കേരളത്തെക്കുറിച്ച് പറയാൻ എലിസബത്തിന് നൂറുനാവാണ്. അവിശ്വസനീയമായ ആവേശവും സ്നേഹവും സൂക്ഷിക്കുന്ന ആളുകളാണവരെന്ന് പറഞ്ഞുതുടങ്ങി പിന്നെ വാരിക്കോരി പ്രശംസ. അങ്ങനെ വിലയിരുത്താൻ എലിസബത്തിന് അർഹതയുമുണ്ട്. കാരണം, ഖത്തറിലെ ഒട്ടേറെ മലയാളികളുടെ നേതാവാണ് അവർ. പോർചുഗൽ ഫുട്ബാൾ ടീമിന്റെ ആരാധക കൂട്ടായ്മയായ 'പോർചുഗൽ ഫാൻസ് ഖത്തറി'ന്റെ ഫാൻ ലീഡറാണ് ലിസ്ബൺ സ്വദേശിനിയായ ഈ യുവതി.
'പോർചുഗൽ ടീമിനോട് നിറയെ സ്നേഹവും നമ്മളെ അമ്പരപ്പിക്കുന്ന ആവേശവുമാണ് അവർക്കുള്ളത്. അവരില്ലെങ്കിൽ പോർചുഗൽ ഫാൻസ് ഖത്തർ ഒരിക്കലും ഇത്ര കരുത്തുള്ള ആരാധക സംഘമാവില്ല. ഫാൻ ലീഡറെന്ന നിലയിൽ ഞാൻ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളുടെയും നട്ടെല്ല് ഖത്തറിലെ മലയാളി സുഹൃത്തുക്കളാണ്. ഈ ഗ്രൂപ്പിൽ അവർ എന്നോടൊപ്പമുള്ളതാണ് എന്റെ ഏറ്റവും വലിയ സന്തോഷം'.
ഖത്തറിൽ ഫാൻ ഫെസ്റ്റിനിറങ്ങിയ മലയാളികൾ ഖത്തർ അധികൃതർ പണം കൊടുത്ത് ഇറക്കിയ വ്യാജ ആരാധകരാണെന്ന യൂറോപ്യൻ മാധ്യമങ്ങളുടെ ആരോപണത്തോട് രോഷാകുലയായാണ് എലിസബത്ത് പ്രതികരിച്ചത്. 'അവർക്ക് എന്തറിയാം. വിഡ്ഢിത്തമാണ് അവർ പുലമ്പുന്നത്. ഖത്തറിനെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമാണത്. ഖത്തർ അതിഗംഭീരമായി ഇത്തരത്തിൽ ഒരു ലോകകപ്പിന് അരങ്ങൊരുക്കുമ്പോൾ അതിനെതിരെ ഇല്ലാക്കഥകൾ പടച്ചുണ്ടാക്കുന്നത് നീതിയല്ല.
പോർചുഗൽ ഫാൻസ് ഖത്തറിന്റെ ലീഡർ എന്ന നിലയിൽ എനിക്ക് പറയാനുള്ളത്, ഞങ്ങളുടെ ആരാധകരെല്ലാം അങ്ങേയറ്റം ആത്മാർപ്പണമുള്ളവരാണെന്നാണ്. ഇത്രമാത്രം ശുദ്ധരായ ആരാധകർക്കെതിരെ ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചത് എന്നെ വല്ലാതെ വേദനിപ്പിച്ചു. സ്വന്തം കൈയിൽനിന്ന് കാശുമുടക്കിയാണ് ഇവരെല്ലാം പോർചുഗലിനുവേണ്ടി രംഗത്തിറങ്ങുന്നത്. ഖത്തർ അധികൃതരുമായോ, ഫിഫയുമായോ ഞങ്ങൾക്ക് ഒരു ബന്ധവുമില്ല. ഇത്തരം ആരോപണങ്ങൾ ഒരുതരത്തിലും ഞങ്ങൾ അംഗീകരിക്കില്ല. അങ്ങനെ പറയുന്നവർ മനോനില തെറ്റിയവരാണെന്നേ പറയാൻ കഴിയൂ' -എലിസബത്ത് പറഞ്ഞു.
യഥാർഥത്തിൽ എലിസബത്ത് ജനിച്ചത് മൊസാംബീകിലാണ്. പോർചുഗലിലെ ലിസ്ബൺ സ്വദേശികളായ മാതാപിതാക്കൾ അന്ന് മൊസാംബീകിൽ ജോലി നോക്കുകയായിരുന്നു. പിന്നീട് ലിസ്ബണിലേക്ക് മടങ്ങി. ഖത്തറിലേക്ക് ജോലി ആവശ്യാർഥം എലിസബത്ത് എത്തുന്നത് ലിസ്ബണിൽനിന്നാണ്. പോർചുഗലിൽ താമസിക്കുമ്പോഴാണ് ഫുട്ബാളിനെയും ദേശീയ ടീമിനെയും അവർ നെഞ്ചേറ്റുന്നത്.
ഖത്തറിലെത്തിയ ശേഷമാണ് പോർചുഗീസുകാരെക്കാൾ ആവേശത്തിൽ പോർചുഗലിനെ സ്നേഹിക്കുന്നവരാണ് മലയാളികളെന്ന് മനസ്സിലായത്. കേരളത്തിലെ ആരാധകരുടെ പ്രവർത്തനങ്ങളുടെ വിഡിയോകളും ചിത്രങ്ങളും എലിസബത്ത് കൃത്യമായി കാണാറുണ്ട്. 'അവരോടെല്ലാം എന്റെ അന്വേഷണം പറയണം. ഏറെ ഇഷ്ടമാണെനിക്കവരെ. എന്നും ടീമിന്റെ കൂടെ ഉണ്ടാവണമെന്നാണ് അഭ്യർഥന. എന്റെ നാട്ടിൽനിന്ന് ഒരുപാട് അകലെയുള്ളൊരു നാട്ടിൽ ഒരുപാടുപേർ ആത്മാർഥമായി ക്രിസ്റ്റ്യാനോയെയും പോർചുഗലിനെയും സ്നേഹിക്കുന്നതിൽ ഒരുപാട് നന്ദിയുണ്ട്.' -എലിസബത്ത് പറയുന്നു.
ഖത്തറിൽ 1500ലേറെ പോർചുഗലുകാരുണ്ട്. അവരിലേറെയും പോർചുഗൽ ഫാൻസ് ഖത്തറിൽ അംഗങ്ങളാണ്. ദേശഭേദമില്ലാതെ എല്ലാ പോർചുഗൽ ആരാധകരെയും കൂട്ടിയിണക്കുന്നതാണ് ഈ കൂട്ടായ്മ. വാട്സ് ആപ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് ഈ ലോകകപ്പിന് പറങ്കിപ്പടയെ പിന്തുണക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചുവരുകയാണ്. വെള്ളിയാഴ്ച ടീം ഖത്തറിലെത്തുമ്പോൾ ടീമിനെ സ്വാഗതം ചെയ്യാനുള്ള പരിപാടികളുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ആരാധിക കൂടിയാണ് എലിസബത്ത്.
'ഇതിഹാസ താരമാണ് അദ്ദേഹം. ക്ലബ് ഫുട്ബാളിൽ അദ്ദേഹം വെട്ടിപ്പിടിക്കാത്ത നേട്ടങ്ങളില്ല. കളിക്കാരനെന്ന നിലയിൽ ആ മികവിനെ അംഗീകരിച്ചേ പറ്റൂ. ടീമംഗങ്ങൾ അദ്ദേഹത്തെ ഏറെ ബഹുമാനിക്കുന്നുണ്ട്. ഈ ലോകകപ്പിന്റെ മുഖ്യ ആകർഷണം കൂടിയാണ് ക്രിസ്റ്റ്യാനോ. ഈ ടീമിൽ റൊണാൾഡോ മാത്രമല്ല, എല്ലാവരും മികച്ചവരാണ്. ഈ പോർചുഗൽ ടീമിൽ എനിക്ക് വിശ്വാസമുണ്ട്. അവർ ഈ ലോകകപ്പിൽ മുത്തമിടുമെന്നു തന്നെയാണ് എന്റെ വിശ്വാസം'. പോർചുഗലിന്റെ എല്ലാ മത്സരങ്ങളുടെയും ടിക്കറ്റ് എലിസബത്തിന്റെ കൈയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.