പോർചുഗലിനെതിരായ മൊ​റോ​ക്കോ​യു​ടെ വി​ജ​യാ​ഘോ​ഷം ഗാലറിയിൽ

മഗ്‍രിബ് ചുവപ്പിലുദിച്ച അറേബ്യൻ രാവ്

ദോഹ: വടക്ക് പടിഞ്ഞാറൻ ആഫ്രിക്കയിലെ അറബ് രാഷ്ട്രങ്ങൾ മഗ്രിബ് രാജ്യങ്ങൾ എന്നാണ് അറി‍യപ്പെടുന്നത്. ഇതിലുൾപ്പെട്ടതാണ് ഖത്തറിൽ ലോകത്തെ അതിശയിപ്പിച്ചുകൊണ്ടിരിക്കുന്ന മൊറോക്കോ. കഴിഞ്ഞ രാത്രി പറങ്കിക്കോട്ടകൾ ഭേദിച്ച് യൂസുഫ് അന്നസീരിയുടെ ഹെഡർ പോർചുഗൽ വലയിലേക്ക് പറന്നിറങ്ങിയ നിമിഷം അൽ തുമാമ സ്റ്റേഡിയത്തിലെ വി.ഐ.പി ഗാലറിയിൽ ഖത്തർ ഭരണാധികാരി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി മക്കളെ ചേർത്തുപിടിച്ച് മുത്തം നൽകി സന്തോഷം പ്രകടിപ്പിച്ചു.

ശേഷം, ബാൽക്കണിയിൽ നിന്നും മുന്നോട്ടിറങ്ങി മൊറോക്കോ ദേശീയപതാക പാറിച്ച് ആഘോഷങ്ങൾ തുടർന്നു. ലോങ് വിസിൽ മുഴങ്ങിയതിനു പിറകെ, മൊറോക്കോ രാഷ്ട്രത്തലവൻ മുഹമ്മദ് ആറാമൻ രാജാവിനെ തേടി യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ അഭിനന്ദന സന്ദേശമെത്തി. ആഫ്രിക്കൻ നേഷൻസ് മേധാവികളും അറബ് രാഷ്ട്രത്തലവന്മാരുമെല്ലാം മൊറോക്കോയുടെ വിജയങ്ങൾ തങ്ങളുടേത് കൂടിയായി പ്രഖ്യാപിച്ചു.

അതേ, ദോഹയുടെ മണ്ണിലെ അൽ തുമാമ സ്റ്റേഡിയത്തെ ഭാഗ്യമൈതാനമാക്കി കുതിക്കുന്ന മൊറോക്കോ ഇപ്പോൾ അറബ് ആഫ്രിക്കൻ നാടിന്റെ അഭിമാനമാണ്.ലോകഫുട്ബാളിന്റെ ആകാശത്ത് അറേബ്യൻ ഫുട്ബാൾ വസന്തമായി പൂത്തുലഞ്ഞ രാത്രിയിൽ ആഘോഷങ്ങൾക്ക് അതിരുകളില്ല. ലോകകപ്പിലെ ഒരോ ജയങ്ങൾക്കും പിന്നാലെ, ഖത്തറിൽ ഒത്തുകൂടിയ മൊറോക്കോ ഫുട്ബാൾ ആരാധകർ തുടങ്ങിയ ആഘോഷങ്ങൾ മെട്രോ സ്റ്റേഷനും സൂഖ് വാഖിഫും ദോഹ കോർണിഷും കടന്ന് പടരുന്നു.

ശനിയാഴ്ച രാത്രി അൽ തുമാമ സ്റ്റേഡിയത്തിൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നയിച്ച പോർചുഗലിനെ 1-0ത്തിന് തോൽപിച്ച് മൊറോക്കോ സെമി ഫൈനലിൽ കടന്നതിനു പിന്നാലെ, കളിയാരാധകരുടെ ഉത്സവങ്ങൾ ദോഹയിലും റബാതയിലും കസാബ്ലാങ്കയിലും മാത്രമായി ഒതുങ്ങുന്നില്ല. കഴിഞ്ഞ രാത്രിയിൽ ദുബൈയിലും റിയാദിലും കൈറോയിലും ഗസ്സയിലും ലിബിയയിലുമെല്ലാം മൊറോക്കോ ദേശീയ പതാകയുമായി നാട്ടുകാരും സ്വന്തക്കാരുമെല്ലാം തെരുവിലിറങ്ങി തുടങ്ങി.

ദുബൈയിലെ ബുർജ് ഖലീഫയിൽ മൊറോക്കോയുടെ ചുവപ്പിൽ പച്ച നക്ഷത്രഅടയാളമുള്ള പതാകകൾ തെളിഞ്ഞു. നിരത്തിലിറങ്ങിയ ആരാധകർ വാഹനങ്ങളുടെ മേൽക്കൂരനീക്കി അറബ് വിജയം ഉദ്ഘോഷിക്കുന്ന പാട്ടുകൾ പാടി തെരുവ് കീഴടക്കി. ഖത്തറിനും മൊറോക്കോക്കും പുറമെ, പല ആഫ്രിക്കൻ അറബ് രാജ്യങ്ങളിലും കഴിഞ്ഞ രാത്രിയിലെ ചരിത്രവിജയം നിലക്കാത്ത ആഘോഷമായി മാറി.

ആദ്യമായി ഒരു ആഫ്രിക്കൻ ടീമിന്റെ ലോകകപ്പ് സെമിഫൈനൽ പ്രവേശനത്തെ ചരിത്ര നിമിഷമെന്നായിരുന്നു മുൻ ഐവറി കോസ്റ്റ് ഇതിഹാസം ദിദിയർ ദ്രോഗ്ബ വിശേഷിപ്പിച്ചത്. 'അവർ അത് പൂർത്തിയാക്കി... വെൽഡൺ മൊറോക്കോ. ആഫ്രിക്ക നീണാൾവാഴട്ടെ... മറ്റു വൻകരകളുമായി ഫുട്ബാൾ കളത്തിൽ മാറ്റുരക്കാൻ കഴിയുമെന്ന് മൊറോക്കോയിലൂടെ ആഫ്രിക്കയും തെളിയിച്ചു' -ദ്രോഗ്ബ പറഞ്ഞത് ഇങ്ങനെയായിരുന്നു.

മൊറോക്കോ മിറാക്ക്ൾ

ലോകകപ്പിൽ ക്രൊയേഷ്യയും ബെൽജിയവും കാനഡയും മത്സരിച്ച ഗ്രൂപ് റൗണ്ടിൽ അവസാന സ്ഥാനം മാത്രമായിരുന്നു മൊറോക്കോക്ക് പ്രവചിച്ചത്. റാങ്കിങ്ങിൽ രണ്ടാം സ്ഥാനക്കാരായ ബെൽജിയം, നിലവിലെ റണ്ണേഴ്സ് അപ്പ് ക്രൊയേഷ്യ, അൽഫോൺസോ ഡേവീസിന്റെ മിടുക്കിലെത്തുന്ന കാനഡ എന്നിവരായിരുന്നു പ്രവചനക്കാരുടെ പട്ടികയിൽ ഇടം പിടിച്ചത്.ഫിഫ റാങ്കിങ്ങിൽ 22ാം റാങ്കിലുള്ളവരെ എഴുതിത്തള്ളാൻ മറ്റു കാരണങ്ങളുമുണ്ടായിരുന്നു.

പന്തുരുളാൻ ഏതാനും മാസം മാത്രം ബാക്കിനിൽക്കെ കോച്ചിനെ മാറ്റിയതും, ഹകിം സിയേഷിന്റെ വിരമിക്കൽ പ്രഖ്യാപനവുമെല്ലാമായി പ്രതിസന്ധിയിലായവർ ആഫ്രിക്കൻ നേഷൻസ് കപ്പിൽ വരെ നിരാശപ്പെടുത്തി. എന്നാൽ, പുതിയ പരിശീലകൻ വാലിദ് റഗ്റോഗിയിലൂടെ തുടങ്ങിയ വിജയക്കുതിപ്പാണ് കിരീട സ്വപ്നവുമായെത്തിയ വമ്പന്മാരെ കാഴ്ചക്കാരായി സെമി വരെയെത്തിച്ചത്. അഷ്റഫ് ഹക്കീമി, ഹകിം സിയേഷ് എന്നിവർക്ക് പുറമെ, യാസീൻ ബൗനു, സുഫ്യാൻ അംറബാത്ത്, അബ്ദുൽ ഹമിദ് സാബിരി തുടങ്ങി യൂറോപ്യൻ ലീഗുകളിലെ താരങ്ങൾ ആരാധകരുടെ മനസ്സിലേക്കും ഫ്രീകിക്ക് ഷോട്ടിന്റെ അഴക് പോലെ ഇടിച്ചു കയറി.

ഗാലറി ചുവപ്പണിയുന്നു

ഗ്രൂപ് റൗണ്ടിലെ മത്സരം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റെടുത്താണ് മൊറോക്കോക്കാരനായ സുഫ്യാൻ അഹമ്മദും കൂക്കുകാരും പാരീസിൽ നിന്നും ദോഹയിലെത്തിയത്. എന്നാൽ, ടീം പ്രീക്വാർട്ടറിലെത്തിയതോടെ ഏഴു പേരുടെ സംഘം മടക്ക യാത്ര മാറ്റിവെച്ചു. ഡിസംബർ 15ന് നാട്ടിലേക്ക് മടങ്ങാനായിരുന്നു തീരുമാനിച്ചതെങ്കിലും ഇനി ലോകകപ്പ് ഫൈനലും കഴിഞ്ഞേ മടക്കമുള്ളൂവെന്ന് അദ്ദേഹം പറയുന്നു.

ടീമിന്റെ ഗ്രൂപ് പോരാട്ടങ്ങൾ പിന്തുണയുമായെത്തിയ ഒരുപാട് മൊറോക്കോക്കാരുടെ പ്രതിനിധി മാത്രമാണ് സുഫ്യാൻ. നോക്കൗട്ടിലെ ഓരോ കുതിപ്പിനു പിന്നാലെ, പതിനായിരങ്ങളാണ് ഇതിനകം ദോഹയിലെത്തിയത്. ഇവർക്ക് പുറമെ പിന്തുണയുമായി ഇതര അറബ്, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള കാണികൾ കൂടി ചേർന്നതോടെ ഖത്തർ ലോകകപ്പിൽ ആതിഥേയ കരുത്തരായ മൊറോക്കോ മാറിയിരിക്കുന്നു.

Tags:    
News Summary - Morocco's semi-final entry: A victory for the Arab world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.