ദോഹ: ബ്രസീൽ സൂപ്പർ താരം നെയ്മറിന്റെ പരിക്കിനെ കുറിച്ച് ഇപ്പോൾ പറയാനാവില്ലെന്ന ടീം ഡോക്ടർ റോഡ്രിഗ്രോ ലാസ്മർ. വലത് കണങ്കാലിനാണ് നെയ്മറിന് പരിക്കേറ്റിരിക്കുന്നത്. 24 മുതൽ 48 മണിക്കൂറിന് ശേഷം എം.ആർ.ഐ സ്കാനിങ്ങിലൂടെ മാത്രമേ പരിക്ക് വിലയിരുത്താനാവു. ഇപ്പോൾ നമുക്ക് കാത്തിരിക്കാം. പരിക്ക് വിലയിരുത്തുന്നതിന് മുമ്പുള്ള നിഗമനങ്ങൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പരിക്കിന് ശേഷവും 11 മിനിറ്റ് നെയ്മർ കളിക്കളത്തിൽ തുടർന്നിരുന്നു. പിന്നീട് കളിക്കാനാവാതെ വന്നതോടെയാണ് അദ്ദേഹത്തെ പിൻവലിച്ചതെന്നും ടീം ഡോക്ടർ വ്യക്തമാക്കി. മത്സരത്തിന് പിന്നാലെ നടന്ന വാർത്തസമ്മേളനത്തിൽ ടൂർണമെന്റ് മുഴുവൻ നെയ്മറുണ്ടാവുമെന്ന് ബ്രസീൽ കോച്ച് ടിറ്റെ പ്രതീക്ഷ പ്രകടിപ്പിച്ചു. നെയ്മറെ ടീമിന് ആവശ്യമുള്ളതിനാലാണ് പരിക്കേറ്റിട്ടും അദ്ദേഹം കളിക്കളത്തിൽ തുടർന്നതെന്നും ടിറ്റെ പറഞ്ഞു.
100 ശതമാനം ശാരീരിക ക്ഷമതയോടെ നെയ്മറെ തങ്ങൾക്ക് വേണമെന്ന് സെർബിയക്കെതിരായ മത്സരത്തിൽ ബ്രസീലിനായി സ്കോർ ചെയ്ത റിച്ചാലിസൺ പറഞ്ഞു. സെർബിയൻ താരം മിലെൻകോവിച്ചിന്റെ ടാക്ലിങ്ങിനിടെയാണ് നെയ്മറിന് കാലിന് പരിക്കേറ്റത്. പിന്നീട് നെയ്മറെ പിൻവലിച്ച് ബ്രസീൽ ആന്റണിയെ കളത്തിലിറക്കുകയായിരുന്നു.
ഖത്തർ ലോകകപ്പിൽ ബ്രസീൽ വിജയത്തോടെ പടയോട്ടം തുടങ്ങിയിരുന്നു. ഗ്രൂപ് ജിയിലെ മത്സരത്തിൽ കാനറികൾ എതിരില്ലാത്ത രണ്ടു ഗോളിനാണ് സെർബിയയെ തോൽപിച്ചത്. മുന്നേറ്റതാരം റിച്ചാലിസന്‍റെ (62, 73) ഇരട്ടഗോളിന്‍റെ കരുത്തിലായിരുന്നു ബ്രസീലിന്‍റെ ജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.