ക്രൊ​യേ​ഷ്യ​ക്കെ​തി​രാ​യ മ​ത്സ​രം തോ​റ്റ ശേ​ഷം ക​ര​ഞ്ഞ് മ​ട​ങ്ങു​ന്ന നെ​യ്മ​ർ

  

ഒബ്രിഗാദോ, ബ്ര​സീ​ൽ

ദോഹ: ആഘോഷമായി പെയ്തിറങ്ങിയ ആരവങ്ങൾക്ക് നടുവിൽ നിന്നും അയാൾ ഏകനായി കളമൊഴിയുകയാണ്. ഇതുവരെ ആഘോഷങ്ങളിലും ഉത്സവങ്ങളിലും അയാളായിരുന്നു നെടുന്തൂൺ. എതിർവല കുലുക്കി തന്റെ ശിഷ്യന്മാർ കുമ്മായവരക്കരികിലേക്ക് ഓടിയെത്തുമ്പോൾ അവർക്ക് നടുവിലിരുന്ന് നൃത്തം ചവിട്ട് ആഘോഷങ്ങളുടെ അമരക്കാരനായി. ശതകോടി ആരാധകരുടെ സ്വപ്നങ്ങളുടെ കപ്പിത്താനായി. എന്നാൽ, എല്ലാം ഒരു നിമിഷത്തിൽ വീണുടഞ്ഞ രാവായിരുന്നു ഖത്തർ കാത്തുവെച്ചത്.

പെനാൽറ്റി ഷൂട്ടൗട്ടിന്റെ അനിശ്ചിതത്വത്തിലേക്ക് നീണ്ട പോരാട്ടത്തിൽ 4-2ന് ക്രൊയേഷ്യ ജയിച്ചത് കാനറികളുടെ ഹൃദയം തകർത്തു. നിശ്ചിത സമയത്ത് ഗോൾരഹിതമായും അധികസമയത്ത് 1-1നും സമനിലയിൽ തീർന്നതിനെ തുടർന്നായിരുന്നു ഷൂട്ടൗട്ട്. ഷൂട്ടൗട്ടിൽ ക്രൊയേഷ്യക്കായി കിക്കെടുത്ത നികോള വ്ലാസിച്, ലോവ്റോ മായെർ, ലൂക മോഡ്രിച്, മിസ്‍ലാവ് ഒറിസിച് എന്നിവരെല്ലാം ലക്ഷ്യം കണ്ടു.

ബ്രസീലിനായി ആദ്യ കിക്കെടുത്ത റോഡ്രിഗോയുടെ ശ്രമം ക്രോട്ട് ഗോളി ഡൊമിനിക് ലിവകോവിച് തടുത്തപ്പോൾ നാലാം കിക്കെടുത്ത മാർക്വിന്യോസിന്റെ ഷോട്ട് പോസ്റ്റിലിടിച്ചു മടങ്ങി. അധിക സമയത്ത് (105+1) നെയ്മറിന്റെ ഗോളിലൂടെയാണ് ബ്രസീൽ മുന്നിലെത്തിയത്. 77ാം അന്താരാഷ്ട്ര ഗോളുമായി ഇതിഹാസ താരം പെലെയുടെ റെക്കോഡിനൊപ്പമെത്തി. 117ാം മിനിറ്റിൽ പകരക്കാരൻ ബ്രൂണോ പെറ്റ്കോവിചിന്റെ ഗോളിൽ ക്രൊയേഷ്യ ഒപ്പമെത്തി. ഇതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

ക്രൊയേഷ്യക്കെതിരായ ക്വാർട്ടർ ഫൈനലിന്റെ ആവേശപ്പോരാട്ടത്തിന്റെ ഷൂട്ടൗട്ടിൽ പ്രിയ ശിഷ്യന്മാരായ റോഡ്രിഗോയുടെയും മാർക്വിനോസിന്റെയും ഷോട്ടുകൾ ഉന്നംതെറ്റി പതിച്ചപ്പോൾ പിളർന്നുപോയത് അഡ്നർ ലിയനാർഡോ ബാച്ചിയെന്ന ടിറ്റെ തുന്നിച്ചേർത്ത മോഹങ്ങളായിരുന്നു.

2002ൽ ഏഷ്യൻ മണ്ണിൽ നിന്നും റൊണാൾഡോയും റൊണാൾഡീന്യോയും അടങ്ങുന്ന സ്വപ്നസംഘം കിരീടവുമായി മടങ്ങിയ ശേഷം, റിയോ ഡെ ജനീറോയിലെ സെലസാവോകളുടെ ആസ്ഥാനത്ത് ആളനക്കമൊന്നുമില്ലായിരുന്നു. കക്കായും റൊബീന്യോയും ലൂസിയോയും ഉൾപ്പെടെ പലതലമുറകൾ വന്നു മടങ്ങി.

2014ൽ സ്വന്തം മണ്ണിലും കണ്ണീരുമായി മഞ്ഞപ്പട ദുരന്തചിത്രമായി മാറി. നഷ്ടകാലങ്ങൾക്കു ശേഷം 2016ൽ ദുംഗയിൽ നിന്നും പരിശീലക കുപ്പായം അണിയുമ്പോൾ പുതിയ ബ്രസീലുമായാണ് ടിറ്റെ കളി തുടങ്ങിയത്. രണ്ടു വർഷത്തിനിപ്പുറം റഷ്യയിലെ വീഴ്ചയിൽ ആരും പ്രകോപിതരായില്ല. തിയാഗോ സിൽവയും ഡാനി ആൽവസും അടങ്ങുന്ന സംഘത്തെ 2019ലെ കോപ കിരീടത്തിലെത്തിച്ചായിരുന്നു ടിറ്റെ തന്റെ വിശ്വാസം നിലനിർത്തിയത്.

വെള്ളിയാഴ്ച രാത്രിയിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ വാടിത്തളർന്നു വീണ നിമിഷം വരെ കാനറികൾ ആരാധക സ്വപ്നങ്ങളിൽ ചിറകുവീശി പറക്കുകയായിരുന്നു. ഓരോ ഗോളുകളും, ഓരോ വിജയങ്ങളും വാഴ്ത്തുപാട്ടുകളോടെ ആരാധകർ ആഘോഷമാക്കി. റിച്ചാർലിസണിന്റെയും നെയ്മറിന്റെയും ബൂട്ടുകളിൽ നിന്നും പറന്ന ഷോട്ടുകൾ കിരീടത്തിലേക്കുള്ള ചുടുചുംബനങ്ങളായി വാഴ്ത്തി.

ഗ്രൂപ് റൗണ്ടിൽ റിസർവ് താരങ്ങൾ കാമറൂണിന് മുന്നിൽ അടിതെറ്റിയെങ്കിലും കോച്ചിലും താരങ്ങളിലും അർപ്പിച്ച വിശ്വാസങ്ങൾക്ക് കോട്ടമേതുമേറ്റില്ല. ടൂർണമെൻറിൽ 'ടൈറ്റിൽ ഫേവറിറ്റ്' പട്ടികയിൽ പെടുന്ന ടീമിനെതിരെ കാനറികൾ ആദ്യമായി പരീക്ഷിക്കപ്പെട്ടു. മധ്യനിരയും മുന്നേറ്റവും തമ്മിലെ പാലം മുറഞ്ഞു. വിങ്ങുകളെ എതിരാളികൾ ചടുലമായ പോരിടമാക്കി മാറ്റി.അനിശ്ചിതത്വങ്ങളുടെ മരണക്കളിക്കൊടുവിൽ സ്വപ്നങ്ങളെല്ലാം പൂട്ടിക്കെട്ടി പാതിവഴിയിൽ കാനറികൾ നാട്ടിലേക്ക് മടങ്ങുകയാണ്.

ഉയിർത്തെഴുന്നേൽപ്പിന് കൈപിടിക്കാനെത്തിയ ടിറ്റെയും പാതിവഴിയിൽ ഇറങ്ങുന്നു. കാൽപന്തുകാലം ഇനിയുമുരുളും. നാലാം വർഷം വീണ്ടുമൊരു ലോകകപ്പ് അമേരിക്കയിലും കാനഡയിലും മെക്സികോയിലുമായി പന്തുരുളും. ആറാം കിരീടമെന്ന സ്വപ്നവുമായി പുതിയൊരു ബ്രസീലിനെ അവിടെയും കാണാം.ഒബ്രിഗാദോ (നന്ദി) ബ്രസീൽ... ഈ കളിയെ എന്നും സമ്മോഹനമാക്കുന്നത് കാൽപന്തിനെ നെഞ്ചോട് ചേർത്ത നിങ്ങളുടെ സാന്നിധ്യമാണ്.

'ഞാ​നി​നി ക​ളി​ക്കു​മോ​യെ​ന്ന് ഉ​റ​പ്പി​ല്ല'

ഹൃ​ദ​യ​ഭേ​ദ​ക​മാ​യ തോ​ൽ​വി​ക്ക് ശേ​ഷം വി​ര​മി​ക്ക​ൽ സൂ​ച​ന ന​ൽ​കി നെ​യ്മ​ർ. ദേ​ശീ​യ ടീ​മി​നാ​യി ക​ളി​ക്കു​ന്ന കാ​ര്യം ഉ​റ​പ്പി​ല്ലെ​ന്ന് നെ​യ്മ​ർ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. 'സ​ത്യ​മാ​യി​ട്ടും എ​നി​ക്ക​റി​യി​ല്ല. ഈ ​സ​മ​യ​ത്ത് ഇ​ക്കാ​ര്യം സം​സാ​രി​ക്കു​ന്ന​തും മോ​ശ​മാ​ണ്'- ബ്ര​സീ​ൽ താ​രം പ​റ​ഞ്ഞു. എ​ന്ത് സം​ഭ​വി​ക്കു​​മെ​ന്ന് കാ​ത്തി​രു​ന്ന് കാ​ണാ​മെ​ന്നും അ​​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Obrigado, Brazil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.