ദോഹ: മുന്നിലുള്ളത് ഒരു പകൽ മാത്രം. ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിന്റെ പിരിമുറുക്കത്തിലാണ് ആതിഥേയരായ അന്നാബികൾ. വിദേശത്തെ മാസങ്ങൾ നീണ്ട പരിശീലന ക്യാമ്പും കഴിഞ്ഞ് മടങ്ങിയെത്തിയ ഖത്തറിന് ഇത് അവസാനവട്ട തയാറെടുപ്പിന്റെ മണിക്കൂറുകൾ. അതിനിടയിലാണ് ടീമിന്റെ പ്രതീക്ഷയും ഒരുക്കവും ലോകകപ്പ് മത്സരങ്ങളെയും കുറിച്ച് കോച്ച് ഫെലിക്സ് സാഞ്ചസ് മനസ്സു തുറക്കുന്നത്. കാണികളുടെ പിന്തുണ ആവശ്യമാണെന്നും ഖത്തർ ടീമിൽ ആരാധകർക്ക് അഭിമാനിക്കാനുള്ള നിമിഷങ്ങൾ നൽകുന്നതിന് പരമാവധി ശ്രമിക്കുമെന്നും പരിശീലന സെഷന് മുമ്പായി പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ സാഞ്ചസ് വ്യക്തമാക്കി. ആസ്പയർ സോൺ െട്രയ്നിങ് ഫെസിലിറ്റിയിലാണ് ഖത്തർ ടീം പരിശീലനം നടത്തുന്നത്. അൽ ബെയ്ത് സ്റ്റേഡിയത്തിൽ നവംബർ 20 ഞായറാഴ്ച വൈകീട്ട് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ എക്വഡോറുമായാണ് ഖത്തറിന്റെ കന്നി ലോകകപ്പ് പോരാട്ടം. എക്വഡോറിനെതിരായ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്നാണ് സാഞ്ചസ് പ്രതീക്ഷിക്കുന്നത്.
ലോകകപ്പിനായി ഞങ്ങൾ ഏറെക്കാലമായി കാത്തിരിക്കുകയാണ്. എല്ലാവരും കാത്തിരിക്കുകയാണെന്ന് അറിയാം. ലോകകപ്പിന്റെ ഭാഗമാകുന്നതിൽ ഏറെ അഭിമാനമുണ്ട്. തങ്ങളുടെ പരമാവധി ഗ്രൗണ്ടിൽ ചെയ്യാൻ ശ്രമിക്കും. മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബീൻ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. യൂറോപ്യൻ വമ്പന്മാരായ നെതർലൻഡ്സ്, ആഫ്രിക്കൻ ചാമ്പ്യൻ പട്ടവുമേന്തി വരുന്ന സെനഗാൾ തുടങ്ങിയ വലിയ ടീമുകൾക്കെതിരെ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന് തന്നെയാണ് ഖത്തർ ടീമംഗങ്ങളും പ്രതീക്ഷിക്കുന്നത്.അൽ ബെയ്ത് സ്റ്റേഡിയത്തിൽ മത്സരത്തിന് കിക്കോഫ് കുറിക്കുന്നതിനും മുമ്പ് തന്നെ ടീം ആത്മവിശ്വാസത്തിലാണെന്ന് മധ്യനിര താരം അബ്ദുൽ അസീസ് ഹാതിം പറഞ്ഞു.
''തങ്ങൾ നന്നായി ഒരുങ്ങിയിട്ടുണ്ട്. ലോകകപ്പ് അടുത്ത് വരുന്ന സമയം കൂടുതൽ ആസ്വദിക്കുന്നു. ദേശീയ ടീമിനായി ആദ്യ ലോകകപ്പിൽ കളിക്കുന്നതിൽ ഏറെ അഭിമാനിക്കുന്നു'' -ഹാതിം കൂട്ടിച്ചേർത്തു.
അഭിമാനകരമായ ലോകകപ്പിൽ ഖത്തറിനെ പ്രതിനിധാനം െചയ്യാനാവുകയെന്നത് വലിയ നേട്ടമാണ്. ടീം ആവേശഭരിതരും സജ്ജരുമാണ്.
ദൈവനിശ്ചയമുണ്ടെങ്കിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഞങ്ങൾക്കാകും -അദ്ദേഹം വ്യക്തമാക്കി.
എല്ലാ മത്സരങ്ങളിലും ഖത്തറിലെ ആരാധകരാണ് തങ്ങളുടെ ശക്തിയെന്ന് പ്രതിരോധ ഭടൻ ബസ്സാം അൽ റാവി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.