ഗുരുവായൂര്‍: ലോകകപ്പിലെ നിർണായക മത്സരത്തിന് മുന്നോടിയായി അർജന്റീന ഫുട്ബാൾ താരം ലയണൽ മെസിക്കായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആരാധകന്റെ വക പാൽ പായസം വഴിപാട്. മുന്‍ കൗണ്‍സിലറും ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് യൂനിറ്റ് പ്രസിഡന്റുമായ ഒ.കെ.ആര്. മണികണ്ഠനാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പാല്പായസം ശീട്ടാക്കയത്.
500 രൂപക്കാണ് പായസം വഴിപാട് ചെയ്തത്. മുന്‍ മത്സരങ്ങളില്‍ വഴിപാടുകള്‍ നടത്തിയിരുന്നില്ലെന്നും ഈ മത്സരം നിര്‍ണായകമായതിനാലാണ് പ്രത്യേക വഴിപാട് നടത്തിയതെന്നും മണികണ്ഠന് പറഞ്ഞു. പാല്പായസം പോലെ മധുരിക്കുന്ന വിജയം അര്‍ജന്റീനക്ക് ഉണ്ടാകണമെന്നാണ് ഈ ആരാധകന്റെ പ്രാര്‍ഥന.
ഇന്ന് പോളണ്ടിനോടുള്ള മത്സരം പരാജയപ്പെട്ടാൽ അർജന്റീനക്ക് നാട്ടിലേക്ക് മടക്ക ടിക്കറ്റെടുക്കാം. ഗ്രൂപ് സിയിലെ മൂന്നാം റൗണ്ട് മത്സരത്തിൽ മെസ്സിയുടെ അർജന്റീനയും ലെവൻഡോവ്സ്കിയുടെ പോളണ്ടും മുഖാമുഖം വരുന്നു. പ്രീ ക്വാർട്ടർ ഫൈനലിൽ കടക്കാൻ നിലവിൽ നാല് പോയന്റുള്ള പോളിഷ് സംഘത്തിന് ഒരു സമനില പോലും ധാരാളമാണ്. അർജന്റീനയുടെ കാര്യം അതല്ല. ജയിച്ചില്ലെങ്കിൽ കുഴങ്ങും. സമനിലയായാൽ നാല് പോയന്റ് മാത്രമേയാവൂ. അതേസമയത്ത് തന്നെ നടക്കുന്ന സൗദി അറേബ്യ -മെക്സികോ മത്സരത്തെ ആശ്രയിച്ചിരിക്കും വിധി.
സൗദി അറേബ്യയോടേറ്റ 1-2 തോൽവിയുടെ ക്ഷീണം മെക്സികോയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചാണ് തീർത്തതെങ്കിലും അർജന്റീന ഇപ്പോഴും സുരക്ഷിതമല്ല. ആരോഗ്യവാനാണെന്ന് മെസ്സി സ്ഥിരീകരിക്കുമ്പോഴും ചെറിയ ആശങ്കകൾ അദ്ദേഹത്തിന്റെ കാര്യത്തിലുണ്ട്. സൗദിക്കും മെക്സികോക്കുമെതിരെ ഓരോ മത്സരത്തിലും നൂറ് മിനിറ്റോളം മെസ്സി കളംനിറഞ്ഞു. മെക്സികോയുമായുള്ള മത്സരത്തിലും ടീം പതറുമോയെന്ന് തോന്നവെ നായകനിൽ നിന്നെത്തിയ ഗോളാണ് ഗതിമാറ്റിയത്.
ഇന്ന് സ്ട്രൈക്കറായി ലോട്ടാരോ മാർട്ടിനസ് തന്നെ മതിയോ ജൂലിയൻ ആൽവാരസിനെ ദൗത്യം ഏൽപിക്കണോയെന്ന കാര്യത്തിൽ കോച്ച് ലയണൽ സ്കലോണിക്ക് തീരുമാനമെടുക്കേണ്ടതുണ്ട്. യുവ മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസ് തകർപ്പൻ ഗോളിലൂടെയാണ് വിശ്വാസമുറപ്പിച്ചത്. മെസ്സിയുടേതിന് സമാനമാണ് ലെവൻഡോവ്സ്കിയുടെ സാഹചര്യങ്ങൾ. 34കാരനെ സംബന്ധിച്ച് ഇനിയൊരു ലോകകപ്പിനെക്കുറിച്ച് ചിന്തിക്കുക സാഹസമാണ്.
ലെവൻഡോവ്സ്കി ജനിക്കുന്നതിനും രണ്ട് വർഷം മുമ്പ് അവസാനമായി ലോകകപ്പ് കളിച്ച പോളണ്ട് ഇക്കുറിയാണ് പിന്നീട് യോഗ്യത നേടുന്നത്. ഇന്ന് ജയിച്ചാൽ ഗ്രൂപ് ജേതാക്കളായി കടക്കാം അർജന്റീനക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.