ദോഹ: ലയണൽ മെസ്സിയും നെയ്മറും എംബാപ്പെയും ഉൾപ്പെടെ ഗോളടിച്ചു കൂട്ടാനെത്തുന്ന വമ്പൻ താരങ്ങൾക്ക് കരുത്തായി വമ്പൻ ടീമുകളുമുണ്ട്. എന്നാൽ, അതിൽനിന്ന് വ്യത്യസ്തമാണ് പോളണ്ടും അവരുടെ സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സികയും. ഒരു സൂപ്പർതാരത്തിന്റെ പ്രതാപത്തിലാണ് തുടർച്ചയായി രണ്ടാം വട്ടവും പോളണ്ടുകാർ ലോകകപ്പിനെത്തുന്നത്.
ഖത്തറിലേക്ക് പറക്കും മുമ്പ് തന്റെ ലോകകപ്പ് തയാറെടുപ്പുകളും പ്രതീക്ഷകളും പങ്കുവെക്കുകയാണ് റോബർടോ ലെവൻഡോവ്സ്കി്.
ഗ്രൂപ് സിയിൽ അർജൻറീന, മെക്സികോ, സൗദി അറേബ്യ എന്നിവരോടൊപ്പം മത്സരിക്കുന്ന പോളണ്ട് പ്ലേ ഓഫ് കടമ്പയും മറികടന്നാണ് ഖത്തറിലേക്ക് ടിക്കറ്റുറപ്പിച്ചത്.
ഗ്രൂപ്പിലെ ഓരോ മത്സരവും കടുപ്പമേറിയതും വെല്ലുവിളി നിറഞ്ഞതുമാണ്.
എന്നാൽ മത്സരങ്ങളെയെല്ലാം പുഞ്ചിരിയോടെയും പോസിറ്റിവ് മനോഭാവത്തോടെയുമാണ് കാണുകയെന്ന് ഫിഫ പ്ലസിന് നൽകിയ അഭിമുഖത്തിൽ ലെവൻഡോവ്സ്കി പറഞ്ഞു.
അർജൻറീനക്കെതിരായ മത്സരമായിരിക്കും ഞങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രയാസമേറിയതും വെല്ലുവിളികൾ നിറഞ്ഞതും. ടൂർണമെൻറിലെ വലിയ ടീമുകളിലൊന്നും കിരീട ഫേവറിറ്റുകളും അവരാണ്. ഫുട്ബാൾ ലെജൻഡ് ലയണൽ മെസ്സി തന്നെയാണ് അവരുടെ പ്രധാനതാരം. ഏറ്റവും കാഠിന്യമേറിയ മത്സരം അതായിരിക്കുമെന്നതിൽ ഒരു സംശയവുമില്ല. ഒരു കൂട്ടം വലിയ കളിക്കാരുമായി ലോകകപ്പിനിറങ്ങുന്നതിൽപരം വലിയ സന്തോഷമില്ല -ലെവൻഡോവ്സ്കി വ്യക്തമാക്കി.
'അവസാന വിസിൽ വരെ വിജയത്തിനായി ഏതടവും പയറ്റുന്ന മെക്സികോയും ഗ്രൂപ്പിലെ വലിയ ടീമുകളിലൊന്നാണ്. അവർ ഒരിക്കലും വിട്ടുതരില്ല. യുവത്വവും പരിചയസമ്പത്തുമാണ് അവരുടെ കരുത്ത്. മെക്സിക്കൻസിനെ സംബന്ധിച്ച് ഞങ്ങൾ ഏറെ ബോധവാന്മാരാണ്. ലോകകപ്പ് പോലെയുള്ള വലിയ ടൂർണമെൻറുകളിൽ കളിക്കേണ്ടതെങ്ങനെയെന്ന് അവർക്ക് നന്നായറിയാം.
'സൗദി അറേബ്യ ഒരു സർപ്രൈസ് പാക്കേജാണ്. ശക്തമായ പ്രതിരോധനിരയും മികച്ച ടാക്ടിക്കൽ ഗെയിമും അവർക്കുണ്ട്. മികച്ച കളി പുറത്തെടുക്കാൻ അവർക്ക് സാധിക്കും. അവരെ എങ്ങനെ നേരിടണമെന്ന് പഠിക്കേണ്ടിയിരിക്കുന്നു' പോളിഷ് താരം വിശദീകരിച്ചു.
ലീഗ് ഫുട്ബാളിലെ സൂപ്പർസ്ട്രൈക്കർമാരിലൊരാളായ ലെവൻഡോവ്സ്കി ഇതുവരെ ലോകകപ്പിൽ ഒരു ഗോൾ പോലും നേടിയിട്ടില്ല. റഷ്യയിൽ നിരാശപ്പെടുത്തിയ പോളണ്ട് ഗ്രൂപ് ഘട്ടത്തിൽ തന്നെ പുറത്തുപോയി.
'കരിയറിലെ ഏറ്റവും വലിയ നിരാശയായിരുന്നു റഷ്യ. ഗ്രൂപ് ഘട്ടത്തിൽ തന്നെ പുറത്തുപോയെന്നു മാത്രമല്ല, ഒരു അവസരം പോലും സൃഷ്ടിക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല എന്നത് വളരെ സങ്കടകരമാണ്. ഒരു അവസരം പോലും എനിക്ക് ഇല്ലാതെ പോയി. ഒരു ഗോൾ പോലും നേടാനാകാത്തത് ഇപ്പോഴും എന്നെ വേദനിപ്പിക്കുന്നു' -റഷ്യൻ ലോകകപ്പ് ഓർമകൾ അയവിറക്കി താരം പറഞ്ഞു.
ഖത്തർ ലോകകപ്പിൽ സാധ്യമാകുന്ന രീതിയിൽ പോരാടുകയാണ് ലക്ഷ്യം. ഗോളടിക്കാനുള്ള ദാഹം ഞങ്ങളിലുണ്ട്. ലോകകപ്പ് പോലെയൊരു വലിയ വേദിയാണിതെന്ന ഓർമയുണ്ടെന്നും വ്യക്തിഗത പ്രകടനങ്ങൾക്കല്ല ഇവിടെ സ്ഥാനമെന്നും ലെവൻഡോവ്സ്കി ഫിഫ പ്ലസിനോട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.