ദോഹ: സെർബിയക്കെതിരായ മത്സരത്തിൽ കാല്‍ക്കുഴക്ക് പരിക്കേറ്റ ബ്രസീലിയന്‍ സൂപ്പർ താരം നെയ്മർക്ക് അടുത്ത മത്സരം നഷ്ടമാകും. ഈമാസം 28ന് സ്വിറ്റ്സർലന്‍ഡിനെതിരെയാണ് ബ്രസീലിന്‍റെ അടുത്ത മത്സരം.
ആദ്യ മത്സരത്തിൽ സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോൽപിച്ച് കാനറികൾ ലോകകപ്പിൽ വരവറിയിച്ചിരുന്നു. അടുത്ത മത്സരവും ജയിച്ച് പ്രീക്വാർട്ടർ ഉറപ്പിക്കാനുള്ള ബ്രസീലിയന്‍ മോഹങ്ങള്‍ക്കാണ് നെയ്മറുടെ പരിക്ക് തിരിച്ചടിയായത്. നെയ്മറുടെ സ്‍കാനിങ് റിപ്പോർട്ട് സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
കാമറൂണിനെതിരായ ഗ്രൂപിലെ അവസാന മത്സരത്തിലും പി.എസ്.ജി താരത്തിന്‍റെ സാന്നിധ്യം ഉറപ്പിക്കാനായിട്ടില്ല. മത്സരം പൂര്‍ത്തിയാവാന്‍ 11 മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെയാണ് പരിക്കേറ്റ കാലുമായി മുടന്തി നെയ്മര്‍ വേദനയോടെ മൈതാനം വിട്ടത്. നെയ്മറുടെ കാല്‍ക്കുഴയില്‍ നീര് വന്നിരിക്കുന്ന ചിത്രങ്ങള്‍ പിന്നീട് പുറത്തുവന്നിരുന്നു.
നെയ്മറുടെ കാലില്‍ നീര്‍ക്കെട്ടുണ്ടെന്നും സ്‍കാനിങ് വേണ്ടിവരുമെന്നും ബ്രസീല്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മാര്‍ വ്യക്തമാക്കിയിരുന്നു. ബ്രസീല്‍-സെർബിയ കളിയുടെ അവസാന നിമിഷങ്ങളില്‍ വേദന കാരണം സൈഡ് ബെഞ്ചില്‍ കണ്ണടച്ചിരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പിന്നീട് മുടന്തിയാണ് നെയ്മര്‍ ഡ്രസിങ് റൂമിലേക്ക് പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.