ഒരു മാസത്തിലേറെക്കാലം ഖത്തറായിരുന്നു ലോകം. ഭൂമിയിലെ മനുഷ്യരേറെയും ഈ കാലയളവിൽ ഉറ്റുനോക്കിയത് ഈ മണ്ണിലേക്കാണ്. അളവറ്റ പ്രതീക്ഷകൾക്കൊപ്പമാണ് നവംബർ അഞ്ചിന് ഇവിടേക്ക് പറന്നിറങ്ങിയത്. ഒരു രാജ്യം, ജനത, അവരുടെ സന്നാഹങ്ങൾ... വ്യാഴവട്ടക്കാലം അവർ നടത്തിയ പ്രവർത്തനങ്ങളാണ് അതിശയമായി ആദ്യം കാഴ്ചയിലും മനസ്സിലും നിറഞ്ഞത്.
ലോകത്തെ വരവേൽക്കാനും വിരുന്നൂട്ടാനും 2010 മുതൽ തുടങ്ങിയ ഒരുക്കങ്ങൾ ഈ വിശ്വമേള എത്രമാത്രം മഹത്തരമാകണമെന്ന് അവരാഗ്രഹിച്ചതിന്റെ തെളിവായിരുന്നു. അതിന്റെ നിറപ്പകിട്ടാർന്നതും അത്യുജ്ജ്വലവുമായ സാക്ഷാത്കാരമാണ് ലുസൈലിലെ കലാശക്കളിയോടെ അതിമികവോടെ പൂർത്തിയായത്. ശുക്റൻ... ഖത്തർ... നന്ദിയോടെ ലോകം ഖത്തറിനെ വാഴ്ത്തുകയാണിപ്പോൾ. കളിച്ചുജയിച്ച അർജന്റീനക്കൊപ്പം സംഘാടനമികവിന്റെ പാരമ്യത്തിൽ നിങ്ങളും ഈ ലോകകപ്പിന്റെ വിജയികളാണ്.
മുൻധാരണകളും ഗൂഢനീക്കങ്ങളുമടക്കമുള്ളവയാൽ, ചില പ്രത്യേക കോണുകളിൽനിന്ന് ഇത്രയേറെ കല്ലെറിയപ്പെട്ടൊരു വേദി കളിയുടെ ചരിത്രത്തിലുണ്ടാകില്ല. എന്നാൽ, ഇത്ര ചിട്ടയോടെയും ഗംഭീരമായും നടത്തിയ മറ്റൊരു ലോകകപ്പ് കളിയുടെ പഴങ്കഥകളിലില്ലെന്ന് സാക്ഷ്യപ്പെടുത്തിയാണ് മേളക്ക് ഐതിഹാസികമായി കൊടിയിറങ്ങിയത്.
പാശ്ചാത്യൻ മാധ്യമങ്ങൾ നടത്തിയ അവാസ്തവ പ്രചാരണങ്ങളുടെ മുനയൊടിഞ്ഞു തേഞ്ഞുപോയ മണ്ണിൽ കളി അതിന്റെ മുഴുവൻ ആവേശവും പുറത്തെടുത്ത് ലോകത്തിന് ഹരംപകർന്നു. എക്കാലവും തങ്ങിനിൽക്കുന്ന ആതിഥ്യവും സൗകര്യങ്ങളും മത്സരങ്ങളുമൊക്കെയാണ് ഖത്തർ ആരാധകമനസ്സിൽ ബാക്കിവെക്കുന്നത്.
കളിയുടെ രസങ്ങളിലേക്ക് കേന്ദ്രീകരിച്ച ലോകകപ്പിൽ ഒരു അനിഷ്ട സംഭവവുമില്ലാതെ, എല്ലാം ഭംഗിയായി കലാശിച്ചു. അറബ് മണ്ണിൽ അനവദ്യസുന്ദരമായൊരു ലോകകപ്പായിരിക്കും നടക്കാൻ പോവുകയെന്ന തങ്ങളുടെ വാഗ്ദാനം നിറവേറിയതായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഏറെ സംതൃപ്തിയോടെയാണ് പ്രഖ്യാപിച്ചത്.
ലോകകപ്പ് ചരിത്രത്തിലെതന്നെ ഏറ്റവും വീറുറ്റ മത്സരങ്ങൾ പിറന്ന ലോകകപ്പാണിത്. ഇവിടെ 'ദുർബലർ' എന്ന ടാഗുമായി ആരുമുണ്ടായിരുന്നില്ല. അർജന്റീനയെ തോൽപിച്ച സൗദി, ബ്രസീലിനെ വീഴ്ത്തിയ കാമറൂൺ, ജർമനിയെയും സ്പെയിനിനെയും കീഴടക്കിയ ജപ്പാൻ, പോർചുഗലിനെ തറപറ്റിച്ച ദ. കൊറിയ, വെയ്ൽസിനെ വീഴ്ത്തിയ ഇറാൻ... ആരും ആരെയും തോൽപിക്കാമെന്നുവന്നതോടെ കളിയുടെ 'ലെവൽ' തന്നെ മാറി. പ്രതിരോധത്തിലേക്ക് ഉൾവലിഞ്ഞവർക്കൊക്കെ 'പണി കിട്ടി'യതോടെ ആക്രമണം അനിവാര്യമായി. അതോടെ കളികൾ ഒന്നിനൊന്ന് ആവേശകരം. ഫൈനൽ അതിനൊത്ത കൊട്ടിക്കലാശവുമായി.
ലോകത്തിന്റെ പരിച്ഛേദമായിരുന്നു ലോകകപ്പ് കാലത്തെ ഖത്തർ. സൂഖ് വാഖിഫും കോർണിഷും കതാറയും അൽബിദയും പേൾ ഖത്തറുമൊക്കെ വിവിധ ദേശക്കാരും ഭാഷക്കാരും നിറക്കാരുമായ മനുഷ്യരുടെ കൂട്ടായ്മകൾകൊണ്ടു നിറഞ്ഞു. മെട്രോ സ്റ്റേഷനുകളിൽ നിറയുന്ന അർജന്റീന ആരാധകരുടെ, വരികളറിയാത്ത പാട്ടിന്റെ ഈണങ്ങൾക്കൊപ്പം എല്ലാവരും കൈയടിച്ചു.
കൈയിലെ മ്യൂസിക് സ്റ്റീരിയോ സിസ്റ്റത്തിനൊപ്പം ആട്ടവും പാട്ടുമായി നടക്കുന്ന മൊറോക്കോക്കാർക്കൊപ്പം എല്ലാവരും കൂടി. ഖത്തറിൽ കാണികളുണ്ടാവില്ലെന്ന് കുറ്റപ്പെടുത്തിയ യൂറോപ്യൻ മീഡിയയെ കൊഞ്ഞനംകുത്തി എല്ലാ മത്സരങ്ങളും നിറഗാലറിക്കുകീഴെ അരങ്ങേറി.
അർജന്റീന, മൊറോക്കോ, ബ്രസീൽ കാണികളൊക്കെ ഖത്തറിന്റെ വർണമനോഹര കാഴ്ചകളായി ചരിത്രത്തിൽ ഇടംനേടി. ഇവിടെയെത്തിയവരെല്ലാം, ദേശഭേദമില്ലാതെ ഖത്തറിന്റെ ആതിഥ്യത്തെ പുകഴ്ത്താൻ മത്സരിക്കുകയായിരുന്നു.
യൂറോപ്യൻ ക്ലബ് സീസണിനിടയിലെ ലോകകപ്പ് മത്സരങ്ങളെക്കുറിച്ചും ആധിയുണ്ടായി. ലോകകപ്പിനെ അത് ബാധിക്കുമെന്ന വിമർശനങ്ങൾ അസ്ഥാനത്തായി. ക്ലബ് മത്സരങ്ങൾക്കിടയിൽനിന്നു വന്ന താരങ്ങളുടെ ഫിറ്റ്നസും എനർജി ലെവലും മികച്ചതായിരുന്നു. അത് മത്സരങ്ങളിലും പ്രതിഫലിച്ചു.
ഖത്തർ ലോകകപ്പ് നിലവിലെ പല കീഴ്വഴക്കങ്ങളെയും കാറ്റിൽപറത്തി. ചെറുരാജ്യങ്ങൾക്കും ലോകകപ്പ് പോലൊരു വമ്പൻ മേള ഭംഗിയായി നടത്താമെന്ന് ഖത്തർ ബോധ്യപ്പെടുത്തി. മികച്ച സംവിധാനങ്ങളൊരുക്കിയാൽ വലിയ രാജ്യങ്ങളിലേതിനേക്കാൾ ലോകകപ്പ് കൂടുതൽ ആസ്വാദ്യകരമായി നടത്താമെന്ന് അത് തെളിയിച്ചു. ഒരു ലോകകപ്പിൽ റെക്കോഡ് മത്സരങ്ങൾ കാണാൻ കളിക്കമ്പക്കാരെ തുണച്ച വേദിയാണ് ഖത്തർ.
ചുരുങ്ങിയ കിലോമീറ്ററുകൾക്കുള്ളിൽ എട്ടു സ്റ്റേഡിയങ്ങൾ. ഗ്രൂപ് ഘട്ടത്തിൽ ഒരു ദിവസം നാലു കളികൾ. ഗതാഗത തടസ്സംകൊണ്ട് ഖത്തർ ആകെ വീർപ്പുമുട്ടുമെന്ന് മുൻവിധികളിലുയർന്ന വിമർശനം. എല്ലാവർക്കും ആശങ്കയുണ്ടായിരുന്നു. എന്നാൽ, അതെല്ലാം കാറ്റിൽപറന്നു.
ഒരു ലക്ഷത്തോളം പേർക്കിരിക്കാവുന്ന ലുസൈൽ സ്റ്റേഡിയത്തിൽപോലും കളികൾ കഴിഞ്ഞ് ഒരു മണിക്കൂറിനകം ആളുകൾ ഒഴിഞ്ഞു. നഗരങ്ങളിലെവിടെയും ഒരു തിരക്കുമുണ്ടായിരുന്നില്ല. ലോകത്ത് മറ്റൊരു രാജ്യത്തിനും കഴിയാത്ത തരത്തിൽ മെട്രോയും ബസ് സർവിസുമൊക്കെ തീർത്തും സൗജന്യമായി കാണികൾക്ക് തുറന്നുകൊടുത്തു. എല്ലാ സംവിധാനങ്ങളും സൂക്ഷ്മമായ കൃത്യതയിൽ ഏകോപിച്ചതോടെ കാര്യങ്ങൾ ഏറ്റവും ഭംഗിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.