വെട്ടത്തൂർ (മലപ്പുറം): കുട്ടികൾ സ്വയം നിർമിച്ച് സ്ഥാപിച്ച കട്ടൗട്ട് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മലപ്പുറം പെരിന്തൽമണ്ണ ഈസ്റ്റ് മണ്ണാർമലയിലെ മൂന്ന് വിദ്യാർഥികൾ സ്ഥാപിച്ച കട്ടൗട്ടാണ് 'ഇതിനേക്കാൾ പൊക്കമുള്ളതിനി എവിടെ?' എന്ന കുറിപ്പോടെ മന്ത്രിയടക്കമുള്ളവർ പങ്കുവെച്ചത്. കടലാസ് പെട്ടി ഉപയോഗിച്ച് നിർമിച്ച, പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കട്ടൗട്ടിൽ സ്വയം പെയിന്‍റടിച്ച് റോഡരിലെ തെങ്ങിൽ സ്ഥാപിക്കുകയായിരുന്നു. താരത്തിന്‍റെ മുഖം മാത്രം ചിത്രത്തിൽനിന്ന് വെട്ടി ഒട്ടിക്കുകയും ബാക്കിയുള്ളവ കട്ടിക്കടലാസുമാണ്. എം.ടി. അഷ്റഫിന്റെ മകൻ മുഹമ്മദ് അൻഷിബ്, കെ. നജീബിന്‍റെ മകൻ ഹിഷാൻ, എം.ടി. ശാഹുൽ ഹമീദിന്‍റെ മകൻ അഹമ്മദ് മർവാൻ എന്നിവരാണ് വ്യാഴാഴ്ച രാവിലെ കട്ടൗട്ട് സ്ഥാപിച്ചത്. മൂവരും റൊണാൾഡോയുടെ ആരാധകരാണ്.
കട്ടൗട്ടിന് മുന്നിൽ കുട്ടികൾ നിൽക്കുന്ന ഫോട്ടോ ഫേസ്ബുക്ക് പേജുകളിലൂടെയാണ് വൈറലായത്. അൻഷിബും ഹിഷാനും പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥികളും മർവാൻ പച്ചീരി എ.യു.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയുമാണ്. വ്യാഴാഴ്ച വൈകീട്ടോടെ ഫേസ്ബുക്ക് പേജുകളിലും ഫുട്ബാൾ ഫാൻസ് പേജുകളിലും കട്ടൗട്ട് ഇടം പിടിച്ചു. നിരവധി പേരാണ് പോസ്റ്റിന് ലൈക് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.