ദോഹ: സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പകരക്കാരനായി പ്ലെയിങ് ഇലവനിലിറങ്ങിയ യുവതാരം ഗോണ്‍സാലോ റാമോസിന്‍റെ തേരിലേറി പറങ്കികൾ നടത്തിയ പടയോട്ടത്തിൽ തരിപ്പണമായി സ്വിറ്റ്സർലൻഡ്.
ലൂസൈലിന്‍റെ കളിമുറ്റത്ത് ഗോൾ മഴ പെയ്തിറങ്ങിയ മത്സരത്തിൽ ഒന്നിനെതിരെ ആറു ഗോളുകൾക്ക് സ്വിസ് മതിൽ തകർത്ത് പോർചുഗൽ ഖത്തർ ലോകകപ്പിന്‍റെ ക്വാർട്ടറിലെത്തി. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കെന്ന സ്വപ്ന നേട്ടത്തിലേക്കാണ് 21കാരനായ റാമോസ് പന്തടിച്ചു കയറ്റിയത്. മത്സരത്തിന്‍റെ 17, 51, 67 മിനിറ്റുകളിലായിരുന്നു താരത്തിന്‍റെ ഗോളുകൾ. പോർചുഗലിനായി പെപ്പെ (33ാം മിനിറ്റ്), റാഫേല്‍ ഗുരെയിരോ (55ാം മിനിറ്റ്), റാഫേൽ ലിയോ (90+2ാം മിനിറ്റ്) എന്നിവരും വലകുലുക്കി. സ്വിറ്റ്സർലൻഡിന്‍റെ ആശ്വാസ ഗോൾ മാനുവൽ അകാൻജിയുടെ (58ാം മിനിറ്റ്) വകയായിരുന്നു.
ഡിസംബർ 10ന് അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ മൊറോക്കോയാണ് പോർചുഗലിന്‍റെ എതിരാളികൾ. പന്തടക്കത്തിലും പാസ്സിങ്ങിലും ഏറെക്കുറെ ഒപ്പത്തിനൊപ്പം നിന്ന മത്സരത്തിൽ ഫിനിഷിങ്ങിൽ പോർചുഗൽ ബഹുദൂരം മുന്നിലെത്തി. പറങ്കികൾ കിട്ടിയ അവസരങ്ങളെല്ലാം വലയിലാക്കി. 17ാം മിനിറ്റിൽ റാമോസിലൂടെയാണ് പോർചുഗൽ ആദ്യം ലീഡെടുത്തത്. സ്വിസ് ബോക്സിലേക്ക് പോർചുഗൽ നടത്തിയ മുന്നേറ്റമാണ് ഗോളിനു വഴിയൊരുക്കിയത്.
സ്വിസ് പകുതിയിൽ പോർചുഗലിന് ലഭിച്ച ത്രോയിൽ നിന്നായിരുന്നു നീക്കത്തിന്റെ തുടക്കം. ത്രോയിൽനിന്ന് ലഭിച്ച പന്ത് ജാവോ ഫെലിക്സ് ബോക്സിനുള്ളിലുണ്ടായിരുന്ന റാമോസിന് മറിച്ചു നൽകി. പിന്നാലെ താരം കിടിലൻ ഇടങ്കാൽ ഷോട്ടിലൂടെ പന്ത് വലക്കുള്ളിലാക്കി.
33ാം മിനിറ്റിൽ പ്രതിരോധ താരം പെപ്പെ ലീഡ് ഉയർത്തി. ബോക്സിന്‍റെ മധ്യത്തിലേക്ക് ബ്രൂണോ ഫെർണാണ്ടസ് ഉയർത്തി നൽകിയ കോർണർ കിക്ക് കിടിലൻ ഹെഡ്ഡറിലൂടെ ഗോളി സോമറെ കാഴ്ചക്കാരനാക്കി പെപെ വലയിലെത്തിച്ചു. ലോകകപ്പ് നോക്കൗട്ടിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടം പെപ്പെ സ്വന്തമാക്കി. 39 വയസ്സും 283 ദിവസവും.
ആദ്യ പകുതി പിരിയുമ്പോൾ സ്കോർ 3-0. 51ാം മിനിറ്റിൽ ഗോണ്‍സാലോ റാമോസിന്‍റെ രണ്ടാം ഗോൾ. പന്തുമായി വലതു പാർശ്വത്തിലൂടെ ബോക്സിനുള്ളിലേക്ക് കയറി ഡീഗോ ഡാലോ നൽകിയ ക്രോസ് റാമോസ് സ്വിസ് ഗോളി സോമറിന്റെ കാലുകള്‍ക്കിടയിലൂടെ വലയിലെത്തിച്ചു. നാലു മിനിറ്റിനകം പോർചുഗലിന്‍റെ നാലാമത്തെ ഗോളുമെത്തി. റാഫേല്‍ ഗുരെയിരോയാണ് ഇത്തവണ വലകുലുക്കിയത്. കൗണ്ടര്‍ അറ്റാക്കിങ്ങാണ് ഗോളിലെത്തിയത്.
റാമോസ് നൽകിയ പാസ്സിൽനിന്നാണ് ഗുരെയിരോ ലക്ഷ്യംകണ്ടത്. 58ാം മിനിറ്റിൽ സ്വിറ്റ്സർലൻഡ് മാനുവൽ അകാൻജിയിലൂടെ ഒരു ഗോൾ മടക്കി. കോർണർ പന്ത് ഹെഡ്ഡറിലൂടെയാണ് താരം വലയിലാക്കിയത്. 67ാം മിനിറ്റിൽ റാമോസിന്‍റെ ഹാട്രിക് ഗോൾ. മൈതാനത്തിന്‍റെ മധ്യത്തിൽനിന്ന് പോർചുഗൽ മുന്നേറ്റത്തിനൊടുവിൽ ജാവോ ഫെലിക്സ് ബോക്സിനുള്ളിലേക്ക് നൽകിയ പന്ത് ഒരു ക്ലിനിക്കൽ ഫിനിഷിങ്ങിലൂടെ റാമോസ് ഗോളിയെയും മറികടന്ന് വലയിലാക്കി.
73ാം മിനിറ്റിൽ ജാവോ ഫെലിക്സിനു പകരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളത്തിൽ. 84ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ ഗോളടിച്ചെങ്കിലും ലൈൻസ്മാൻ ഓഫ്സൈഡ് ഫ്ലാഗ് ഉയർത്തി. അവസാന പകുതിയുടെ ഇൻജുറി ടൈമിൽ റാഫേൽ ലിയോ ആറാം ഗോളും പൂർത്തിയാക്കി. റാഫേല്‍ ഗുരെയിരോയാണ് ഗോളിന് വഴിയൊരുക്കിയത്.
പോർചുഗൽ മുന്നേറ്റങ്ങളോടെയാണ് മത്സരം തുടങ്ങിയതെങ്കിലും ഗോളിലേക്കുള്ള ആദ്യ തുടക്കം സ്വിസ് പടയുടേതായിരുന്നു. ആറാം മിനിറ്റിൽ സ്വിസ് താരം ബ്രീൽ എംബോളോ പന്തുമായി മുന്നേറി ഷോട്ട് തൊടുത്തെങ്കിലും പെപ്പെ പ്രതിരോധിച്ചു. 21ാം മിനിറ്റിൽ സ്വിസ് ഗോൾമുഖം വിറപ്പിച്ച് തുടരെ തുടരെ പോർചുഗൽ മുന്നേറ്റം. ഒട്ടോവിയോയുടെ വോളി സ്വിസ് ഗോളി യാൻ സോമർ കൈയിലൊതുക്കി. 30ാം മിനിറ്റിൽ ബോക്സിനു മുന്നിൽനിന്ന് ഷെർദാൻ ഷകീരീയെടുത്ത ഒന്നാന്തരം ഫ്രീകിക്ക് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക്. 43ാം മിനിറ്റിൽ പോർചുഗലിന് സുവർണാവസരം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല.
2008നുശേഷം പോർചുഗൽ ആദ്യമായാണ് റൊണാൾഡോ ഇല്ലാതെ ആദ്യ ഇലവനെ പ്രഖ്യാപിക്കുന്നത്. 31 മത്സരങ്ങളിൽ തുടർച്ചയായി ആദ്യ ഇലവിൽ റൊണാൾഡോ ഇടംപിടിച്ചിരുന്നു. പോര്‍ചുഗല്‍ 4-3-3 ശൈലിയിലും സ്വിറ്റ്‌സര്‍ലന്‍ഡ് 4-2-3-1 ഫോര്‍മേഷനിലുമാണ് കളിച്ചത്. സ്വിറ്റ്‌സര്‍ലന്‍ഡ് സൂപ്പര്‍ താരം ഷെർദാൻ ഷാക്കിരി ആദ്യ ഇലവനില്‍ ഇടം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.