കിക്കോഫ് വിസിൽ മുഴങ്ങി തുടക്കത്തിലേ ഗോളടിച്ച് അതിവേഗം കളി കൈയിലായ ആത്മവിശ്വാസത്തിൽ നിന്ന ഡച്ചുകാരെ ലാറ്റിൻ അമേരിക്കൻ തന്ത്രങ്ങളിൽ പിടിച്ചുകെട്ടി എക്വഡോർ. കോഡി ഗാക്പോ അഞ്ചാം മിനിറ്റിൽ നേടിയ ഗോളിന് ആദ്യ പകുതിയിൽ മുന്നിൽ നിന്ന നെതർലൻഡ്സിനെ ഇടവേളക്കു ശേഷം എന്നർ വലൻസിയയിലൂടെ തിരിച്ചടിച്ചാണ് വിലപ്പെട്ട ഒരു പോയിന്റ് എക്വഡോർ സ്വന്തമാക്കിയത്. ഇതോടെ രണ്ടു കളികളിൽ രണ്ടു ടീമുകൾക്കും നാലു പോയിന്റ് വീതമായി. ഗ്രൂപിൽ അത്രയും കളി പൂർത്തിയാക്കിയ സെനഗാൾ ഒരു ജയവുമായി മൂന്നു പോയിന്റ് നേടിയിട്ടുണ്ട്. രണ്ടു കളികളും തോറ്റ ഖത്തറിന് പോയിന്റൊന്നുമില്ല.
ആതിഥേയരായ ഖത്തറിനെതിരെ കഴിഞ്ഞ ദിവസം മൈതാനം അടക്കിഭരിച്ച് ജയവുമായി മടങ്ങിയ ലാറ്റിൻ അമേരിക്കൻ സംഘത്തെ വരച്ചവരയിൽ പൂട്ടിയായിരുനു നെതർലൻഡ്സിന്റെ തുടക്കം. കിക്കോഫ് മുതൽ വലകോർത്ത നീക്കങ്ങളുമായി പതിയെ കളിച്ച് ഗാലറിയെ ആവേശത്തിലാഴ്ത്തിയ ഡച്ചുകാർ ആറാം മിനിറ്റിൽ കോഡി ഗാക്പോയിലൂടെ മുന്നിലെത്തി. ഡച്ചു മുന്നേറ്റം തടഞ്ഞ് സ്വന്തം പെനാൽറ്റി ഏരിയയിൽ സഹതാരത്തിന് ക്വഡോർ താരം നൽകിയ പാസ് ഉന്നം തെറ്റിയതാണ് ഗോളിൽ കലാശിച്ചത്. കാത്തുനിന്ന
ഗാക്പോ അതിവേഗം നിയന്ത്രണത്തിലാക്കി ഇടതുകാൽ കൊണ്ട് പോസ്റ്റിന്റെ ഇടതു മോന്തായത്തിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലും ടീമിന്റെ വിജയം ഉറപ്പാക്കിയ ഗാക്പോ സഹതാരം ക്ലാസനൊപ്പം പിന്നെയും മനോഹര നീക്കങ്ങളുമായി അപകടം വിതച്ചു.
മറുവശത്ത്, ഗോൾവീണ ഞെട്ടൽ വിട്ട എക്വഡോർ എതിർവല കുലുക്കാൻ അതിവേഗം ഓടിനടന്നത് ഡച്ചുപടയെ മുൾമുനയിലാക്കി. എന്തും സംഭവിക്കാമെന്ന ആകാംക്ഷക്കൊടുവിൽ ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് എക്വഡോർ വല കുലുക്കി. ഡച്ചുകാർക്കെതിരെ ലഭിച്ച കോർണർ കിക്ക് തുടക്കത്തിൽ അപകടമൊഴിവാക്കിയെങ്കിലും നേരെ വീണുകിട്ടിയത് എക്വഡോർ താരം പെർവിസ് എസ്റ്റുപിനാന്റെ കാലുകളിൽ. അവസരം കളയാതെ പോസ്റ്റിൽ അടിച്ചുകയറ്റിയെങ്കിലും റഫറി ഗോൾ നിഷേധിച്ചു. പന്ത് ഗോളിലേക്കുള്ള വഴിയിൽ ഓഫ്സൈഡായ ജാക്സൺ പൊറോസോയുടെ സാന്നിധ്യമായിരുന്നു കാരണം. ഇതിനെതിരെ എക്വഡോർ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല.
ആക്രമണത്തിന് മൂർച്ച കൂട്ടാൻ മെംഫിസ് ഡീപെയെ വിളിച്ചാണ് രണ്ടാം പകുതിയിൽ ലൂയി വാൻ ഗാൽ ഡച്ചുപടയെ അവതരിപ്പിച്ചത്. റഫറി നിഷേധിച്ച ഗോൾ അടിച്ചുനേടാൻ എക്വഡോറും ശ്രമങ്ങൾ ഊർജിതമാക്കിയതോടെ കളി മൂർച്ച കൂടി. പിന്നീടെല്ലാം എളുപ്പത്തിലായിരുന്നു. ഇളമുറക്കാരുടെ സംഘമായ ലാറ്റിൻ അമേരിക്കക്കാരെ അനുഭവം കൊണ്ട് നേരിടാനുള്ള ഡച്ചുനീക്കങ്ങൾക്ക് അതിവേഗം അടിയേറ്റു. 49ാം മിനിറ്റിൽ എക്വഡോർ മറുപടി പിറന്നു. ഖത്തറിനെതിരെ രണ്ടുവട്ടം വലകുലുക്കി ഹീറോയായ എന്നർ വലൻസിയ തന്നെയായിരുന്നു ഇത്തവണയും സ്കോറർ. എക്വഡോർ ലോകകപ്പിൽ അവസാനമായി നേടിയ ആറു ഗോളും ഒരേ ബൂട്ടിൽനിന്നെന്ന ചരിത്രം കൂടി സ്വന്തം പേരിലാക്കിയായിരുന്നു താരത്തിന്റെ കിടിലൻ ഗോൾ. മുമ്പ് പോർച്ചുഗലിനായി യുസേബിയോയും ഇറ്റലിയുടെ പൗളോ റോസിയും അവസാനം റഷ്യൻ താരം ഒലെഗ് സാലെങ്കോയും മാത്രമാണ് ഈ നേട്ടം മുമ്പ് സ്വന്തമാക്കിയവർ.
മധ്യനിരയിൽ തുടക്കമിട്ട് അതിവേഗം എതിർ ബോക്സിലേക്ക് ഇരച്ചുകയറുന്ന എക്വഡോർ തന്ത്രത്തിനു മുന്നിൽ പലപ്പോഴും ഡച്ചുകാർ മറുപടിയില്ലാതെ ഉഴറി.
ഗോൾവലക്കരികെ വാതിലിൽ മുട്ടി പിന്നെയും അലമാല കണക്കെ എത്തിയ എതിർ നീക്കങ്ങളിൽ വാൻ ഡൈകും സംഘവും പതറുന്ന കാഴ്ച പലവട്ടം കണ്ടു. പേരുകേട്ട വാൻ ഗാലിന്റെ കുട്ടികളെ ഒരിക്കലും മേയാൻ വിടാതെ പിന്തുടർന്ന എക്വഡോർ കളിക്കൂട്ടം 58ാം മിനിറ്റിൽ ഗോളിനരികിലെത്തിയെങ്കിലും നിർഭാഗ്യം വഴിമുടക്കി. ഡബ്ൾ തികക്കാൻ എത്തിയ വലൻസിയയെ പ്രതിരോധിച്ച് വാൻ ഡൈക് അപകടമൊഴിവാക്കിയെന്നു തോന്നിച്ചെങ്കിലും പന്ത് നേരെ എത്തിയത് എക്വഡോർ താരം ഗൊൺസാലോ പ്ലാറ്റയുടെ കാലുകളിൽ. മൂളിപ്പറന്ന കിടിലൻ ഷോട്ട് ഗോളിയെ സ്തബ്ധനാക്കിയെങ്കിലും ക്രോസ്ബാറിൽ തട്ടി മടങ്ങി. തൊട്ടുപിറകെ ഒരിക്കലൂടെ വലൻസിയയും കൂട്ടരും എത്തി. ഇത്തവണ പന്തു കാലുകളിൽ കിട്ടിയ മൈക്കൽ എസ്ട്രാഡ ഗോളിലേക്കു പായിക്കാൻ വൈകിയതോടെ പന്ത് ഡച്ച് ഗോളി ആൻഡ്രിയസ് നോപ്പർട്ട് കൈകളിലൊതുക്കി.
74ാം മിനിറ്റിൽ ഗാക്പോ വീണ്ടും ഗോൾ നേടിയെന്നു തോന്നിച്ചു. പ്രതിരോധ നിരയെ കടന്ന് അതിവേഗം ഓടിയെത്തിയ താരത്തിനു മുന്നിൽ എക്വഡോർ ഗോളി മാത്രം മുന്നിൽ. ഗോളിക്കു മുകളിലൂടെ ചിപ്പ് ചെയ്ത പന്ത് പക്ഷേ, പോസ്റ്റിനു പുറത്തേക്കുപോയി.
അതിനിടെ, അപകടകാരിയായ വലൻസിയ പരിക്കേറ്റു വീണത് എക്വഡോർ ക്യാമ്പിൽ ആധി പരത്തി. റഫറി വിസിൽ മുഴക്കാത്തതിനാൽ പിന്നെയും ഡച്ചുപടി കളി തുടർന്നെങ്കിലും ഒടുവിൽ റഫറി കനിഞ്ഞതോടെ ചികിത്സ ലഭ്യമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.