ചരിത്ര ജയത്തിനു പിന്നാലെ ഫലസ്തീന് ഐക്യദാർഢ്യവുമായി മൊറോക്കോ താരങ്ങൾ

ദോഹ: ഗോൾവലക്കു മുന്നിൽ യാസീൻ ബൗനൗ നടത്തിയ കിടിലൻ സേവുകളുടെ കരുത്തിലാണ് സ്പെയിനെ അട്ടിമറിച്ച് ഈ ലോകകപ്പിലെ കറുത്ത കുതിരകളായ മൊറോക്ക ചരിത്രം ജയം സ്വന്തമാക്കിയത്. ആദ്യമായാണ് മൊറോക്കോ ലോകകപ്പ് ക്വാർട്ടറിൽ ഇടംനേടുന്നത്.

ലോകകപ്പ് ക്വാർട്ടറിൽ പ്രവേശിക്കുന്ന ആദ്യ അറബ് രാജ്യം കൂടിയാണ്. എജുക്കേഷൻ സിറ്റിയിൽ നടന്ന ആവേശകരമായ പ്രീ ക്വാർട്ടർ മത്സരം നിശ്ചിത സമയവും അധിക സമയവും ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ട് വിധി നിർണയിച്ചത്. ഡിസംബർ 10ന് നടക്കുന്ന ക്വാർട്ടറിൽ പോർചുഗലാണ് മൊറോക്കോയുടെ എതിരാളികൾ.

സ്പെയിൻ താരങ്ങൾക്ക് ഒരു പെനാൽറ്റി പോലും വലയിലെത്തിക്കാനായില്ല. കാർലോസ് സോളർ, സെർജിയോ ബുസ്ക്വെറ്റ്സ് എന്നിവരുടെ ഷോട്ടുകൾ തടുത്തിട്ട മൊറോക്കോ ഗോളി യാസീൻ ബൗനൗവാണ് മത്സരത്തിലെ ഹീറോ. ചെമ്പടക്കായി ആദ്യം കിക്കെടുത്ത പാബ്ലോ സരാബിയയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. മൊറോക്കോ നിരയിൽ അബ്ദുൽഹമീദ് സാബിരി, ഹകീം സിയേഷ്, അഷ്റഫ് ഹക്കീമി എന്നിവർ പന്ത് അനായാസം വലയിലെത്തിച്ചു. ബദർ ബനോന്‍റെ ഷോട്ട് സ്പാനിഷ് ഗോളി തട്ടിയകറ്റി.

ലോക രണ്ടാം നമ്പറുകാരായ ബെല്‍ജിയത്തെ തകര്‍ത്ത് രണ്ട് ജയവും ഒരു സമനിലയുമായി ഗ്രൂപ് ചാമ്പ്യന്മാരായാണ് പ്രീ ക്വാർട്ടറിലെത്തിയത്. മത്സരത്തിനുശേഷം മൊറോക്കന്‍ പതാകകള്‍ക്കൊപ്പം ഫലസ്തീന്‍ പതാകകളുമേന്തിയാണ് മൊറോക്കന്‍ താരങ്ങള്‍ ആഹ്ലാദം പ്രകടിപ്പിച്ചത്. നേരത്തേ, കാനഡക്കെതിരെ നേടിയ ജയത്തിന് ശേഷവും ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് താരങ്ങൾ ഫലസ്തീന്‍ പതാകകളുമായി ആഹ്ലാദ പ്രകടനം നടത്തിയിരുന്നു.

രാഷ്ട്രീയപരമായ ബാനറുകൾ, പതാകകൾ എന്നിവ ഗ്രൗണ്ടിൽ പ്രദർശിപ്പിക്കുന്നത് ഫിഫ വിലക്കിയിട്ടുണ്ട്. നേരത്തെ, സ്റ്റേഡിയത്തിനുള്ളിൽ ഫലസ്തീൻ പതാക പ്രദർശിപ്പിച്ചതിന് ഫിഫ പിഴ ചുമത്തിയിരുന്നു. മൊറോക്കൻ കാണികൾ ഫ്രീ ഫലസ്തീൻ എന്നെഴുതിയ കൂറ്റൻ പതാകയും ഗാലറിയിൽ പ്രദർശിപ്പിച്ചു. ഡെന്മാർക്ക്-തുനീഷ്യ മത്സരത്തിനിടെയും കാണികൾ ഫലസ്തീന് ഐക്യദാർഢ്യമറിയിച്ച് പതാക പ്രദർശിപ്പിച്ചിരുന്നു.

യൂറോപ്പ്, സൗത് അമേരിക്ക എന്നിവക്ക് പുറത്തുനിന്ന് ലോകകപ്പിന്‍റെ അവസാന എട്ടിലേക്ക് ഇടംനേടിയ ഏക രാജ്യമാണ് മൊറോക്കോ.

Tags:    
News Summary - Morocco celebrates with Palestinian flag after historic World Cup victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.