ദോഹ: അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ശനിയാഴ്ച ലയണൽ ആന്ദ്രേസ് മെസ്സിയുടെ ചടുല നീക്കങ്ങളെ തടയാനിറങ്ങുമ്പോഴും ആസ്ട്രേലിയൻ ഡിഫൻഡർ മിലോസ് ഡെഗെനെകിന്റെ ഉള്ളിലൊരു താരാരാധനയുണ്ട്. കളിയിൽ മറ്റാരുമല്ല, മിലോസിനെ അത്രകണ്ട് ആകർഷിച്ചിരിക്കുന്നത്, അത് മെസ്സിതന്നെയാണ്. 'ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്.ഫുട്ബാൾ കണ്ട എക്കാലത്തെയും മികച്ച കളിക്കാരൻ മെസ്സിയാണെന്ന് ഞാൻ കരുതുന്നു. എന്നാൽ, ആസ്ട്രേലിയക്കുവേണ്ടി കളിക്കാനിറങ്ങുന്നത് വലിയ ബഹുമതിയായി ഞാൻ കണക്കുകൂട്ടുന്നു. അദ്ദേഹത്തിന്റെ കടുത്ത ആരാധകനാണെങ്കിലും മെസ്സി കൈയിലേന്തുന്നതിനേക്കാൾ ലോകകപ്പ് എന്റെ കൈകളിലിരിക്കുന്നതാണ് കൂടുതൽ സന്തോഷം'.
ലോകകപ്പിന്റെ പ്രീ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ശനിയാഴ്ച തുടക്കമാകുമ്പോൾ സാധ്യത പട്ടികയിൽ മുൻനിരയിലുള്ള അർജന്റീനക്ക് ഡെഗെനെകിന്റെ സ്വപ്നങ്ങളിലുള്ളതുപോലെ ആസ്ട്രേലിയ കടുത്ത എതിരാളികളാകുമോയെന്നതിലേക്കാണ് ലോകം ആകാംക്ഷയോടെ കൺപാർക്കുന്നത്.ഗ്രൂപ് ഘട്ടത്തിലെ ആദ്യ മത്സരങ്ങളിൽ തോൽവിയറിഞ്ഞ് ത്രിശങ്കുവിലായ നോക്കൗട്ട് സ്വപ്നങ്ങളെ പിന്നീടുള്ള രണ്ടു കളികളും ജയിച്ച് പൊലിപ്പിച്ചെടുത്തവരാണ് ഇരുസംഘവും. അതുകൊണ്ടുതന്നെ ആത്മവിശ്വാസവും ചങ്കുറപ്പും വേണ്ടത്ര. ഇനിയുള്ള വീഴ്ചകൾ പുറത്തേക്ക് വഴിതുറക്കുമെന്നതിനാൽ സർവ ശൗര്യവും പാദങ്ങളാവാഹിക്കാൻ ഒരുങ്ങിയാവും പടപ്പുറപ്പാട്.
എൻസോ ഫെർണാണ്ടസ് വന്നതിന് മുമ്പും ശേഷവും എന്ന രീതിയിൽ ഗ്രൂപ് മത്സരങ്ങളിലെ അർജന്റീനയുടെ പ്രകടനത്തെ വിലയിരുത്താം. എൻസോക്കൊപ്പം അലക്സിസ് മക് അലിസ്റ്ററും താളം കണ്ടെത്തിയതോടെ മധ്യനിര സക്രിയം. പോളണ്ടിനെ കാഴ്ചക്കാരാക്കി പാസുകൾ മൈതാനം മുഴുവൻ ഒഴുകിപ്പരന്നതിന്റെ ആവർത്തനമാണെങ്കിൽ കംഗാരുക്കൾക്ക് സഞ്ചിയിലേറ്റാൻ മാത്രം ഗോളുകളുണ്ടാകും.
സൗദി അറേബ്യ ചെയ്തതു പോലെ മിഡ്ഫീൽഡിൽ പാസുകളുടെ കണ്ണി മുറിക്കുകയും കളിയൊഴുക്കിനെ സാരമായി തടസ്സപ്പെടുത്തുകയും ചെയ്താൽ മാത്രമേ മെസ്സിയെയും കൂട്ടരെയും തടയാൻ കഴിയൂ. മുൻനിരയിൽ ഒത്തിണക്കത്തോടെ കളിക്കുന്ന മെസ്സിക്കും എയ്ഞ്ചൽ ഡി മരിയക്കുമൊപ്പം യൂലിയൻ ആൽവാരസും മൂർച്ചയുള്ള കണ്ണിയായി മാറിക്കഴിഞ്ഞു.
മധ്യനിര തകർത്തുകളിക്കുകയും 4-3-3 ഫോർമേഷനിൽ മെസ്സിക്ക് മുൻനിരയിൽ അമിത ഭാരമില്ലാതെ മുന്നേറ്റങ്ങൾ മെനയാൻ കഴിയുകയും ചെയ്താൽ ആസ്ട്രേലിയ പഠിച്ചുവെച്ച പാഠങ്ങളൊന്നും മതിയാകാതെ വരും. ഒപ്പം, കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പ്രതിരോധ നിര കാഴ്ചവെച്ച മനസ്സാന്നിധ്യവും അർജന്റീനക്ക് ഏറെ മുൻതൂക്കം നൽകുന്നുണ്ട്. ടീമെന്ന നിലയിൽ ഒറ്റക്കെട്ടായി കളിച്ചുതുടങ്ങിയ മെസ്സിപ്പടയുടെ ഇഴയടുപ്പവും അതിന് ആക്കം കൂട്ടുന്നു. മെസ്സിതന്നെയാവും പതിവുപോലെ ഈ മത്സരത്തിലെയും കേന്ദ്രബിന്ദു.
ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ ആസ്ട്രേലിയ ക്വാർട്ടർ ഫൈനലിൽ എത്തിയിട്ടില്ല. പ്രീ ക്വാർട്ടറിൽ ഇതു രണ്ടാംതവണ മാത്രം. അർജന്റീനക്കെതിരെ മുമ്പ് കളിച്ച രണ്ടു മത്സരങ്ങളിലും തോൽവിയായിരുന്നു ഫലം. എന്നാലും പകിട്ടും പാരമ്പര്യവുമുള്ള അർജന്റീനക്കെതിരെ അട്ടിമറി കൊതിച്ച് മികച്ച ഗൃഹപാഠം നടത്തിത്തന്നെയാകും ആസ്ട്രേലിയ കളത്തിലെത്തുക.
ഫ്രാൻസിനെതിരെ ആദ്യഗോൾ നേടിയത് ആസ്ട്രേലിയയാണ്. ശേഷം നാലു ഗോൾ വഴങ്ങിയെങ്കിലും. എന്നാൽ, തുനീഷ്യക്കും ഡെന്മാർക്കിനുമെതിരെ അടുത്ത കളികളിൽ ഒരു ഗോൾ പോലും വഴങ്ങാതെ തുടർജയങ്ങൾ നേടിയ ടീമിനെ എഴുതിത്തള്ളാനാവില്ല. ഫ്രാൻസിനെതിരായ തോൽവിയിൽനിന്ന് പല പാഠങ്ങളും കംഗാരുക്കൾ പഠിച്ചിട്ടുണ്ടെന്ന് വ്യക്തം. പ്രതിരോധത്തിലൂന്നുകയും തഞ്ചം കിട്ടുമ്പോൾ പ്രത്യാക്രമണം നടത്തുകയും ചെയ്യുകയെന്ന തന്ത്രമാകും അവലംബിക്കുക. അപ്പോഴും കൈമെയ് മറന്നു പ്രതിരോധിക്കുന്ന നികോളാസ് ഒടാമെൻഡിയെയും കൂട്ടരെയും മറികടക്കുകയെന്നതിനും പോംവഴി കണ്ടെത്തേണ്ടി വരും.
4-2-2 ശൈലിയിൽ സ്ട്രൈക്കർമാരായ റിലേ മക്ഗ്രീക്കും മിച്ചൽ ഡ്യൂക്കിനുമായിരിക്കും ആ ദൗത്യം.ചിലത് ആസ്ട്രേലിയ കൃത്യമായി തിരിച്ചറിയുന്നുണ്ട്. കോച്ച് ഗ്രഹാം ആർനോൾഡ് അത് തുറന്നു പറയുന്നുമുണ്ട്. മെസ്സിയെ മാത്രം കേന്ദ്രീകരിച്ച് പ്രതിരോധനീക്കങ്ങൾ മെനഞ്ഞാൽ അത് അപകടകരമായിരിക്കും. പോളണ്ടിന് പിണഞ്ഞത് ആ അബദ്ധമാണ്. മെസ്സിയെപ്പോലെതന്നെ മിടുക്കുള്ള കളിക്കാരാണ് ആ കൂട്ടത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.