ഖത്തറിലെത്തിയ ലോകകപ്പ് ആരാധകരിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുകയാണിപ്പോൾ ഒമാനിൽ നിന്നുള്ള 'എംജോംബ'. കളിയോടുള്ള അടങ്ങാത്ത മുഹബ്ബത്തോ ഇഷ്ട ടീമിനോടുള്ള ആരാധനയോ ഒന്നുമല്ല എംജോംബയെ ശ്രദ്ധേയനാക്കുന്നത്. 'ഭാഗ്യക്കേട്' എന്ന നിലയിലാണ് ഈ യുവാവ് വൈറലായിരിക്കുന്നതെന്നു മാത്രം.
ലോകകപ്പിന്റെ ഗാലറിയിൽ കുറേ മത്സരങ്ങൾക്ക് ഇക്കുറി എംജോംബ സാക്ഷിയായി ഉണ്ടായിരുന്നു. ഓരോ മത്സരങ്ങൾക്കും ഓരോ ടീമിനെ പിന്തുണച്ച് അവരുടെ ജഴ്സിയണിഞ്ഞാണ് ഗാലറിയിലെത്തുക. ഓരോ മത്സര വേളയിലും ഗാലറിയിൽനിന്നും സ്റ്റേഡിയത്തിന് പുറത്തുനിന്നുമൊക്കെയായി സമൂഹ മാധ്യമങ്ങളിൽ വിഡിയോകളും ചിത്രങ്ങളും എംജോംബ പോസ്റ്റ് ചെയ്യും. പോർചുഗൽ, നെതർലൻഡ്സ്, സ്പെയിൻ, ഖത്തർ, ബ്രസീൽ തുടങ്ങിയ ടീമുകളുടെ മത്സരങ്ങൾക്കെല്ലാം ഗാലറിയിലുണ്ടായിരുന്നു.
നിരന്തരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളിലെ സവിശേഷത പതിയെ ആളുകൾ ശ്രദ്ധിച്ചുതുടങ്ങി. എംജോംബ പിന്തുണച്ച് ജഴ്സിയണിയുന്ന ടീമുകൾ തോറ്റുപോകുന്നുവെന്നതായിരുന്നു അത്. പിന്നീട് ലോകകപ്പ് ആരാധകർ ഇയാളുടെ ചിത്രത്തിനടിയിലും നേരിട്ടുമൊക്കെയായി ആ അപേക്ഷ കമന്റ് ചെയ്യാൻ തുടങ്ങി. 'എംജോംബാ, പ്ലീസ്... ഞങ്ങളുടെ ടീമിന്റെ ജഴ്സി അണിയരുത്'. ചിലർ ഒരുപടി കൂടി കടന്ന്, എതിരാളികളുടെ ജഴ്സിയണിയാനും ഇയാളെ ഉപദേശിക്കുന്നു.
അങ്ങനെ ഒരുതവണ സ്പെയിൻ ജഴ്സിയണിഞ്ഞു. യഥാർഥത്തിൽ മൊറോക്കോയുടെ ആരാധകനാണിയാൾ. മൊറോക്കോയുടെ ജയത്തിനുവേണ്ടിയാണ് ആരാധകരുടെ ആവശ്യപ്രകാരം സ്പെയിനിന്റെ ജഴ്സിയണിഞ്ഞത്. ആ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ സ്പെയിൻ തോറ്റു. സ്പാനിഷ് ജഴ്സിയണിഞ്ഞ്, പതാക തലയിൽ ചുറ്റിയ 'സ്പെയിൻ ആരാധകൻ' മൊറോക്കോക്കെതിരെ 'സ്വന്തം ടീം' തോറ്റപ്പോൾ അതിരില്ലാത്ത ആഹ്ലാദം പ്രകടിപ്പിക്കുന്ന വിഡിയോ വൈറലായി മാറി.
ഒരു തവണ ലുസൈൽ സ്റ്റേഡിയത്തിൽ കളി കാണാനെത്തിയപ്പോൾ എംജോംബയോട് മൊറോക്കൻ ടെലിവിഷൻ അവതാരകൻ അഷ്റഫ് ബിൻ യാദ് ആവശ്യപ്പെട്ടത് പോർചുഗൽ ജഴ്സി അണിയാനായിരുന്നു. അതു പ്രകാരം പോർചുഗലിനെതിരായ മൊറോക്കോയുടെ മത്സരത്തിന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏഴാം നമ്പർ ജഴ്സിയണിഞ്ഞു.
അവരും തോറ്റുമടങ്ങി. മറ്റൊരു അഭിമുഖത്തിൽ ഖത്തർ ആരാധകരോട് എംജോംബ 'കുമ്പസാരം' നടത്തിയതിങ്ങനെ. 'ഒമാനിൽനിന്ന് ഞാൻ ഉദ്ഘാടന മത്സരത്തിന് വന്നത് ഖത്തറിനെ പിന്തുണക്കാൻ ജഴ്സിയും പതാകയുമൊക്കെയായിട്ടായിരുന്നു. ആ മത്സരം ഖത്തർ തോറ്റു. ഇങ്ങനെയൊരു 'ഭാഗ്യക്കേട്' എന്റെയൊപ്പമുണ്ടെന്ന് അന്നെനിക്കറിയില്ലായിരുന്നു. എന്നോട് ക്ഷമിക്കണം.' മുഹമ്മദ് അൽ ഹജ്രി എന്നതാണ് എംജോംബയുടെ യഥാർഥ പേര്. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരാണ് ഇയാൾക്കുള്ളത്. ലോകകപ്പിലെ തലതിരിഞ്ഞ പ്രശസ്തി തുണയായപ്പോൾ ഇൻസ്റ്റഗ്രാമിലെ ഫോളോവർമാരുടെ എണ്ണം മൂന്നര ലക്ഷം കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.