ദോഹ: ഒരു കുഞ്ഞു രാജ്യത്ത് നടക്കുന്ന കാൽപന്ത് മാമാങ്കത്തിൽ കളി കാണാൻ എത്തുന്ന ലക്ഷക്കണക്കിന് ആരാധകരെ കൃത്യസമയത്ത് മത്സരം കാണിക്കാൻ എത്തിക്കാനാവുമോ എന്ന ആശങ്ക ഒട്ടും ഇല്ലാതാക്കിയാണ് ലോകകപ്പിലെ മുവാസലാത്ത്-കർവ യാത്രാ സേവനം. കളിയുത്സവം ആദ്യ റൗണ്ട് പൂർത്തിയായി മുന്നേറുമ്പോൾ യാത്ര സൗകര്യങ്ങളിൽ ഹാപ്പിയാണ് ആരാധകർ.
മെട്രോ സ്റ്റേഷനുകളേയും ഫാൻ സോണുകളെയും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച മാച്ച് റൂട്ടുകളിൽ ആരാധകർ അനായാസം സ്റ്റേഡിയങ്ങളിൽ കളികാണാൻ എത്തുന്നു.
മെട്രോ ഷട്ടിൽ ബസിലാണ് ആരാധകരിൽ അധികപേരും എത്തുന്നത്. മെട്രോ നേരിട്ട് ഇല്ലാത്ത ജനൂബ് സ്റ്റേഡിയത്തിലേക്ക് വക്റ സ്റ്റേഷനിൽ നിന്നും തുമാമ സ്റ്റേഡിയത്തിലേക്ക് ഫ്രീസോണിൽ നിന്നും അൽ ബൈത്ത് സ്റ്റേഡിയത്തിലേക്ക് ലുസൈലിൽ നിന്നുമാണ് ബസ് സർവീസ്.
ഒപ്പം അൽബിദ ഫിഫ ഫാൻ ഫസ്റ്റ്, സൂഖ് വാഖിഫ്, ബർവ മദീനത്ത്ന, ബറാഅത്തുൽ ജനുബ് എന്നീ ഫാൻ സോണുകളിൽ നിന്നും സ്റ്റേഡിയത്തിലേക്ക് ആരാധകർക്ക് സൗജന്യമായി മുവാസലാത്ത് ബസ് ഒരുക്കിയിരിക്കുന്നു.
കാണികളുടെ താമസ സ്ഥലങ്ങളിൽ നിന്നും ക്രൂസ് ഷിപ്പുകളിലേക്കും, സ്റ്റേഡിയങ്ങളിലേക്കുമെല്ലാം യാത്ര സൗകര്യമുണ്ട്. അൽ ബിദയിലെ ഫിഫ ഫാൻ ഫെസ്റ്റ് വേദിയിൽ നിന്നും മടങ്ങുന്ന യാത്രക്കാർക്ക് വിവിധ ഇടങ്ങളിലേക്കും സർവീസുണ്ട്.
ഒരു ദിവസം രണ്ടു മത്സരങ്ങൾ കാണാനുള്ള ഭാഗ്യം ലഭിച്ചതിലുളള സന്തോഷവും ആരാധകരിൽ കാണാം. ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ദിവസം രണ്ടു കളികൾ ആരാധകർക്ക് അനായാസമായി കാണാൻ അവസരം ഒരുങ്ങിയത്. സ്റ്റേഡിയം ബസ് മാളിൽ നിന്ന് നേരിട്ട് അടുത്ത മത്സര വേദിയിലേക്ക് ബസ് സർവീസ് ഉണ്ടാവും. ഇലക്ട്രിക് ബസുകൾ ഉൾെപ്പടെ മൂവായിരത്തോളം ബസുകളാണ് ആരാധകർക്കായി നിരത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.