തിയോ ഹെർണാണ്ടസിന്റെ അക്രോബാറ്റിക് ഗോൾ

മൊറോക്കൻ കോട്ട തുളഞ്ഞു; ഫ്രാൻസ് ഒരുഗോളിന് മുന്നിൽ

ദോഹ: ടൂർണമെന്റിലാദ്യമായി മൊറോക്കൻ കോട്ട തുളഞ്ഞു. തുടർച്ചയായ രണ്ടാം ഫൈനലിലേക്ക് ഫ്രാൻസിന് ഏതാനും മിനിറ്റുകളുടെ ദൂരം മാത്രം. മത്സരം തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ മൊറോക്കൻ പ്രതിരോധം തുളച്ച് ഫ്രാൻസിന്റെ ഗോളെത്തി. അന്റോയ്ൻ ഗ്രീസ്മാന്റെ മുന്നേറ്റത്തിനൊടുവിൽ മൊറോക്കൻ പ്രതിരോധത്തിൽ തട്ടിത്തെറിച്ചെത്തിയ പന്ത് അക്രോബാറ്റിക് മികവോടെ തിയോ ഹെർണാണ്ടസ് ഗോളിലേക്ക് തൊടുക്കുകയായിരുന്നു. ടൂർണമെന്റിൽ മൊറോക്കോ എതിർടീമിൽ നിന്നും വഴങ്ങുന്ന ആദ്യ ഗോൾ മാത്രമാണിത്. കനഡക്കെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ വീണ സെൽഫ് ഗോൾ മാത്രമായിരുന്നു ഇതുവരെ മൊറോക്കോ വഴങ്ങിയ ഗോൾ.

ആക്രമണം ലക്ഷ്യമാക്കി 4-2-3-1 ഫോർമേഷനിലാണ് ഫ്രാൻസ് ഇറങ്ങിയതെങ്കിൽ പ്രതിരോധം ലക്ഷ്യമാക്കി 5-4-1 ശൈലിയിലാണ് മൊറോക്കോ വന്നത്. ഗോൾ വീണതോടെ മൊറോക്കോ ആക്രമണ മൂഡി​ലേക്ക് മാറി. മാലപോലെ കൊരുത്തുകയറിയ മൊറോക്കൻ ആക്രമണങ്ങൾ ബോക്സിലേക്ക് കയറും മുമ്പേ നിർവീര്യമാകുകയായിരുന്നു. 17ാം മിനിറ്റിൽ മൊറോക്കൻ പ്രതിരോധം തുളച്ച് ഓടിക്കയറിയ ഒലിവർ ജിറൂഡിന്റെ കിക്ക് ​വലതുപോസ്റ്റിലിടിച്ച് മടങ്ങി. ഗാലറിയിൽ തിങ്ങി നിറഞ്ഞ മൊറോക്കൻ ആരാധകരുടെ നെഞ്ചുകുലുങ്ങിയ നിമിഷം.

എൽ യാമിഖിന്റെ​ ബൈസിക്കിൾ കിക്ക്

മത്സരത്തിന്റെ 22ാം മിനിറ്റിൽ തന്നെ സായിസിനെ പിൻവലിച്ച് സെലിം അമല്ലായെ മൊറോക്കൻ കോച്ച് കളത്തിലേക്ക് വിളിച്ചു. ആക്രണത്തിന് മുൻതൂക്കം നൽകുന്ന 4-3-3 എന്ന ഫോർമേഷനിലേക്ക് പരിവർത്തിക്കുന്നതിന്റെ ഭാഗമായിരുന്നു അത്. 35ാം മിനിറ്റിൽ കിലിയൻ എംബാപ്പേയുടെ അതിവേഗത്തിലുള്ള റൺ മൊറോക്കൻ ഡിഫൻസ് തട്ടിത്തെറിച്ചപ്പോൾ ഫ്രീ സ്‍പേസിൽ വീണുകിട്ടിയ പന്ത് ജിറൂഡ് പുറത്തേക്കടിച്ച് പാഴാക്കി. മറുവശത്ത് സ്വന്തം പകുതി വിട്ടിറങ്ങി ഫ്രഞ്ച് പ്രതിരോധനിരയെ സമ്മർദ്ദത്തിലാക്കുന്നതിൽ മൊറോക്കോ വിജയിച്ചു.  44ാം മിനിറ്റിൽ മൊറോക്കോയുടെ എൽ യാമിഖ് ബോക്സിനുള്ളിൽ നിന്നും തൊടുത്ത ബൈസിക്കികൾ കിക്ക് ഫ്രഞ്ച് പോസ്റ്റിലിടിച്ച് തെറിച്ചു. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ ആർത്തലച്ചുകയറിയ മൊറോക്കൻ ആക്രമണങ്ങ​ൾക്കാണ് അൽബെയ്ത് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 

Tags:    
News Summary - morocco vs france -world cup semifinal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.