നാലു കോടിയിൽ താഴെ ജനസംഖ്യയുള്ള, കറുത്ത വൻകരയുടെ എല്ലാ അരിഷ്ടതകളും ഏറിയും കുറഞ്ഞും സ്വന്തം അനുഭവമായി വരിച്ച ഒരു കൊച്ചുരാജ്യത്തിന് വമ്പന്മാർ പന്തുതട്ടുന്ന ലോകമാമാങ്കത്തിൽ ഏതറ്റം വരെ പോകാനാകും?. അതും മിടുക്കരിൽ മിടുക്കർ അണിനിരക്കുന്ന, വർഷങ്ങൾക്ക് മുമ്പ് പരിശീലനമുറ്റങ്ങൾ സജീവമാകുന്ന തമ്പുരാക്കന്മാർ നെഞ്ചുവിരിച്ച് മുന്നിലുണ്ടാകുേമ്പാൾ... പരമാവധി പ്രീക്വാർട്ടറിനപ്പുറത്തേക്ക് വിദൂരസ്വപ്നങ്ങളിൽ പോലുമുണ്ടാകില്ലെന്നുറപ്പ്. ഇനി അദ്ഭുതം സംഭവിച്ചാൽ അവസാന എട്ടിൽ കടന്നുകൂടി ആരോരുമറിയാതെ അവിടെയവസാനിപ്പിച്ച് നാട്ടിലേക്കു വണ്ടി പിടിക്കാമെന്നായിരിക്കണം.
ഈ കളിസംഘത്തിന് പിന്നെയുമുണ്ട് ആധികൾ. 26 അംഗ സംഘത്തിൽ 14 പേരും രാജ്യത്തിനു പുറത്ത് പിറന്നവർ. രണ്ടു പേർ സ്പെയിനിൽ, നാലു പേർ നെതർലൻഡ്സിലും ബെൽജിയത്തിലും. രണ്ടു പേർ ഫ്രാൻസിൽ, ഒരാൾ കാനഡയിൽ, ജർമനിയിൽ... ഈ രാജ്യങ്ങളൊക്കെയും ഇത്തവണ ലോകകപ്പ് കളിക്കാനെത്തിയവർ.
പന്തു തട്ടാനിറങ്ങുന്നെങ്കിൽ സ്വാഭാവികമായും പിറവി നൽകിയ രാജ്യം മൈതാനത്ത് എതിരെയുണ്ടാകുമെന്ന വലിയ വെല്ലുവിളി മറുവശത്ത്. പി.എസ്.ജിയുടെ പിൻനിരയിലെ ഏറ്റവും കരുത്തനായ അഷ്റഫ് ഹകീമിയെന്ന ഇളമുറക്കാരൻ പറഞ്ഞുതരും ഇൗ പ്രതിസന്ധിയെ കുറിച്ച്.
''എെൻറ മാതാപിതാക്കളുടെ മണ്ണായതിനാൽ സ്പെയിനിനു പകരം മൊറോക്കോക്കുവേണ്ടിയാകാം ബൂട്ടുകെട്ടുന്നത് എന്ന തീരുമാനത്തിൽ ഞാൻ എത്തി. മൊറോക്കോ ചുവയുള്ള ഒരു മുസ്ലിം ഭവനത്തിലാണ് അവർ എന്നെ വളർത്തിയത്. അതുകൊണ്ട് മൊറോക്കോക്കു വേണ്ടിയാകാം കളിയെന്ന് മനസ്സു പറഞ്ഞു''.
ഇത് ഹകീമിയുടെ മാത്രം തീർപ്പായിരുന്നില്ല. റയൽ മഡ്രിഡിെൻറ യൂത്ത് അക്കാദമിയിൽ തുടങ്ങി യൂറോപിലെ വൻസ്രാവുകൾക്കൊപ്പം ബൂട്ടുകെട്ടുന്ന താരത്തിന് സ്പാനിഷ് നിരക്കൊപ്പം ഇറങ്ങുന്നതാകുമായിരുന്നു ഭാവി കരിയറിന് നല്ലത്. എന്നിട്ടും, സ്പെയിൻ പ്രീക്വാർട്ടറിൽ മുന്നിൽവരികയും കളി ഷൂട്ടൗട്ടിലേക്ക് നീളുകയും ചെയ്തപ്പോൾ പനേങ്ക ഷോട്ടിൽ പിറന്നനാടിനു മേൽ വിജയമുറപ്പിച്ചായിരുന്നു ഹകീമിയുടെ മടക്കം.
ദേശീയതകൊണ്ട് തീർന്നിരുന്നില്ല, മൊറോക്കോ ക്യാമ്പിലെ പ്രശ്നങ്ങൾ. ദേശീയ ടീമിെൻറ പരിശീലകൻ വലീദ് റഗ്റാഗി എത്തുന്നത് കിക്കോഫിന് മൂന്നു മാസം മുമ്പ് ആഗസ്റ്റിൽ. മറ്റു ടീമുകളെല്ലാം സ്വന്തം ക്യാമ്പ് ഏറെക്കുറെ മുന്നോട്ടുകൊണ്ടുപോയിക്കഴിഞ്ഞിരുന്നു അപ്പോഴേക്ക്.
മറ്റു രാജ്യങ്ങളിൽ പിറന്ന് അവിടെ കളിച്ചുകൊണ്ടിരിക്കുന്ന 'വിദേശികളെ' കളിപ്പിക്കണോയെന്നതായി അവസാനത്തെ പ്രശ്നം. ഫ്രാൻസിൽ ജനിച്ച് മൊറോക്കോ ദേശീയ ടീമിൽ കളിച്ച പഴയ കാലം മുന്നിലുള്ള കോച്ചിെൻറ ശാഠ്യത്തിൽ അതും അവസാനിച്ചെങ്കിലും ടീമിെൻറ ഒന്നിച്ചുകിട്ടാൻ പിന്നെയും സമയമേറെയെടുത്തു.
അതുപക്ഷേ, കഥയുടെ ഒരു വശം. റഗ്റാഗിയെന്ന മാന്ത്രികൻ നാട് പരിചയിക്കാത്തൊരു വീരചരിതത്തിന് അവിടെ നാന്ദികുറിക്കുകയായിരുന്നു. തെൻറ കളിക്കൂട്ടത്തിനു മുന്നിൽ ഈ 47കാരൻ ആദ്യമായി ഒരു ഉപാധി വെച്ചു. വേഗം കളി തീർത്ത് മടങ്ങാമെന്നുള്ളവർ ആരും ക്യാമ്പിൽ വരരുത്.
ഈ ലോകകപ്പിൽ ആഫ്രിക്കയുടെയും അറബ് ലോകത്തിെൻറയും മുഴു പ്രതീക്ഷകളും ചുമലിലേറ്റാൻ കരളുറപ്പുള്ളവർ മാത്രം മതി. സാധ്യത സംഘത്തിൽ നറുക്കുവീണ ഓരോരുത്തരും പിന്നെ ആ വലിയ ദൗത്യത്തിലേക്കുള്ള യാത്രയിലായിരുന്നു. കാലുകൾക്കൊപ്പം ഹൃദയവും അതിനായി പകർന്നുനൽകി.
തലച്ചോറിൽ നെയ്തെടുത്ത് കാലുകളിൽ നടപ്പാക്കുന്ന ഒരു സൂപ്പർ ഗെയിമായിരുന്നു ഖത്തർ മൈതാനങ്ങളിൽ ഫുട്ബാൾ അവർക്ക്. ഓരോ ടീമിനെതിരെയും പുറത്തെടുത്തത് സമാനതകളില്ലാത്ത കളിയഴക്. ആദ്യം ക്രൊയേഷ്യയെ ഒപ്പം പിടിച്ചുതുടങ്ങിയ ടീം ഗ്രൂപിൽ ബെൽജിയം, കാനഡ എന്നിവരെ മുട്ടുകുത്തിച്ച് ഒന്നാമന്മാരായാണ് നോക്കൗട്ടിനെത്തുന്നത്. അവിടെ ആദ്യം എതിരാളികളായി ലഭിച്ചത് സ്പെയിൻ. അതുവരെയും വലിയ മാർജിനിൽ ജയം കണ്ടു പരിചയിച്ച് അർമഡക്കു പക്ഷേ, ഒരു ഗോൾ പോലും മൊറോക്കോ വലയിലെത്തിക്കാനായില്ല.
അവിടെ കൈകൾ നീട്ടിപ്പിടിച്ച്, ഏതു സമയവും പുഞ്ചിരിച്ച് നിൽപുണ്ടായിരുന്ന യാസീൻ ബോനോയെന്ന മാന്ത്രികൻ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചപ്പോൾ മൊറോക്കോക്കു മുന്നിൽ മൂക്കുകുത്തിവീഴുന്ന രണ്ടാം കൊമ്പനായി സ്പെയിൻ. ഇതുവരെയുള്ള നേട്ടങ്ങളുടെ കഥയിൽ ആഫ്രിക്കൻ വൻകരയിലെ മറ്റു രാജ്യവും മുമ്പ് പങ്കാളിയായിരുന്നു. അവിടന്നങ്ങോട്ട് പക്ഷേ, മൊറേോക്കോക്കു മാത്രം അവകാശപ്പെട്ടത്.
ക്വാർട്ടറിൽ മുഖാമുഖം വരുന്നത് പോർച്ചുഗലാണെന്നു വന്നപ്പോൾ സ്വാഭാവികമായും മൊറോക്കോ പുറത്തേക്കെന്ന് കണക്കുകൂട്ടാനായിരുന്നു എല്ലാവർക്കും ഇഷ്ടം. സൂപർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലും ആദ്യ ഇലവനിൽ ആവശ്യമില്ലാത്തവർക്ക് കറുത്ത വൻകരയിൽനിന്നെത്തിയവരെ അത്രക്ക് ബോധിച്ചിരുന്നോ ആവോ. മൈതാനത്ത് കളി മുറുകിയപ്പോൾ പക്ഷേ, എല്ലാം മാറി.
തൊട്ട് മുമ്പ് ലോക രണ്ടാം നമ്പറുകാരെയും അതുകഴിഞ്ഞ് സാക്ഷാൽ സ്പാനിഷ് അർമഡയെയും കീഴടക്കിയവർക്ക് പോർച്ചുഗലിനെ തീർക്കാൻ ആദ്യ 90 മിനിറ്റ് തന്നെ ഏറെയായിരുന്നു. വിവിധ രാജ്യങ്ങളിൽ പിറന്നവരെ ഇറക്കി കളി ജയിക്കുന്ന റഗ്റാഗി നയതന്ത്രത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജയം.
അതുവരെയും മൊറോക്കോ ഇറങ്ങിയ കളികളിൽ എതിരാളികളുടെ ബാൾ പൊസഷൻ കൂടി കണക്കിലെടുക്കണം. ശരാശരി 75 ശതമാനത്തിനു മുകളിലായിരുന്നു മറ്റു ടീമുകളുടെ പൊസഷൻ. എന്നിട്ടും ഗോൾവര കടത്താതെ അവരെ പിടിച്ചുകെട്ടുന്നതിലായിരുന്നു മൊറോക്കോ പ്രതിരോധത്തിെൻറ മിടുക്ക്. ഉരുക്കുകോട്ട തീർത്ത് എതിരാളികളെ നിരാശരാക്കുന്ന പിൻനിരയിൽനിന്ന് കൈമാറിക്കിട്ടുന്ന പന്തുകൾ പിടിച്ച് അതിവേഗം നടത്തുന്ന റെയ്ഡുകളായിരുന്നു ഖത്തറിലെ മൊറോക്കോ സ്പെഷൽ.
ലോങ് പാസിനു പകരം കുറുകിയ പാസുകൾ വിടാതെ വലതീർത്തുള്ള ഗോൾയാത്രകൾ ലോകകപ്പിലെ അതിമനോഹര കാഴ്ചകളായിരുന്നു. നാലുപേർ ഒന്നിച്ച് വളഞ്ഞുനിന്നാലും പാസ് ചെയ്യുംമുമ്പ് അവരെ വെട്ടിയൊഴിയാൻ കാണിക്കുന്ന അസാമാന്യ ധൈര്യത്തിനു മുന്നിൽ പലപ്പോഴും എതിരാളികൾ പോലും നമിച്ചു കാണണം.
സെമിയിൽ പക്ഷേ, എതിരാളികളെ കൃത്യമായി ഗൃഹപാഠം ചെയ്തിറങ്ങിയ ഫ്രാൻസ് കളിയാകെ മാറ്റിപ്പണിതു. മൈതാനത്തെ നിയന്ത്രണം തുടക്കം മുതൽ മൊറോക്കോക്കു നൽകി. പകരം ഗോൾ ആഘോഷം ഫ്രഞ്ചുപട ഏറ്റെടുക്കുകയും ചെയ്തു. ക്ലബു തലത്തിൽ ഒന്നിച്ചുകളിക്കുന്ന ഹകീമി തന്നെ നിയന്ത്രിച്ചിട്ടും കെട്ടുപൊട്ടിച്ച് രണ്ടു തവണ കടന്ന കിലിയൻ എംബാപ്പെ ആ രണ്ടും ഗോളായെന്നുറപ്പിച്ചു. അതോടെ, കളി തോറ്റ് മൊറോക്കോ മടങ്ങി.
മൊറോക്കോയുടെ ഗാർഡിയോള എന്നു വിളിപ്പേരു കിട്ടിയ റഗ്റാഗിക്കു കീഴിൽ ഇറങ്ങിയ കളിസംഘത്തിലോരോരുത്തരുടെയും മിടുക്ക് കൂടിയായിരുന്നു ഖത്തർ ലോകകപ്പിൽ ടീമിെൻറ സമാനതകളില്ലാത്ത കുതിപ്പ്. ഹകീം സിയെഷ്, നുസൈർ മസ്റൂഇ, സുഫിയാൻ ബൂഫൽ, റുമൈൻ സായിസ്, സകരിയ അബൂഖ്ലാൽ, നായിഫ് അഗ്യൂർഡ്, ജവാദ് അൽയാമിഖ്, അബ്ദുൽ ഹാമിദ് സാബിരി, യൂസുഫ് അന്നസീരി തുടങ്ങി ഓരോരുത്തരും അതിമിടുക്കർ.
യൂറോപ്യൻ ലീഗുകളിലെ അനുഭവം ഇവർക്ക് കൂട്ടായപ്പോൾ എതിരാളികളുടെ ചലനങ്ങൾ ഇവർ കാലുകളിൽ മാത്രമല്ല, മനസ്സിലും കണ്ടു. അതുവെച്ച് ടീമുകളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. അറബ് ലോകത്തിന് കൂടി വൻ പ്രതീക്ഷ നൽകുന്നതായിരുന്നു മൊറോക്കോ നേടിയ വിജയങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.