എല്ലാം സഫലം... ഇത് ഖത്തർ കാത്തിരുന്ന ലോകകപ്പ്

ലുസൈൽ കളിമുറ്റത്ത് ഞായറാഴ്ച രാത്രി ലോക സോക്കർ മാമാങ്കത്തിന് തിരശ്ശീല വീഴുമ്പോൾ എല്ലാം ശുഭമായി പര്യവസാനിച്ചിരിക്കുന്നു. കിരീട ജേതാക്കൾ മുതൽ കാണികൾ വരെ, ​​കളിയാരാധകർ മുതൽ ഏറ്റവും കടുത്ത വിമർശകർ വരെ ഖത്തർ ഭരണകൂടത്തിന് നന്ദിയോതുന്ന തിരക്കിലാണിപ്പോൾ.

2009ൽ ലോകകപ്പ് വേദിക്ക് നറുക്കൊരുങ്ങും സമയം. വമ്പന്മാർ മുന്നിലുണ്ടാകുമ്പോൾ ഖത്തർ​ പോലൊരു കുഞ്ഞുരാജ്യത്തിന് എങ്ങനെ ആതിഥ്യം വഹിക്കാനാകുമെന്നായിരു​ന്നു ​കണ്ണുരുട്ടൽ. ഏറ്റവും മികച്ച കളിമുറ്റങ്ങൾ മുതൽ യാത്രയും താമസവുമടക്കം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന ദൗത്യം ഒന്നിൽ തുടങ്ങിയാൽ തീർക്കാനാകുമോയെന്ന ചോദ്യം മറുവശത്ത്. ലക്ഷങ്ങൾ ഒഴുകിയെത്തുമ്പോൾ അവരെ ഏറ്റെടുക്കാനും സഹിഷ്ണുതയോടെ പാർപ്പിക്കാനാകുമോയെന്ന ആധി വേറെ. എല്ലാറ്റിലുമുപരി ഒരു ഏഷ്യൻ, അറബ് രാജ്യം ഒറ്റക്ക് കാൽപന്തിന്റെ ആഘോഷം സംഘടിപ്പിക്കുന്നതിലെ ചൊരുക്കും... എന്നിട്ടും, എതിർപ് കൂസാതെ ശതകോടികൾ ചെലവുവരുന്ന ഭീമൻ ദൗത്യം ഖത്തർ ഒറ്റക്ക് ഏറ്റെടുത്തു.

ഒടുവിൽ, ഒരു മാസം നീണ്ട ആഘോഷമവസാനിപ്പിച്ച് ഇതിഹാസതാരം മെസ്സി കപ്പ് ചുണ്ടോടുചേർത്ത വേദിയിൽ ആകാശംതൊട്ട് വെടിക്കെട്ടുണരുമ്പോൾ ഖത്തർ എന്ന രാജ്യത്തെ, അവർ മുന്നോട്ടുവെക്കുന്ന സംസ്കാരത്തെ എല്ലാവരും അടുത്തറിഞ്ഞിരിക്കുന്നു.

അർജന്റീനയും ഫ്രാൻസും മുഖാമുഖം നിന്ന സ്വപ്ന ഫൈനലിൽ തുടങ്ങുന്നു ഈ ടൂർണമെന്റിന്റെ വിശേഷങ്ങൾ. മെസ്സിയെ ശരിക്കും ലോകത്തെ ഏറ്റവും മികച്ചവനാക്കിയ കന്നി ലോകകിരീടം. ഏറ്റവും മികച്ച താരമെന്ന പദവി. 120 മിനിറ്റ് നിറഞ്ഞുനിന്ന് കൊടുത്തും വാങ്ങിയും ലോകത്തെ ഉദ്വേഗമുനയിൽ നിർത്തിയ ഗോളുത്സവം. വിജയമുറപ്പിച്ച​ പെനാൽറ്റി ഷൂട്ടൗട്ട്. അവസാനം, കപ്പ് ഏറ്റുവാങ്ങാൻ എത്തിയ സൂപർതാരത്തെ സ്നേഹപൂർവം അടുത്തുനിർത്തി ഖത്തർ അമീർ വക നാടിന്റെ ആദരമുദ്രയായ 'ബിശ്ത്' അണിയിക്കൽ. അതുംകഴിഞ്ഞ് 18 കാരറ്റ് സ്വർണത്തിൽ തീർത്ത ട്രോഫി മൈകാറൽ.

ഒരു മാസത്തെ ലോകകിരീടപ്പോരിന് കൊട്ടിക്കലാശ​മാകുമ്പോൾ എല്ലാം ഖത്തർ മയമായിരുന്നു ലോകമെങ്ങും. നീണ്ട 30 നാൾ ലോകം ഒറ്റരാജ്യത്തേക്ക് കണ്ണുംനട്ടിരുന്നു. കളിയിലും അവിടുത്തെ കാഴ്ചകളിലും അവർ അഭിരമിച്ചു. സ്വന്തം സംസ്കാരത്തിലും പാരമ്പര്യത്തിലും അടിയുറച്ചുനിന്ന് കായിക ലോകത്തിന് എല്ലാം ചെയ്തുനൽകിയവർക്കു മുന്നിൽ ആദരത്തോടെ കൈകൂപ്പിനിന്നു.

ശതകോടികൾ ചെലവിട്ട് കലാശപ്പോരു നടന്ന ലുസൈൽ ഉൾപ്പെടെ എട്ടു സ്റ്റേഡിയങ്ങളാണ് ഖത്തർ അതിവേഗം ഒരുക്കിയത്. ഒന്നു മാത്രം ആവശ്യമായ മാറ്റങ്ങളോടെ നിലനിർത്തി. ഓരോ മൈതാനവും നാടിന്റെ വേറിട്ട പൈതൃകങ്ങൾ പകർന്നുനൽകി. ബദവി തമ്പുകളുടെ ആകൃതി പേറുന്നതായിരുന്നു അൽബൈത്. മത്സ്യബന്ധന പാരമ്പര്യം പറഞ്ഞുതന്നു, അൽവക്റ. മരുഭൂമിയുടെ ഊഷരതയിൽ നീരുറവച്ചാലായി അൽറയ്യാൻ... അങ്ങനെ ഓരോന്നും.

മെട്രോയും അത്യാധുനിക താമസ സൗകര്യങ്ങളും സജ്ജമായി. സ്റ്റേഡിയത്തിനകത്ത് മദ്യം വിലക്കിയതുൾപ്പെടെ നടപടികൾ ചിലർക്കു പിടിക്കാതെ വന്നെങ്കിലും മഹാഭൂരിപക്ഷവും സ്വാഗതം ചെയ്തു. പ്രതിഷേധിച്ച് ഖത്തറിൽ കളി തുടങ്ങിയ ജർമനി നോക്കൗട്ട് കടക്കാതെ മടങ്ങി.

മറുവശത്ത്, സാക്ഷാൽ ചാമ്പ്യന്മാരായ അർജന്റീനയെ തന്നെ വീഴ്ത്തി സൗദി അറേബ്യ മറ്റൊരു തുടക്കമിട്ടു. അതേറ്റുപിടിച്ച് മൊറോക്കോ അവസാന നാലു വരെ എത്തി. ജപ്പാനും ദക്ഷിണ കൊറിയയും കിടിലൻ കളിയുമായി കളംനിറഞ്ഞു. അതിനിടെ, ഫലസ്തീനികളുടെ ബാനർ ചില ടീമുകൾ മൈതാനത്ത് ഉയർത്തിയും ശ്രദ്ധനേടി.

ഏഷ്യക്കും ആഫ്രിക്കക്കും കളിയുടെ ലോകത്ത് വിലാസ​മുണ്ടെന്ന വലിയ പ്രഖ്യാപനമായിരുന്നു ഖത്തർ ലോകകപ്പ്. അത് ലോകം ഏറ്റുപിടിക്കുകയും ചെയ്തു. ശുദ്ധ വിമർശനമുയർത്തി അതുവരെയും രംഗത്തുണ്ടായിരുന്നവർ പോലും കളി കഴിയുമ്പോൾ കൃതഞ്ജതയോതുകയാണ്. ഈ ലോകമാമാങ്കം ഇത്രമേൽ ജനകീയമാക്കിയതിന്. കളിക്കാനും കാണാനും എല്ലാവർക്കുമാകുമെന്ന് തെളിയിച്ചതിന്. വലിയ പേരുകളെക്കാൾ കളിയഴകാണ് കാര്യമെന്ന വലിയ സത്യം തുറന്നുകാട്ടിയതിന്. 


Full View


Tags:    
News Summary - Qatar has achieved the World Cup It Wanted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.