ദോഹ: 'ഹകീം സിയാഷ്, അവനെ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ്. അവനൊരു േക്രസി പയ്യനാണ്' - പറയുന്നത് മറ്റാരുമല്ല, മൊറോക്കോയുടെ പരിശീലകൻ വലിദ് റെഗ്റാഗ്വിയാണ്.
ഗ്രൂപ്പ് എഫിൽ രണ്ടാമത്തെ മത്സരത്തിൽ ലോക റാങ്കിംഗിൽ രണ്ടാമതുള്ള ബെൽജിയത്തിനെതിരെ അറ്റ്ലസ് ലയൺസിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ച് മാൻ ഓഫ് ദി പ്ലെയർ ബഹുമതി നേടിയിരിക്കുകയാണ് ഹകീം സിയാഷെന്ന 29കാരൻ. രണ്ട് മാസം മുമ്പ് വരെ ഖത്തറിലേക്കുള്ള ലോകകപ്പ് ടീമിൽ ഉണ്ടാകുകയില്ലെന്ന് ഫുട്ബോൾ ലോകം വിധിയെഴുതിയ ഹകീം സിയാഷ്, ലോകകപ്പിൽ അവരുടെ സുപ്രധാന വിജയത്തിൽ പങ്കാളിയായി കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.
മൊറോക്കോയുടെ മുൻ പരിശീലകൻ വഹീദ് ഹലീൽ ഹോഡ്സിക്കുമായുള്ള അഭിപ്രായ ഭിന്നതകൾ കാരണം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച താരമായിരുന്നു സിയാഷ്. എന്നാൽ ടീമിെൻറ പ്രകടനത്തിൽ തൃപ്തി വരാത്ത മാനേജ്മെൻറ് ബോസ്നിയനായ ഹലീൽ ഹോഡ്സിക്കിനെ പുറത്താക്കുകയും വലീദ് റെഗ്റാഗ്വിയെ പുതിയ പരിശീലകനായി നിയമിക്കുകയും ചെയ്തതോടെ വിരമിക്കൽ തീരുമാനം സിയാഷ് പുന:പരിശോധിക്കുകയായിരുന്നു.
1998ൽ ഫ്രാൻസ് ലോകകപ്പിൽ സ്കോട്ട്ലാൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയതിന് ശേഷമുള്ള മൊറോക്കോയുടെ ലോകകപ്പിലെ ആദ്യ വിജയത്തിന് കൂടിയായിരുന്നു ഞായറാഴ്ച തുമാമ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മത്സരത്തിെൻറ അവസാന നിമിഷം സകരിയ അബൂഖ്ലാലിന് ഗോളിലേക്ക് വഴിയൊരുക്കിയ പാസും ഹകീമിെൻറ വകയായിരുന്നു. നേരത്തെ ഫ്രീക്കിക്കിൽ നിന്നും ഗോൾ നേടിയെങ്കിലും 'വാർ' ഗോളിനെ നിഷേധിച്ചു.
1993ൽ ജനിച്ച സിയഷിെൻറ പിതാവ് ഡച്ചുകാരനും മാതാവ് മൊറോക്കോക്കാരിയുമായിരുന്നു. ഏഴ് മക്കളിൽ ഏറ്റവും ഇളയവൻ. ചെറുപ്പം മുതൽ തന്നെ മറ്റുള്ളവരുമായി ഉടക്കുന്ന സ്വഭാവം സിയാഷിനുണ്ടായിരുന്നുവെന്ന് അടുപ്പക്കാർ പറയുന്നത്. സഹോദരൻ ഫൗസി സിയാഷിനൊപ്പം അഞ്ചാം വയസ്സ് മുതൽ തെരുവിൽ പന്ത് തട്ടിയാണ് ഹകിമിലെ ഫുട്ബാളർ വളരുന്നത്. സിയാഷിെൻറ 10ാം വയസ്സിൽ പിതാവ് മരണമടഞ്ഞതോടെ ജീവിതം വഴിമുട്ടി. 14ാം വയസ്സ് മുതൽ മുന്നോട്ടുള്ള ജീവിതത്തിന് ഫുട്ബോൾ തെരഞ്ഞെടുക്കുകയും എസ്.സി ഹീരൻവീനിൽ പരിശീലനം ആരംഭിക്കുകയും ചെയ്തു.
പരിശീലനത്തിന് സ്ഥിരമായി വരാതിരുന്നതും സഹതാരങ്ങളുമായി ഉടക്കുന്നത് പതിവാക്കിയതും ഹക്കീം സിയാഷിന് വിനയായി. അദ്ദേഹം പുറത്താക്കപ്പെട്ടു. ഡച്ച് പ്രീമിയർ ലീഗിൽ (എറെഡിവൈസി) പന്ത് തട്ടിയ ആദ്യ മൊറോക്കൻ െപ്രാഫഷണൽ താരമായ അസിസ് ദൗഫികർ ഹകീമിനെ കണ്ടിട്ടില്ലായിരുന്നെങ്കിൽ നന്നെ ചെറുപ്പത്തിൽ ഫുട്ബോൾ കരിയർ അവസാനിപ്പിക്കേണ്ടി വന്നവരിൽ അവനും ഉൾപ്പെടുമായിരുന്നു. ദൗഫിക്കറിെൻറ ശുപാർശയിൽ സിയാഷ് വീണ്ടും ഹീരൻവീനിൽ ചേർന്നു.
2012ൽ ഹീരൻവീനിന് വേണ്ടി എറെഡിവൈസിൽ അരങ്ങേറി. ഹീരൻവീനിൽ നിന്നും എഫ്.സി ട്വെൻറിയിലെത്തിയ മധ്യനിര താരം രണ്ട് വർഷത്തെ കരാർ അവസാനിപ്പിച്ച് 2016ൽ എഫ്.സി അയാക്സിലെത്തി. എറിക് ടെൻ ഹാഗിന് കീഴിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഹകീം ഡച്ച് ലീഗ്, യൂറോപ്പ ലീഗ്, ചാമ്പ്യൻസ് ലീഗ് എന്നിവയിൽ ക്ലബിന് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുത്തു. 2020 മുതൽ ചെൽസിക്ക് വേണ്ടി കളിക്കുന്ന താരം അയാക്സിന് വേണ്ടി 38 ഗോളുകളും ചെൽസിക്കായി 51 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകളും നേടിയിട്ടുണ്ട്.
നെതർലാൻഡ്സിെൻറ അണ്ടർ 21 ടീമിനായി പന്ത് തട്ടിയ സിയഷ് 2015ൽ മൊറോക്കൻ പൗരത്വം നേടി ദേശീയ ടീമിലിടം നേടി. 44 മത്സരങ്ങളിൽ നിന്ന് 18 ഗോളുകളും അറ്റ്ലസ് ലയൺസിനായി താരം സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.