പ്ലേ ഒാഫ് ഫൈനൽ മത്സരത്തിൽ വടക്കൻ മാസിഡോണിയയെ പരാജയപ്പെടുത്തി ലോകകപ്പിന് യോഗ്യത നേടുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയും കൂട്ടരും ഖത്തറിൽ ഭദ്രമായിരിക്കുന്ന ലോകകപ്പിനെ കുറിച്ച് ഒാർത്തിട്ടുണ്ടാകണം. ലോകം മുഴുവൻ നിരവധി ആരാധകരുള്ള ടീമാണ്. പക്ഷേ, എട്ടു തവണ ലോകകപ്പ് കളിച്ചിട്ടും ഇതുവരെ ഒരു കിരീടം സ്വന്തമാക്കാനായിട്ടില്ലെന്ന നിരാശ ടീമിനും ആരാധകർക്കുമുണ്ട്. വമ്പൻ ടീമുകൾ ലോകകപ്പ് കളിച്ചു തുടങ്ങിയപ്പോഴും യോഗ്യത റൗണ്ട് കടക്കാത്തവരായിരുന്നു പോർച്ചുഗീസുകാർ. 1966ലാണ് ആദ്യമായി കളിച്ചത്. നന്നായി കളിച്ച് മൂന്നാം സ്ഥാനം നേടി കളംവിട്ടപ്പോൾ ആരാധകർക്ക് അടുത്ത ലോകകപ്പിൽ വലിയ പ്രതീക്ഷയും നൽകിയിരുന്നു. എന്നാൽ, അതിലും മികച്ചതൊന്നും പിന്നീട് സമ്മാനിക്കാനുമായിട്ടില്ല. ഇത്തവണ പക്ഷേ, വലിയ പ്രതീക്ഷയിലാണ്. ക്രിസ്റ്റ്യാനോക്കൊപ്പം ഒത്തിണക്കത്തോടെ കളിക്കുന്നവരാണ് ടീമിലുള്ളത്. യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും നാഷൻസ് ലീഗിലും ചാമ്പ്യന്മാരായിട്ടുണ്ട്. ഗ്രൂപ് എച്ചിലാണ് സ്ഥാനം.
കുന്തമുന
മാഞ്ചസ്റ്ററിന്റെ പ്രിയതാരവും പോർച്ചുഗലിന്റെ അമരക്കാരനുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ടീമിന്റെ കരുത്ത്. മുന്നേറ്റതാരമായി കളം നിറഞ്ഞുനിൽക്കുന്ന ഇദ്ദേഹം പോർച്ചുഗലിനുവേണ്ടി ഇതുവരെ 117 ഗോളുകളാണ് നേടിയിട്ടുള്ളത്. 2001ൽ പോർച്ചുഗൽ അണ്ടർ 15ലൂടെയാണ് തുടക്കം. 2003ൽ ദേശീയ ടീമിന്റെ ഭാഗമായി. റയൽ മഡ്രിഡ്, യുവന്റസ് തുടങ്ങിയ ക്ലബ്ബുകളിലും കളിച്ചിട്ടുണ്ട്. രാജ്യത്തിനായി ഒരു കിരീടം നേടിക്കൊടുക്കുകയെന്നത് ഇദ്ദേഹത്തിന്റെയും സ്വപ്നമായിരിക്കാം. ബെർണാഡോ സിൽവ, ജൂവോ കാൻസല തുടങ്ങിയവരും ഇത്തവണ ഖത്തറിൽ പോർച്ചുഗലിനെ വിജയത്തിലേക്ക് നയിച്ചേക്കാം.
ആശാൻ
പോർച്ചുഗലിലെ ലിസ്ബൺ സ്വദേശിയായ ഫെർണാഡോ സാന്റോസാണ് ആശാൻ. 1987 മുതൽ 11 ടീമുകളെ പരിശീലിപ്പിച്ച ഇദ്ദേഹം 2014 മുതൽ പോർച്ചുഗലിന്റെ മുഖ്യ പരിശീലകനാണ്. ടീമിന്റെ ദൗർബല്യവും കരുത്തും അടുത്തറിഞ്ഞുള്ള പരിശീലനമാവും ലോകകപ്പിന് മുന്നേ നടത്തുകയെന്നതിൽ സംശയമില്ല. പ്രതിരോധ താരമായിരുന്ന ഫെർണാഡോക്കും ഇത്തവണ തങ്ങളുടെ രാജ്യത്തേക്ക് കപ്പെത്തിക്കണമെന്നത് വാശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.