ല​യ​ണ​ൽ മെ​സ്സി, വാ​ൻ ഡൈ​ക്

മെസ്സി ടച്ചോ, ഡച്ച് ഡിഫൻസോ?

ദോഹ: ലുസൈലിൽ ലയണൽ മെസ്സി വാഴുമോ? ഓറഞ്ചുപടയുടെ ഗൂഢനീക്കങ്ങൾക്ക് ആ മാന്ത്രിക ചുവടുകളുടെ താളംതെറ്റിക്കാനാവുമോ? വിശ്വപോരാട്ട വേദിയിൽ ക്വാർട്ടർ ഫൈനലിന് വിസിൽ മുഴങ്ങുന്ന വെള്ളിയാഴ്ചയിലെ രാവൊടുങ്ങുമ്പോൾലോകം ഉറ്റുനോക്കുന്ന ഈ ചോദ്യത്തിനുത്തരം പിറക്കും. മെസ്സിയെന്ന വിഖ്യാത പ്രതിഭയുടെ കരിയറിലെ അതിനിർണായകമായ മത്സരങ്ങളിലൊന്നിനാണ് ഇന്ന് ഖത്തർ വേദിയൊരുക്കുന്നത്.

ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ച നെതർലൻഡ്സിന്റെ സ്ട്രാറ്റജിക്കുമേൽ കുറുകിയ പാസുകളിൽ വല നെയ്തുകയറുകയെന്ന ലക്ഷ്യവുമായാണ് അർജന്റീന കളത്തിലിറങ്ങുക. അതു സാധ്യമായാൽ മെസ്സിക്കുവേണ്ടി ലോകകപ്പിൽ മുത്തമിടുകയെന്ന ലക്ഷ്യത്തിലേക്ക് രണ്ടടി ദൂരം മാത്രം. പ്രവചനങ്ങളിലും കടലാസിലും നേരിയ മുൻതൂക്കമുള്ള അർജന്റീന ലുസൈൽ സ്റ്റേഡിയത്തിൽ ടൈബ്രേക്കറിലെത്തുംമുമ്പുതന്നെ കളി ജയിക്കാനാകും ശ്രമിക്കുക.

പൂട്ടാനാകുമോ മെസ്സിയെ?

ഡച്ചുകാർ കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്നുണ്ട്. ഈ ലോകകപ്പിൽ അർജന്റീന നായകൻ തന്നെയാണ് ടീമിന്റെ മുന്നേറ്റങ്ങൾക്ക് തേരുതെളിക്കുന്നത്. മെക്സികോക്കും പോളണ്ടിനുമെതിരെ സാധ്യതകളുടെ നേരിയ അംശങ്ങളെ ജ്വലിപ്പിച്ചുനിർത്തിയാണ് മെസ്സി വല കുലുക്കിയത്. മെസ്സിയിലേക്കുള്ള പാസുകളുടെ കണ്ണി മുറിക്കുകയാണ് തങ്ങളുടെ പ്രധാന ദൗത്യമെന്ന് നെതർലൻഡ്സ് കോച്ച് ലൂയി ഫാൻ ഗാലും ക്യാപ്റ്റൻ വിർജിൽ വാൻഡൈകും പറയുന്നു.

2014 ലോകകപ്പിൽ ഇരുനിരയും ഏറ്റുമുട്ടിയപ്പോൾ മെസ്സിയെ കെട്ടിപ്പൂട്ടി നിർത്തി ഓറഞ്ചുപട കളി ഗോൾരഹിത സമനിലയിലേക്കും അതുവഴി ടൈബ്രേക്കറിലും എത്തിച്ചിരുന്നു. ഷൂട്ടൗട്ടിൽ ജയം അർജന്റീനക്കൊപ്പമായിരുന്നു. അന്നത്തെ മത്സരത്തിൽ നിജെൽ ഡി യോങ് ആയിരുന്നു ദൗത്യം നിർവഹിച്ചിരുന്നത്. 120 മിനിറ്റിനിടെ മെസ്സിക്ക് വല ലക്ഷ്യമിടാനായത്

ഒരു തവണ മാത്രം. വെള്ളിയാഴ്ച ആ ജോലിക്ക് ഫാൻ ഗാൽ നിയോഗിക്കുന്നത് മാർട്ടിൻ ഡി റൂണിനെയാകും. അതു കടന്നാൽ, വാൻ ഡൈകും ജൂറിൻ ടിംബറും. അപകടകാരിയായ മെസ്സി മുൻ മത്സരങ്ങളിലേതുപോലെ നിമിഷങ്ങളുടെ ചടുലചലനങ്ങളാൽ ഇതെല്ലാം പൊട്ടിച്ചെറിഞ്ഞാൽ മത്സരം അർജന്റീനയുടെ വരുതിയിലെത്തും.

ഡി പോൾ കളിക്കുമോ?

അർജന്റീനയുടെ 'എൻജിന്' പരിക്കേറ്റിരിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം അർജന്റീന മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നു. മധ്യനിരയിൽ അർജൻറീന നീക്കങ്ങൾക്ക് തേരുതെളിക്കുന്ന റോഡ്രിഗോ ഡി പോൾ മസിലിനേറ്റ പരിക്കു കാരണം ക്വാർട്ടർ ഫൈനലിൽ കളിക്കില്ലെന്നായിരുന്നു റിപ്പോർട്ട്. പകരം ലിയാൻഡ്രോ പരേഡെസ്, എൻസോ ഫെർണാണ്ടസ്, അലക്സിസ് മക്അലിസ്റ്റർ എന്നിവരായിരിക്കും മിഡ്ഫീൽഡിൽ കരുനീക്കാനിറങ്ങുകയെന്നും മാധ്യമങ്ങൾ സൂചിപ്പിച്ചു.

എന്നാൽ, ഈ റിപ്പോർട്ടുകളെല്ലാം വാർത്തസമ്മേളനത്തിൽ കോച്ച് ലയണൽ സ്കലോണി നിഷേധിച്ചു. ബുധനാഴ്ച ഡി പോൾ ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയിരുന്നില്ലെന്ന് ആരാണ് നിങ്ങളോട് പറഞ്ഞതെന്നായിരുന്നു സ്കലോണിയുടെ ചോദ്യം. 'നിങ്ങളെന്താണ് എന്നോട് ഡി പോളിനെക്കുറിച്ച് ചോദിക്കുന്നത്? ഇന്നലത്തെ പരിശീലനം അടച്ചിട്ട ഗ്രൗണ്ടിലായിരുന്നു.പിന്നെ, നിങ്ങൾ എങ്ങനെയാണ് ഡി പോൾ പരിശീലിക്കാനില്ലായിരുന്നു എന്നു പറഞ്ഞത്? അവന് ഒരു പ്രശ്നവുമില്ല. പരിശീലനത്തിനിറങ്ങിയിരുന്നു. ഇതുപോലത്തെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ എവിടെനിന്നാണ് വരുന്നത്? സ്കലോണി രൂക്ഷമായിത്തന്നെ ചോദിച്ചു.

'മാലാഖ വരും'

പരിക്കിൽനിന്ന് മുക്തനായി ഏയ്ഞ്ചൽ ഡി മരിയ കളിക്കാനിറങ്ങുമെന്നാണ് റിപ്പോർട്ട്. നെതർലൻഡ്സ് പോലെ കരുത്തുറ്റ എതിരാളികൾക്കെതിരെ അർജന്റീനക്ക് കരുത്തുപകരുന്ന വാർത്തയാണത്. ടീമിനൊപ്പം ബുധനാഴ്ച മുതൽ ഡി മരിയ പരിശീലനത്തിനിറങ്ങിയിരുന്നു. മെസ്സിയുമായി ഒത്തിണങ്ങി കളിക്കുകയും വിങ്ങിലും മിഡ്ഫീൽഡിലുമൊക്കെ പതിവുപോലെ ഡി മരിയ നിറസാന്നിധ്യമാവുകയും ചെയ്താൽ അർജൻറീനക്ക് കാര്യങ്ങൾ എളുപ്പമാകും.

പിന്നിലുണ്ട്, ഒടാമെൻഡി

ഫ്രെങ്കി ഡി യോങ്ങും കോഡി ഗാപ്കോയും മെംഫിസ് ഡെപായിയുമൊക്കെ ചേർന്ന ഡച്ച് മുന്നേറ്റങ്ങൾക്ക് അർജന്റീനയെ കടന്നുകയറുക ശ്രമകരമാകും. 35ാം വയസ്സിലും ചുറുചുറുക്കോടെ കോട്ടകെട്ടുന്ന നികോളാസ് ഒടാമെൻഡിയുടെ നേതൃത്വത്തിൽ അർജന്റീന ഡിഫൻസ് സുസജ്ജമാണ്. സൗദിക്കും ആസ്ട്രേലിയക്കുമെതിരെ ആക്രമണത്തിലേക്ക് കൂടുതൽ കയറിയെത്തിയ പ്രതിരോധതാരങ്ങൾ ഇന്ന് കൂടുതൽ ജാഗരൂകരായിരിക്കേണ്ടിവരും.

കൗണ്ടർ അറ്റാക്കിങ്ങിൽ മൂർച്ച കൂടുതലെന്നതിനു പുറമെ, പന്തിന്മേൽ മിടുക്കുകാട്ടാൻ കഴിയുന്ന താരങ്ങളാണ് ഓറഞ്ചു ജഴ്സിയിലിറങ്ങുന്നത്. ഉയരക്കൂടുതൽ ആനുകൂല്യമാക്കി സെറ്റ് പീസുകളെ ആയുധമാക്കാൻ ഡച്ചുകാർ തുനിയുമെന്നതിനാൽ ആ മേഖലയിലും അർജന്റീന ഡിഫൻസ് ജാഗ്രത പുലർത്തേണ്ടിവരും. മെസ്സിയിലേക്ക് പന്തെത്താതിരിക്കാൻ നെതർലൻഡ്സ് കാഴ്ചവെക്കുന്ന മുൻകരുതലിന്റെ ഒരംശം ഫ്രെങ്കി ഡി യോങ്ങിന്റെ കാര്യത്തിൽ അർജന്റീനയുടെ ഭാഗത്തുനിന്നുമുണ്ടാകും.

വെള്ള ഷോർട്സ്, ഹോം ജഴ്സി

നെതർലൻഡ്സിനെതിരെ ആകാശനീലയും വെള്ളയും വരകളുള്ള തങ്ങളുടെ ഹോം ജഴ്സിയിലാണ് അർജന്റീന കളത്തിലിറങ്ങുന്നത്. ഈ ലോകകപ്പിൽ ഇതാദ്യമായി കറുപ്പിന് പകരം വെള്ള ഷോർട്സും വെള്ള സോക്സുമായിരിക്കും മെസ്സിയും കൂട്ടരും അണിയുക.

സാധ്യത ടീം

അർജന്റീന: എമിലിയാനോ മാർട്ടിനെസ്, മോണ്ടിയൽ, റൊമേറോ, ഒടാമെൻഡി, ടാഗ്ലിയാഫികോ, മക് അലിസ്റ്റർ, ഡി പോൾ, എൻസോ, മെസ്സി, ഡി മരിയ, ആൽവാരെസ്.നെതർലൻഡ്സ്: നോപ്പർട്ട്, ടിംബർ, വാൻ ഡൈക്, അകെ, ഡുംഫ്രീസ്, ഡി യോങ്, ഡി റൂൺ, ബ്ലിൻഡ്, ക്ലാസൻ, ഗാക്പോ, ഡിപായ്.

Tags:    
News Summary - Messi touch or Dutch defense?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.