മൊറോക്കൻ കുതിപ്പിന് അന്ത്യം; അർജന്റീന-ഫ്രാൻസ് ഫൈനൽ

ദോഹ: അൽബെയ്ത് സ്റ്റേഡിയ​ത്തെ ചെങ്കടലാക്കിയ മൊറോക്കൻ ആരാധകരുടെ സ്വപ്നങ്ങളെ തല്ലിക്കെടുത്തിയ ഫ്രഞ്ചുപടക്ക് തുടർച്ചയായ രണ്ടാം ഫൈനൽ. ശക്തമായ വെല്ലുവിളിയുയർത്തി തിരമാല പോലെ അടിച്ചുകയറിയ മൊറോക്കൻ ആക്രമണത്തെ അതിജീവിച്ച ഫ്രാൻസ് എതിരില്ലാത്ത രണ്ടുഗോളുകൾക്കാണ് വിജയക്കൊടി പാറിച്ചത്. ഡിസംബർ 18ന് ഞായറാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരിൽ മൂന്നാം ലോക കിരീടം ലക്ഷ്യമാക്കി അർജന്റീനയും ഫ്രാൻസും ഏറ്റുമുട്ടും.  ലോകകപ്പ് ഫേവറൈറ്റുകളെ ഒന്നൊന്നായി തകർത്തെറിഞ്ഞ് മുന്നേറിയ മൊറോക്കോയുടെ അവിശ്വസനീയ കുതിപ്പിന് വിരാമമിട്ട് തിയോ ഹെർണാണ്ടസും കോളോ മൗനോയുമാണ് ഫ്രാൻസിനായി ഗോൾ നേടിയത്. ഡിസംബർ 17ന് മൂന്നാംസ്ഥാനക്കാർക്ക് വേണ്ടിയുള്ള ലൂസേഴ്സ് ഫൈനലിൽ ക്രൊയേഷ്യയും മൊറോക്കോയും ഏറ്റുമുട്ടും.

മത്സരം തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ മൊറോക്കൻ പ്രതിരോധം തുളച്ച് ഫ്രാൻസിന്റെ ഗോളെത്തി. അന്റോയ്ൻ ഗ്രീസ്മാന്റെ മുന്നേറ്റത്തിനൊടുവിൽ മൊറോക്കൻ പ്രതിരോധത്തിൽ തട്ടിത്തെറിച്ചെത്തിയ പന്ത് അക്രോബാറ്റിക് മികവോടെ തിയോ ഫെർണാണ്ടസ് ഗോളിലേക്ക് തൊടുക്കുകയായിരുന്നു. ടൂർണമെന്റിൽ മൊറോക്കോ എതിർടീമിൽ നിന്നും വഴങ്ങുന്ന ആദ്യ ഗോളായിരുന്നു അത്. കനഡക്കെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ വീണ സെൽഫ് ഗോൾ മാത്രമായിരുന്നു ഇതുവരെ മൊറോക്കോ ഡെബിറ്റ് ലിസ്റ്റിലുണ്ടായിരുന്നത്.

തിയോ ഹെർണാണ്ടസിന്റെ അക്രോബാറ്റിക് ഗോൾ

ആക്രമണം ലക്ഷ്യമാക്കി 4-2-3-1 ഫോർമേഷനിലാണ് ഫ്രാൻസ് ഇറങ്ങിയതെങ്കിൽ പ്രതിരോധം ലക്ഷ്യമാക്കി 5-4-1 ശൈലിയിലാണ് മൊറോക്കോ വന്നത്. ഗോൾ വീണതോടെ മൊറോക്കോ ആക്രമണ മൂഡി​ലേക്ക് മാറി. മാലപോലെ കൊരുത്തുകയറിയ മൊറോക്കൻ ആക്രമണങ്ങൾ ബോക്സിലേക്ക് കയറും മുമ്പേ പലകുറി നിർവീര്യമായി. 17ാം മിനിറ്റിൽ മൊറോക്കൻ പ്രതിരോധം തുളച്ച് ഓടിക്കയറിയ ഒലിവർ ജിറൂഡിന്റെ കിക്ക് ​വലതുപോസ്റ്റിലിടിച്ച് മടങ്ങി. ഗാലറിയിൽ തിങ്ങി നിറഞ്ഞ മൊറോക്കൻ ആരാധകരുടെ നെഞ്ചുകുലുങ്ങിയ നിമിഷങ്ങൾ.

മത്സരത്തിന്റെ 22ാം മിനിറ്റിൽ തന്നെ സായിസിനെ പിൻവലിച്ച് സെലിം അമല്ലായെ മൊറോക്കൻ കോച്ച് കളത്തിലേക്ക് വിളിച്ചു. ആക്രണത്തിന് മുൻതൂക്കം നൽകുന്ന 4-3-3 എന്ന ഫോർമേഷനിലേക്ക് പരിവർത്തിക്കുന്നതിന്റെ ഭാഗമായിരുന്നു അത്. 35ാം മിനിറ്റിൽ കിലിയൻ എംബാപ്പേയുടെ അതിവേഗത്തിലുള്ള റൺ മൊറോക്കൻ ഡിഫൻസിൽ തട്ടിത്തെറിച്ചപ്പോൾ ഫ്രീ സ്‍പേസിൽ വീണുകിട്ടിയ പന്ത് ജിറൂഡ് പുറത്തേക്കടിച്ച് പാഴാക്കി. മറുവശത്ത് സ്വന്തം പകുതി വിട്ടിറങ്ങി ഫ്രഞ്ച് പ്രതിരോധനിരയെ സമ്മർദ്ദത്തിലാക്കുന്നതിൽ മൊറോക്കോ വിജയിച്ചു. 44ാം മിനിറ്റിൽ മൊറോക്കോയുടെ എൽ യാമിഖ് ബോക്സിനുള്ളിൽ നിന്നും തൊടുത്ത ബൈസിക്കികൾ കിക്ക് ഫ്രഞ്ച് പോസ്റ്റിലിടിച്ച് തെറിച്ചത് കാണികളിൽ ദീർഘനിശ്വാസങ്ങളുയർത്തി. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ ആർത്തലച്ചുകയറിയ മൊറോക്കൻ ആക്രമണങ്ങ​ൾക്കാണ് അൽബെയ്ത് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 

എൽ യാമിഖിന്റെ ബൈസിക്കിൾ കിക്ക്

രണ്ടാം പകുതിയിൽ ഇരട്ടിവീര്യവുമായി കുതിച്ചുകയറുന്ന മൊറോക്കോയെയാണ് ഗാലറി കണ്ടത്. മിന്നൽ പിണർ കണക്കേ പാഞ്ഞുകയറിയ മൊറോക്കോ ​വശങ്ങളിലൂടെ ഫ്രാൻസിനെ വിറപ്പിച്ചു. മറുവശത്ത് കുതിച്ചുപായുന്ന എംബാപ്പേ തന്നെയായിരുന്നു ഫ്രാൻസിന്റെ ആയുധം. പെനൽറ്റി ബോക്സിലേക്ക് പാഞ്ഞുംകയറും മുമ്പേ എംബാപ്പേയെ ഏറെ പണിപ്പെട്ടാണ് മൊറോക്കോ തടുത്തുനിർത്തിയത്. അഷ്റഫ് ഹക്കീമിയായിരുന്നു എംബാ​പ്പേയെ വേലികെട്ടി നിർത്തിയത്. 65ാം മിനിറ്റിൽ കഴിഞ്ഞ മത്സരത്തിലെ ഗോൾ സ്കോറർ യൂസുഫ് അൽ നസീരിയെയും സുഫിയാനെ ബൗഫലിനെയും പിൻവലിച്ച് മൊറോ​ക്കോ ആക്രമണത്തിന് പുതിയ മുഖം നൽകി. ഫ്രാൻസാകട്ടെ, മത്സരത്തിൽ താളം കണ്ടെത്താൻ വിഷമിച്ച ജിറൂഡിനെ മാറ്റി മാർകസ് തുറാമിനെ രംഗത്തിറക്കി. നിരന്തര ആക്രമണങ്ങളിലൂടെ മൊറോക്കോ കളം നിറഞ്ഞെങ്കിലും ഫ്രഞ്ച് ഗോൾമുഖത്തേക്ക് മൂർച്ചയുള്ള ഷോട്ടുകളുതിർക്കാനായില്ല. 

79ാം മിനിറ്റിൽ ഒസ്മാനെ ഡെംബലെയെ പിൻവലിച്ച് ഫ്രാൻസ് കോളോ മൗനോയെ രംഗത്തിറക്കി. ആദ്യ ടച്ച് തന്നെ ഗോളാക്കി മാറ്റി മൗനോ കോച്ചിന്റെ വിളികേട്ടു. പെനൽറ്റി ബോക്സിൽ നിന്നും ​മൊറോക്കൻ പ്രതിരോധ നിരയെ വകഞ്ഞുമാറ്റി മൗനോക്ക് പന്ത് നീട്ടി നൽകിയ കിലിയൻ എംബാപ്പേക്കായിരുന്നു ഗോളിന്റെ ക്രഡിറ്റ് മുഴുവൻ. രണ്ടാം ഗോൾ വീണതോടെ മത്സരത്തിന്റെ വിധി തീരുമാനമായിരുന്നു. എക്സ്ട്രാ ടൈമിൽ ഫ്രഞ്ച് ബോക്സിനുള്ളിൽനിന്നും ഒനാഹിയുടെ ഷോട്ട് ഗോൾലൈനിന് തൊട്ടുമുമ്പിൽ നിന്നും ജുലസ് കോണ്ടോ തട്ടിയകറ്റിയതോടെ മൊറോക്കോ അർഹിച്ച ആശ്വാസ ഗോളും അകന്നുനിന്നു. മൈതാനമൊന്നാകെ ഓടിനടന്നുകളിച്ച അന്റോയ്ൻ ഗ്രീസ്മാൻ ഒരിക്കൽകൂടി ഫ്രഞ്ച് പടയുടെ എഞ്ചിൻരൂപമായി. 

കോളോ മൗനോ മൊറോക്കൻ പോസ്റ്റിലേക്ക് നിറയൊഴിക്കുന്നു


 



Tags:    
News Summary - Morocco -France worldcup semi final result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.