മൊ​റോ​ക്കോ കോ​ച്ച്​ വ​ലീ​ദ് റെ​ഗ്റാ​ഗ്വി ടീം ​അം​ഗം ഇ​ല്യാ​സ്​ ഷ​അ​റി​നൊ​പ്പം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ 

മൊറോക്കോ കൂടുതൽ ആഗ്രഹിക്കുന്നു; സെമികൊണ്ട് തൃപ്തരാവില്ല -റെഗ്റാഗ്വി

ദോഹ: ലോകകപ്പിെൻറ സെമി ഫൈനലിലെത്തിയതുകൊണ്ട് സംതൃപ്തരാവുന്നില്ലെന്നും കൂടുതൽ മുന്നേറാൻ ആഗ്രഹിക്കുന്നുവെന്നും മൊറോക്കൻ പരിശീലകൻ വലീദ് റെഗ്റാഗ്വി. 'സെമി ഫൈനലിലെത്തുന്നതിൽ ഞങ്ങൾ സന്തോഷമുണ്ട്. ചിലർ അത് മതിയെന്ന് കാണുന്നുണ്ടെങ്കിൽ ഞാൻ സമ്മതിക്കില്ല' - ഫ്രാൻസിനെതിരായ സെമി ഫൈനലിന് മുമ്പ് നടത്തിയ വാർത്താ സമ്മേളനത്തിൽ റെഗ്റാഗ്വി പറഞ്ഞു.

'നിങ്ങൾ സെമിയിലെത്തുകയും എന്നിട്ട് നിങ്ങൾക്ക് വിശക്കുന്നില്ലെങ്കിൽ അതിൽ പ്രശ്നമുണ്ട്. ടൂർണമെൻറിലെ ഏറ്റവും മികച്ച ടീമായ ബ്രസീൽ ഇതിനകം പുറത്തായി. ഞങ്ങൾ അതിമോഹമുള്ള ടീമാണ്. ഞങ്ങൾക്ക് വിശക്കുന്നുണ്ട്. പക്ഷേ അത് മതിയാകുമോ എന്ന് എനിക്കറിയില്ല' - മൊറോക്കൻ പരിശീലകൻ വ്യക്തമാക്കി. ലോകകപ്പിെൻറ അവസാന നാലിൽ ഇടം നേടുന്ന ആദ്യ ആഫ്രിക്കൻ, അറബ് ടീമാണ് മൊറോക്കോ.

ആഫ്രിക്ക ലോകത്തിെൻറ നെറുകയിലെത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. പക്ഷേ മുന്നേറുന്നതിന് ഞങ്ങൾ ശക്തരായിരിക്കണം. ഞങ്ങൾ ഫേവറിറ്റുകളല്ല. എന്നാൽ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. ഒരുപക്ഷേ അത് എന്നിൽ ഭ്രാന്ത് ഉണ്ടാക്കാം. കുറച്ച് ഭ്രാന്തൊക്കെ നല്ലതാണ്. ഞങ്ങൾ ക്ഷീണിതരാണെന്ന് എല്ലാവരും കരുതുന്നുണ്ടാകും. അത് അവസാന ഗെയിമാണെന്നും എല്ലാവരും പറയുന്നുണ്ടാകും. എന്നാൽ, ഞാൻ പറയുന്നു, ഞങ്ങൾക്ക് കൂടുതൽ വിശക്കുന്നുണ്ട്. കൂടുതൽ ആഗ്രഹിക്കുന്നു.

ബെൽജിയത്തെ പരാജയപ്പെടുത്തി ഗ്രൂപ്പിൽ നിന്നും ഒന്നാമതായെത്തിയ മൊറോക്കോ, നോക്കൗട്ട് റൗണ്ടിൽ സ്പെയിനിനെയും പോർച്ചുഗലിനെയും പരാജയപ്പെടുത്തിയാണ് സെമിയിലെത്തിയതെന്ന് ഫ്രഞ്ച് കോച്ച് ദെഷാംപ്സിനെ ഓർമ്മിപ്പിക്കാനും അദ്ദേഹം മറന്നില്ല. 'ഏറ്റവും ദുഷ്കരമായ വഴികൾ താണ്ടിയാണ് സെമിയിലെത്തിയിരിക്കുന്നത്. ഓരോ റൗണ്ടിലും ഞങ്ങൾ പുറത്താകുമെന്ന് ജനങ്ങൾ കരുതിയിരുന്നു. എന്നാൽ ഞങ്ങൾ ഇവിടെത്തന്നെയുണ്ട്. അവസാന ശ്വാസം വരെ പോരാടാൻ ഞങ്ങളിറങ്ങുകയാണ്' -അദ്ദേഹം വ്യക്തമാക്കി.

പ്രതിരോധത്തിലെ പ്രധാനിയായ റൊമെയ്ൻ സെയ്സ് ഉൾപ്പെടെ മൊറോക്കോ ടീമിൽ പരിക്ക് സംബന്ധിച്ച് വലിയ ആശങ്കയുണ്ടെന്നും എന്നാൽ അവരുടെ ഫിറ്റ്നസ് സംബന്ധിച്ച് ഇതുവരെ തീരുമാനത്തിലെത്തിയിട്ടില്ലെന്നും റെഗ്റാഗി പറഞ്ഞു. നിരവധി പരിക്കുകൾ ഞങ്ങൾക്കിടയിലുണ്ട്. എന്നാൽ കഠിനാധ്വാനം ചെയ്യുന്ന മികച്ച മെഡിക്കൽ സ്റ്റാഫുണ്ട്. അവർ എല്ലാ ദിവസവും നല്ല വാർത്തകളുമായാണ് വരുന്നത്. അവസാന സമയം വരെ ഞങ്ങൾ കാത്തിരിക്കും. അത് ചെയ്യാനുള്ള മിടുക്ക് ഞങ്ങൾക്കുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Morocco wants more; Will not be satisfied with the semi -Regragui

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.