ്ണിൽ തുടർന്നുള്ള രണ്ടു മത്സരങ്ങളിൽ മെസ്സി ഇറങ്ങിയേക്കില്ല. ജനുവരി 11ന് എയ്ഞ്ചേഴ്സിനെതിരെയാകും ആദ്യ മത്സരമെന്നാണ് സൂചന.
2023-24 സീസൺ കൂടി ക്ലബിനൊപ്പം തുടരാൻ മെസ്സി ധാരണയായിരുന്നു. തിരിച്ചെത്തിയ ഉടൻ ക്ലബ് പ്രസിഡന്റ് നാസർ അൽഖിലൈഫിയും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ചർച്ചയിൽ മെസ്സി കരാറിൽ ഒപ്പുവെക്കും. നടപ്പു സീസൺ അവസാനം വരെയായിരുന്നു നേരത്തെയുള്ള കരാർ.
ഇന്ന് സ്ട്രാറ്റ്സ്ബർഗിനെതിരെയുള്ള മത്സരത്തിൽ കിലിയൻ എംബാപ്പെ, നെയ്മർ എന്നിവർ ഇറങ്ങും. ലോകകപ്പ് ഫൈനലിൽ ടീം തോറ്റ് മൂന്നുദിവസം കഴിഞ്ഞ് എംബാപ്പെ പി.എസ്.ജിയിലെത്തി പരിശീലനം ആരംഭിച്ചിരുന്നു.
ക്ലബ് ചരിത്രത്തിൽ ഇനിയും സ്വന്തമാക്കാനാകാത്ത ചാമ്പ്യൻസ് ലീഗ് കിരീടം പിടിക്കുകയെന്നതാകും എംബാപ്പെക്കൊപ്പം മെസ്സിയുടെ അടുത്ത ദൗത്യം. ലോകത്തെ ഏറ്റവും മികച്ച ആക്രമണ നിര കരുത്തായുണ്ടായിട്ടും ചാമ്പ്യൻസ് ലീഗിൽ അവസാന കടമ്പക്കു മുന്നിൽ മുട്ടിടിക്കുന്നതാണ് ഇതുവരെയുള്ള ചരിത്രം. ഇത്തവണയെങ്കിലും അത് മറികടക്കാനാകും ടീമിന്റെ കൂട്ടായ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.