ദോഹ: സ്വിറ്റ്സർലൻഡിനെതിരെയുള്ള പ്രീ ക്വാർട്ടർ മത്സരം ആരംഭിക്കുമ്പോൾ ഏറ്റവും വലിയ വാർത്ത സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തി പോർചുഗൽ കളത്തിലിറങ്ങിയതായിരുന്നു. 2008നുശേഷം പോർചുഗൽ ആദ്യമായാണ് റൊണാൾഡോ ഇല്ലാതെ ആദ്യ ഇലവനെ പ്രഖ്യാപിക്കുന്നത്. 31 മത്സരങ്ങളിൽ തുടർച്ചയായി ആദ്യ ഇലവിൽ റൊണാൾഡോ ഇടംപിടിച്ചിരുന്നു.
എന്നാൽ, പകരക്കാരനായി പ്ലെയിങ് ഇലവനിലിറങ്ങിയ യുവതാരം ഗോണ്‍സാലോ റാമോസ് ഹാട്രിക് പ്രകടനവുമായി കളംനിറഞ്ഞപ്പോൾ പരിശീലകൻ ഫെർണാണ്ടോ സാന്‍റോസിന്‍റെ തീരുമാനം ശരിയായിരുന്നുവെന്ന് ക്രിസ്റ്റ്യാനോ ആരാധകർ പോലും സമ്മതിക്കുന്നു. രണ്ടാം പകുതിയിലാണ് ക്രിസ്റ്റ്യാനോയെ കളത്തിലിറക്കിയത്. തന്ത്രപരമായിരുന്നു, അതിൽ കൂടുതലൊന്നും ഇല്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് സാന്‍റോസ് പ്രതികരിച്ചത്.
നേരത്തെ, ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണ കൊറിയക്കെതിരായ മത്സരത്തിന്‍റെ 65ാം മിനിറ്റിൽ തന്നെ പിൻവലിച്ചതിൽ റൊണാൾഡോ പരിശീലകനോട് കുപിതനായിരുന്നു. താരത്തിന്‍റെ പെരുമാറ്റം ഇഷ്ടമായില്ലെന്ന് അന്ന് പരിശീലകൻ തുറന്നുപറയുകയും ചെയ്തു. 'അതുമായി ഇതിന് ബന്ധമില്ല. അതൊരു അടഞ്ഞ അധ്യായമാണ്. നായകനെന്ന നിലയിലും പ്രഫഷനലായും ഫുട്ബാൾ കളിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ക്രിസ്റ്റ്യാനോ. അതിനാൽ ഞങ്ങൾ ഈ ടീമിനെക്കുറിച്ച് കൂട്ടായി ചിന്തിക്കണം' -സാന്‍റോസ് പറഞ്ഞു.
ക്രിസ്റ്റ്യാനോയെ പുറത്തിരുത്തിയത് കരിയറിലെ ഏറ്റവും പ്രയാസകരമായ തീരുമാനമായിരുന്നോ എന്ന ചോദ്യത്തിന്, താരവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ് താനെന്നായിരുന്നു സാന്‍റോസിന്‍റെ മറുപടി. എനിക്ക് അദ്ദേഹവുമായി അടുത്ത ബന്ധമാണുള്ളത്. ഇനിയും അങ്ങനെയായിരിക്കും, 19ാമത്തെ വയസ്സിൽ സ്പോർട്ടിങ്ങിനുവേണ്ടി കളിക്കുന്ന സമയം മുതൽ ക്രിസ്റ്റ്യാനോയെ എനിക്കറിയാം. വർഷങ്ങളായി അദ്ദേഹം ദേശീയ ടീമിലുണ്ടെന്നും സാന്‍റോസ് പ്രതികരിച്ചു.
സ്വിറ്റ്സർലൻഡിനെ 6-1ന് തകർത്താണ് പോർചുഗൽ അവസാന എട്ടിൽ സ്ഥാനം ഉറപ്പിച്ചത്. ക്വാർട്ടറിൽ മൊറോക്കോയാണ് എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.