ദോഹ: തകർപ്പൻ അട്ടിമറിയുടെ അകമ്പടിയോടെ ലോകകപ്പ് ഫുട്ബാൾചരിത്രത്തിലെ മൂന്നാം ജയം സ്വന്തമാക്കി മൊറോക്കോ. ലോക റാങ്കിങ്ങിലെ രണ്ടാം സ്ഥാനക്കാരും കഴിഞ്ഞ തവണത്തെ മൂന്നാം സ്ഥാനക്കാരുമായ ബെൽജിയത്തെ 2-0ത്തിന് കീഴടക്കിയ മൊറോക്കോ ഗ്രൂപ് എഫിൽ രണ്ടു കളികളിൽനിന്ന് നാലു പോയന്റുമായി ഒന്നാം സ്ഥാനത്തെത്തി. ഗ്രൂപ് ഇയിൽ ജർമനിയെ അട്ടിമറിച്ച പകിട്ടുമായെത്തി കളംനിറഞ്ഞ ജപ്പാനെ 1-0ത്തിന് മറികടന്ന് കോസ്റ്ററീക ആദ്യ മത്സരത്തിലെ ദയനീയ തോൽവിയിൽനിന്ന് തിരിച്ചുവന്നു.
അൽതുമാമ സ്റ്റേഡിയത്തിൽ മൊറോക്കോയുടെ ചുവപ്പൻ ആരാധകർക്കു മുന്നിൽ യഥാർഥ ചുവപ്പന്മാരായ ബെൽജിയം വിയർത്ത മത്സരമായിരുന്നു. വമ്പൻ താരങ്ങൾക്കെതിരെ പതറാതെ പന്തുതട്ടിയ 'അറ്റ്ലസ് സിംഹക്കൂട്ടങ്ങൾ' 73ാം മിനിറ്റിൽ പകരക്കാരൻ അബ്ദുൽ ഹമീദ് സബിരിയിലൂടെ ആദ്യ ഗോൾ നേടി.
92ാം മിനിറ്റിൽ ഇഞ്ചുറി സമയത്ത് മറ്റൊരു പകരക്കാരനായ സക്കരിയ അബൂഖ്ലാൽ വിജയമുറപ്പിച്ചതോടെ ഖത്തർ ലോകകപ്പിലെ മൂന്നാം അട്ടിമറിക്ക് ആരാധകർ സാക്ഷ്യംവഹിച്ചു. ബോക്സിന്റെ മൂലയിൽനിന്ന് പായിച്ച ഫ്രീകിക്കാണ് ലോകോത്തര ഗോളി തിബോ കോർട്ടുവയെ ഇളിഭ്യനാക്കി സബിരി ഗോളിലെത്തിച്ചത്. തിരിച്ചടിക്കാനുള്ള ശ്രമം മൊറോക്കോ ഫലപ്രദമായി തടഞ്ഞു.
ബെൽജിയത്തിന്റെ പ്രതിരോധത്തിന്റെ ദൗർബല്യം വടക്കൻ ആഫ്രിക്കൻ ടീം പലവട്ടം കാണിച്ചുകൊടുത്തു. സിയേക്കിന്റെ ക്രോസിൽനിന്ന് സക്കരിയ ഗോളടിച്ചതോടെ ബെൽജിയത്തിന്റെ തോൽവി സമ്പൂർണമായി. 24 വർഷത്തിനു ശേഷമാണ് മൊറോക്കോ ലോകകപ്പിലെ മത്സരം ജയിക്കുന്നത്. അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നിറഞ്ഞുകളിച്ച ജപ്പാനെ പോസ്റ്റിലേക്കുള്ള ഏക ഷോട്ട് ഗോളാക്കിയാണ് കോസ്റ്ററീക സ്പെയിനിനോടേറ്റ വൻതോൽവിയുടെ ക്ഷീണം മാറ്റിയത്. 81ാം മിനിറ്റിൽ കെയ്ഷർ ഫുള്ളറാണ് ഗോളിനുടമ.
ഇന്നത്തെ കളി
വൈകീട്ട് 3.30
കാമറൂൺ സെർബിയ
........................................................................................
വൈകീട്ട് 6.30
ദക്ഷിണ കൊറിയ ഘാന
........................................................................................
രാത്രി 9.30
ബ്രസീൽ സ്വിറ്റ്സർലൻഡ്്
........................................................................................
രാത്രി 12.30
പോർചുഗൽ ഉറുഗ്വായ് സ്പോർട്സ് 18ലും സ്പോർട്സ്
18 എച്ച്.ഡിയിലും ജിയോ സിനിമയിലും
തത്സമയം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.