ദോഹ: മേഖലയിലെ ആദ്യ ലോകകപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ, അൽ ബിദ്ദ പാർക്കിലെ ഫിഫ ഫാൻ ഫെസ്റ്റിവലിൽ ഫാൻ എൻഗേജ്മെൻറ് കേന്ദ്രത്തിന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി തുടക്കം കുറിച്ചു. ഫാൻ എൻഗേജ്മെൻറ് സെൻറർ ലോഞ്ചിങ് ചടങ്ങിൽ എസ്.സി ഫാൻ ലീഡർ നെറ്റ്വർക്കിലെ അംഗങ്ങൾ പങ്കെടുത്തു. ഫാൻ സെൻററിന്റെ പ്രവർത്തനങ്ങളുടെ അവലോകനവും ഫിഫ ഫാൻ ഫെസ്റ്റിവൽ പര്യടനവും ഉൾപ്പെടെയായിരുന്നു ചടങ്ങുകൾ.
അടിസ്ഥാന കോൺസുലാർ സേവനങ്ങൾ, ആരാധകരുടെ ഒത്തുചേരലുകൾ, പ്രകടനങ്ങൾ എന്നിവ സുഗമമാക്കുന്നതിനുള്ള സേവനം ഫാൻ എൻഗേജ്മെൻറ് സെൻറർ നൽകുന്നു. ആരാധകർക്ക് തങ്ങളുടെ ഏത് ആശങ്കകൾ പങ്കുവെക്കാനുമുള്ള ഔട്ട്ലറ്റായും കേന്ദ്രം പ്രവർത്തിക്കും. കൂടാതെ, ടൂർണമെൻറ് അംബാസഡർമാരുമായി ഫാൻ ആക്ടിവേഷനുകൾക്കുള്ള വേദിയായും എസ്.സിയുടെ ഫാൻ ലീഡർ നെറ്റ്വർക്കിന്റെ ഏകോപന കേന്ദ്രമായും ഇത് പ്രവർത്തിക്കും.
അറബ് ലോകത്ത് ആദ്യമായെത്തുന്ന ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറ് കാലയളവിൽ ആരാധകർക്കാവശ്യമായ എല്ലാ പിന്തുണയും ഫാൻ എൻഗേജ്മെൻറ് സെൻറർ നൽകുമെന്നും ഫിഫ ഫാൻ ഫെസ്റ്റിവൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കേന്ദ്രം, ആരാധകരുടെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനുള്ള സഹായം നൽകുമെന്നും എസ്.സി ഫാൻ എൻഗേജ്മെൻറ് ലീഡ് ഹയ അൽ കുവാരി പറഞ്ഞു. ആരാധകർക്ക് വിവരങ്ങളും ആവശ്യമായ പിന്തുണയും തേടുന്നതിന് ഇതുപോലൊരു സൗകര്യം ലഭിക്കുകയെന്നത് മഹത്തരമായ കാര്യമാണെന്ന് കരുതുന്നതായി ഫാൻ ലീഡർ നെറ്റ്വർക്കിലെ യു.എസ്.എ ആരാധകനായ ബ്രയാൻ റൈറ്റ് പറഞ്ഞു. നവംബർ 19 മുതൽ ഡിസംബർ 18 വരെ രാവിലെ 10 മുതൽ രാത്രി 10 വരെ ഫാൻ എൻഗേജ്മെൻറ് സെൻറർ പ്രവർത്തിക്കും.
60 രാജ്യങ്ങളിൽനിന്നായി 400ലധികം ഫാൻ ലീഡർ ശൃംഖലയായ ലോകകപ്പ് ഹോസ്റ്റ് കൺട്രി ഫാൻ എൻഗേജ്മെൻറ് പ്രോഗ്രാം ഫിഫ ലോകകപ്പിൽ ആദ്യമായാണ് സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.