ദോഹ: സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ പകരക്കാരുടെ ബെഞ്ചിലിരുന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ ആദ്യ പകുതി പിന്നിടുമ്പോൾ സ്വിറ്റ്സർലൻഡിനെതിരെ പോർചുഗൽ രണ്ടു ഗോളിനു മുന്നിൽ.
17ാം മിനിറ്റിൽ റൊണാള്‍ഡോക്ക് പകരം ആദ്യ ഇലവനിൽ ഇടംനേടിയ യുവതാരം ഗോണ്‍സാലോ റാമോസിലൂടെയാണ് പോർചുഗൽ ലീഡെടുത്തത്. സ്വിസ് ബോക്സിലേക്ക് പോർചുഗൽ നടത്തിയ മുന്നേറ്റമാണ് ഗോളിനു വഴിയൊരുക്കിയത്. സ്വിസ് പകുതിയിൽ പോർചുഗലിന് ലഭിച്ച ത്രോയിൽ നിന്നായിരുന്നു നീക്കത്തിന്റെ തുടക്കം. ത്രോയിൽനിന്ന് ലഭിച്ച പന്ത് ജാവോ ഫെലിക്സ് ബോക്സിനുള്ളിലുണ്ടായിരുന്ന റാമോസിന് മറിച്ചു നൽകി. പിന്നാലെ താരം കിടിലൻ ഇടങ്കാൽ ഷോട്ടിലൂടെ പന്ത് വലക്കുള്ളിലാക്കി.
33ാം മിനിറ്റിൽ പ്രതിരോധ താരം പെപ്പെ ലീഡ് ഉയർത്തി. ബോക്സിന്‍റെ മധ്യത്തിലേക്ക് ബ്രൂണോ ഫെർണാണ്ടസ് ഉയർത്തി നൽകിയ കോർണർ കിക്ക് കിടിലൻ ഹെഡ്ഡറിലൂടെ ഗോളി സോമറെ കാഴ്ചക്കാരനാക്കി പെപെ വലയിലെത്തിച്ചു. ലോകകപ്പ് നോക്കൗട്ടിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടം പെപ്പെ സ്വന്തമാക്കി. 39 വയസ്സും 283 ദിവസവും.
21ാം മിനിറ്റിൽ സ്വിസ് ഗോൾമുഖം വിറപ്പിച്ച് തുടരെ തുടരെ പോർചുഗൽ മുന്നേറ്റം. ഒട്ടോവിയോയുടെ വോളി സ്വിസ് ഗോളി യാൻ സോമർ കൈയിലൊതുക്കി. 30ാം മിനിറ്റിൽ ബോക്സിനു മുന്നിൽനിന്ന് ഷെർദാൻ ഷകീരീയെടുത്ത ഒന്നാന്തരം ഫ്രീകിക്ക് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക്. 43ാം മിനിറ്റിൽ പോർചുഗലിന് സുവർണാവസരം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല.
2008നുശേഷം പോർചുഗൽ ആദ്യമായാണ് റൊണാൾഡോ ഇല്ലാതെ ആദ്യ ഇലവനെ പ്രഖ്യാപിക്കുന്നത്. 31 മത്സരങ്ങളിൽ തുടർച്ചയായി ആദ്യ ഇലവിൽ റൊണാൾഡോ ഇടംപിടിച്ചിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം ഡീഗോ ഡാലോ പ്രതിരോധതാരമായി ടീമിലുണ്ട്. ജാവോ ക്യാന്‍സലോ പകരക്കാരുടെ ബെഞ്ചിലാണ്. റൂബന്‍ നെവസിനും ആദ്യ ഇലവനില്‍ സ്ഥാനം നേടാനായില്ല.
പോര്‍ചുഗല്‍ 4-3-3 ശൈലിയിലും സ്വിറ്റ്‌സര്‍ലന്‍ഡ് 4-2-3-1 ഫോര്‍മേഷനിലുമാണ് കളിക്കും. സ്വിറ്റ്‌സര്‍ലന്‍ഡ് സൂപ്പര്‍ താരം ഷെർദാൻ ഷാക്കിരി ആദ്യ ഇലവനില്‍ ഇടം നേടി. 1934 മുതൽ 12 തവണ ലോകകപ്പ് കളിച്ചിട്ടും ക്വാർട്ടർ ഫൈനലിന് അപ്പുറത്തേക്ക് പോകാൻ ഭാഗ്യമില്ലാതെ പോയ ടീമാണ് സ്വിറ്റ്സർലൻഡ്. ഇക്കുറി ബ്രസീലിനു പിന്നിൽ രണ്ടാമതായി ഗ്രൂപ് ജിയിൽ നിന്ന് പ്രീ ക്വാർട്ടറിൽ കടന്നവർ. ബ്രസീലിനോട് മാത്രമേ തോറ്റുള്ളൂ.
മറ്റു രണ്ട് മത്സരങ്ങളിൽ, കാമറൂണിനോടും സെർബിയയോടും ജയിച്ചു. പോർചുഗലാകട്ടെ ഗ്രൂപ് എച്ചിലെ അവസാന കളിയിൽ ദക്ഷിണ കൊറിയയോട് കീഴടങ്ങിയതിന്റെ ക്ഷീണത്തിലും. ജയിക്കുന്നവർ ഡിസംബർ 10ന് അൽ തുമാമ സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ മൊറോക്കോയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.