പോർച്ചുഗൽ പരിശീലകനായി ഇനി ഫെർണാണ്ടോ സാന്റോസ് ഇല്ല; മൗറീഞ്ഞോ പകരക്കാരനായേക്കും

ലിസ്ബണ്‍: ലോകകപ്പ് ക്വാർട്ടറിൽ ​മൊറോക്കോയോട് തോറ്റ് പുറത്തായ പോർച്ചുഗലിന്റെ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് രാജിവെച്ചു. രാജി സ്ഥിരീകരിച്ച പോർച്ചുഗീസ് ഫുട്‌ബാൾ ഫെഡറേഷൻ, അടുത്ത പരിശീലകനെ തെരഞ്ഞെടുക്കാനുള്ള നടപടികളുമായി മുമ്പോട്ടു പോകുകയാണെന്നും അറിയിച്ചു. സൂപ്പർ പരിശീലകൻ ജോസ് മൗറീഞ്ഞോയാണ് പകരക്കാരനായി പരിഗണനയിലുള്ള പ്രമുഖൻ. പോർച്ചുഗൽ അണ്ടർ 21 പരിശീലകൻ റൂയി ജോർജ്, ആബേൽ ഫെരേര (പാൽമിരാസ്), പോളോ ഫൊൻസേക (ലില്ലെ) റൂയി വിറ്റോറിയ (ഈജിപ്ത്), ജോർജ് ജീസസ് (ഫെനർബാഷെ) എന്നിവരും പരിഗണനയിലുണ്ട്.

പ്രീക്വാർട്ടറിൽ സ്വിറ്റ്‌സർലാൻഡിനും ക്വാർട്ടറിൽ മൊറോക്കോക്കും എതിരായ മത്സരങ്ങളിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണോൾഡോയെ സാന്റോസ് ബെഞ്ചിലിരുത്തിയ നടപടി ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.

സ്വിറ്റ്‌സർലാൻഡിനെതിരെ ടീം തകർപ്പൻ വിജയം നേടിയെങ്കിലും മൊറോക്കോക്കെതിരെ ഒറ്റ ഗോളിന്പരാജയപ്പെടുകയായിരുന്നു. ക്രിസ്റ്റ്യാനോയോ പുറത്തിരുത്തിയതിനെതിരെ ഇതിഹാസ താരം ലൂയി ഫിഗോ അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. ഇതിന്റെ വിവാദങ്ങൾ കെട്ടടങ്ങും മുമ്പാണ് സാന്റോസിന്റെ രാജി.

2014ൽ പരിശീലക പദവി ഏറ്റെടുത്ത സാന്റോസിന് കീഴിലാണ് പോര്‍ച്ചുഗൽ ചരിത്രത്തിൽ ആദ്യമായി ഒരു അന്താരാഷ്ട്ര ടൂർണമെന്റിൽ കിരീടമണിയുന്നത്. 2016ലെ യൂറോ കപ്പും 2019ലെ യുവേഫ നേഷൻസ് ലീഗും ഇദ്ദേഹത്തിന് കീഴിൽ പോർച്ചുഗൽ സ്വന്തമാക്കി.

പോർട്ടോ, ചെൽസി, ഇന്റർമിലാൻ, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുനൈറ്റഡ് എന്നീ വമ്പൻ ക്ലബുകളെ പരിശീലിപ്പിച്ച മൗറീന്യോയോ പരിശീലകനായി കൊണ്ടുവരാനാണ് പോർച്ചുഗൽ ഫുട്ബാൾ ഫെഡറേഷന് താൽപര്യം. ചെൽസിക്ക് മൂന്ന് പ്രീമിയർ ലീഗ് കിരീടവും ഇന്റർമിലാന് രണ്ട് സീരി എ കിരീടവും നേരിക്കൊടുത്തു. റയലനെ ഒരു തവണ ലാ ലീഗ ചാമ്പ്യന്മാരാക്കുകയും ചെയ്തു. ഈ വർഷം അദ്ദേഹം പരിശീലിപ്പിച്ച റോമ ​യൂറോപ്യൻ കോൺഫറൻസ് ലീഗ് ജേതാക്കളായിരുന്നു. ക്ലബിന്റെ ചരിത്രത്തിലെ ആദ്യത്തെ പ്രധാന കിരീടമായിരുന്നു ഇത്.

Tags:    
News Summary - Portugal coach Fernando Santos resigns; Mourinho could be a substitute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.