മൂന്നാം പോരിൽ ക്രൊയേഷ്യ; മനസ്സു കീഴടക്കി മൊറോക്കോ

ഖത്തർ ലോകകപ്പിലെ കിരീട ഫാവറിറ്റുകളായിരുന്ന ബ്രസീലിനെ ക്വാർട്ടറിൽ മടക്കിയ മികവ് അതിലേറെ മനോഹരമായി പുറത്തെ​ടുത്ത ​ക്രൊയേഷ്യക്ക് മൂന്നാം സ്ഥാനം. ആഫ്രിക്കൻ സ്വപ്നങ്ങളുമായെത്തി അദ്ഭുതങ്ങ​ളുടെ സുൽത്താന്മാരായി മാറിയ മൊറോക്കോയെ 2-1ന് വീഴ്ത്തിയാണ് ​ക്രോട്ടുകൾ ലൂസേഴ്സ് ഫൈനലിൽ വിജയവുമായി മടങ്ങിയത്. ​വിജയികൾക്കായി ഗ്വാർഡിയോളും ഓർസിച്ചും വല കുലുക്കിയപ്പോൾ മൊറോക്കോയുടെ ഏക ഗോൾ അശ്റഫ് ദരി നേടി.

ഒന്നും രണ്ടും പോയെങ്കിലും തൊട്ടുപിറകെയുള്ളവരുടെ വലിയ പോരാട്ടത്തിൽ ആഫ്രിക്കക്ക് ഒരു കപ്പ് എന്ന സ്വപ്നവുമായി മൊറോ​ക്കോയും കഴിഞ്ഞ ലോകകപ്പോടെ സോക്കർ ലോക ഭൂപടത്തിൽ വലിയ പേരായി മാറിയതിന് തുടർച്ച തേടി ക്രൊയേഷ്യയും ഇറങ്ങിയപ്പോൾ കളിയഴകിന്റെ ഉത്സവത്തിനായിരുന്നു ഖലീഫ സ്റ്റേഡിയത്തിൽ തിരശ്ശീലയുയർന്നത്.

കിക്കോഫ് വിസിൽ മുതൽ കളി പിടിച്ച് 2018ലെ റണ്ണേഴ്സ് അപ്പ് ടീം നടത്തിയ അതിവേഗ മുന്നേറ്റങ്ങ​ളാണ് മൈതാനത്തെ ഉണർത്തിയത്. സെമിയിൽ ഫ്രാൻസ് കാണിച്ച അതേ മാതൃകയിൽ എതിരാളികൾക്കെതിരെ തുടക്കത്തിൽ ഗോൾ നേടുകയെന്ന ശൈലിയായിരുന്നു മോഡ്രിച്ചിന്റെ പട്ടാളം സ്വീകരിച്ചത്. മധ്യനിരക്കൊപ്പം വിങ്ങുകളും ഒരേ താളത്തിൽ പന്തുമായി പാഞ്ഞുകയറിയപ്പോൾ മൊറോക്കോ പ്രതിരോധത്തിന്റെ കെട്ട് അതിവേഗം ​പൊട്ടി.​ ഗോളി പോലും സമ്മർദത്തിലായ​തോടെ തുടക്കത്തിൽ തന്നെ ഗോൾ വീണെന്നു തോന്നിച്ചു. ഗോളി യാസീൻ ബോനോക്കു കിട്ടിയ മൈനസ് പാസ് അടിച്ചൊഴിവാക്കിയത് സ്വന്തം പോസ്റ്റു ​ചാരി പുറത്തേക്കു പോകുന്നതും കണ്ടു. അത് തുടക്കം മാത്രമായിരുന്നു. കാലും കണക്കുകൂട്ടലും പിഴക്കാത്ത പാസുകളുമായി ക്രൊയേഷ്യൻ മുന്നേറ്റം നടത്തിയ നീക്കങ്ങളിലൊന്നിൽലാണ് ആദ്യ ഗോൾ എത്തുന്നത്.

മൊറോക്കോ പകുതിയിൽ ​ക്രൊയേഷ്യക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് ലഭിക്കുന്നത് വിങ്ങിൽ പെരിസിച്ചിന്റെ തലകളിൽ. കൃത്യമായി കണക്കുകൂട്ടി നേരെ പോസ്റ്റിനു മു​ന്നിലേക്ക് തളളിനൽകിയത് താഴ്ന്നുചാടിയ ഗ്വാർഡിയോൾ തലവെച്ച് വലക്കുള്ളിലാക്കി. പിന്നെയും​ ക്രൊയേഷ്യൻ കുതിപ്പുതന്നെയാകുമെന്ന് തോന്നിച്ചെങ്കിലും തൊട്ടടുത്ത മിനിറ്റിൽ അടുത്ത ഗോളുമെത്തി. ഇത്തവണ പക്ഷേ, ക്രോട്ടുകളുടെ വലയിലായിരുന്നു. വലതുവിങ്ങിൽ മൊറോക്കോക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് സ്വന്തം ബോക്സിൽ അപകടമൊഴിവാക്കാൻ ക്രൊയേഷ്യൻ താരം തലവെച്ചെങ്കിലും നേരെ എത്തുന്നത് സ്വന്തം പോസ്റ്റിൽ മൊറോക്കോയുടെ അശ്റഫ് ദരിയുടെ തലക്കു പാകമായി. ഉയർത്തിനൽകുന്നതിന് പകരം താഴോട്ടുപാകമാക്കി കുത്തിയിട്ടത് ഗോളിയുടെ നീട്ടിപ്പിടിച്ച കൈകൾ ചോർത്തി വല കുലുക്കി. അതോടെ ഗാലറി ഇളകിമറിഞ്ഞു. ഇരുടീമുകളും തുടർച്ചയായി നടത്തിയ ആക്രമണങ്ങൾക്ക് അതിവേഗം ലഭിച്ച മധുര സാക്ഷാത്കാരം.

പിന്നെയായിരുന്നു അതി​മനോഹര നീക്കങ്ങളിലേറെയും മൈതാനത്തു പിറന്നത്. പിന്തുണയുമായി ആർത്തുവിളിച്ച ആരാധകക്കൂട്ടത്തെ സാക്ഷി നിർത്തി അതിവേഗ റെയ്ഡുകളുമായി മൊറോക്കോ നിര പടർന്നുകയറി. ഒന്നിനു പിറകെ ഒന്നായി അലമാല കണക്കെ ഗോൾയാത്രകൾ. പിൻനിരയിൽ ഹകീം സിയഷ് തുടക്കമിട്ട നീക്കങ്ങൾ ഹകീമിയും ദരിയും ചേർന്ന് ഗോളിനരികെയെത്തിച്ച് മടങ്ങി. ​നിർഭാഗ്യം പലപ്പോഴും വില്ലനായപ്പോൾ കൃത്യതയില്ലായ്മ മറ്റു ചിലപ്പോൾ ലക്ഷ്യം പിഴക്കാനിടയാക്കി.

എന്നാൽ, മൊറോക്കോ ഗോൾ പ്രതീക്ഷിച്ച ഗാലറിയെ ഞെട്ടിച്ച് കൗണ്ടർ അറ്റാക്കിൽ ക്രോട്ടുകൾ ഗോൾ നേടി. ​പ്രതിരോധവും മധ്യനിരയും ദുർബലമായ സമയത്ത് പറന്നെത്തിയ ക്രൊ​യേഷ്യൻ പട്ടാളം നടത്തിയ നീക്കത്തിനൊടുവിലായിരുന്നു ഓർസിച്ച് പന്ത് വലയിലെത്തിക്കുന്നത്. ആക്രമണത്തിന് തുല്യ പ്രാധാന്യം നൽകിയ ഗെയിമായതിനാൽ ഈ സമയം മൊറോക്കോ താരങ്ങൾ മറുവശത്തുനിന്ന് എത്തുന്നതേയുണ്ടായിരുന്നുള്ളൂ. ആദ്യം വലതുവിങ്ങിൽ ഗോളടിക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തിയ മൊറോക്കോ പ്രതിരോധം തട്ടിയൊഴിവാക്കിയ പന്ത് വീണ്ടും ​കിട്ടിയത് ക്രോട്ടുകളുടെ കാലുകളിൽ. ഇടതുവിങ്ങിൽ കാലിലെത്തിയ ഓർസിച്ച് നീട്ടിയടിച്ച പന്ത് ഗോളി ബോനെയെ കടന്ന്​ പോസ്റ്റിന്റെ വലതുമൂലയിൽ പോസ്റ്റിലിടിച്ച് അകത്തേക്ക്. ഗോളവസരങ്ങളിലും പന്തിനു മേൽ നിയന്ത്രണത്തിലും ഒരു പണത്തൂക്കം മുന്നിൽ നിന്ന ​ക്രൊയേഷ്യക്കെതിരെ പിടിച്ചുനിന്ന് പിന്നെയും ​അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്ന മൊറോക്കോയുടെ നീക്കങ്ങൾ പാതിവഴയിൽ നിർത്തി ആദ്യ പകുതി അവസാനിപ്പിച്ച വിസിൽ മുഴങ്ങി.

ഇടവേള കഴിഞ്ഞ് കളി തുടങ്ങിയ ഉടൻ ​ക്രൊയേഷ്യയുടെ ഊഴമായിരുന്നു. ആദ്യ പകുതിയിൽ ഒരുവട്ടം എതിർവല ചലിപ്പിച്ച ആവേശം വിടാതെ ഓർസിച്ച് മൊറോക്കോ ബോക്സിൽ പായിച്ച അതിവേഗ ഷോട്ട് പക്ഷേ, മൊറോക്കോ പ്രതിരോധ താരം ശരീരം കൊണ്ട് തടഞ്ഞിട്ടു. തൊട്ടുപിറകെ മറുപാതിയിൽ അശ്റഫ് ഹകീമിയുടെ നീക്കം എവിടെ​യുമെത്താതെ ഒടുങ്ങി. ഇരുപകുതികളിലും പന്ത് മാറിമാറി അപകടം വിതച്ചപ്പോഴും പന്തടക്കത്തിലും പാസിങ്ങിലും ഒരുപോലെ മുന്നിൽനിന്നത് ക്രൊയേഷ്യ. മൊറോക്കോയാകട്ടെ, ഗോൾ കണ്ടെത്താനുള്ള അത്യാവേശത്തിൽ പലപ്പോഴും സ്വന്തം കോട്ട കാക്കാൻ മറന്നു, പാസുകൾ വഴി തെറ്റി. ഇതത്രയും അവസരമാക്കി എതിരാളികൾ കളിയും ആക്രമണവും കൂടുതൽ കടുപ്പിച്ചു. ഓരോ തവണയും പന്ത് ക്രൊയേഷ്യൻ കാലുകളിലെത്തുമ്പോൾ മൊറോക്കോ പടക്ക് നെഞ്ചിടിപ്പേറി.

അർജന്റീനക്കെതിരെ കഴിഞ്ഞ കളിയിൽ പാളിപ്പോയ ടീം ഗെയിം തിരിച്ചുപിടിച്ചായിരുന്നു ക്രൊയേഷ്യൻ ആക്രമണം. മറുവശത്ത്, ഒപ്പം പിടിക്കാൻ ഒരു ഗോൾ എന്നതിലായിരുന്നു മൊറോക്കോ ഊന്നൽ. ഒരിക്കൽ മുന്നിൽ ഗോളി മാത്രം നിൽക്കെ, ഹകീം സിയെഷിനു ലഭിച്ച പന്ത് നീട്ടി​യടിച്ചെങ്കിലും ക്രൊയേഷ്യൻ ഗോളിയുടെ കാലുകളിൽ തട്ടി മടങ്ങി. കളി അവസാന മിനിറ്റുകളിലെത്തിയ​തോടെ പരുക്കൻ അടവുകളും പരിക്കിന്റെ കളിയും കണ്ടു. അവസാന മിനിറ്റിലും ഗോളവസരം ​മൊ​റോക്കോയെ വന്നുവിളി​ച്ചെങ്കിലും ഹെഡർ ക്രോസ്ബാറിനു മുകളിലൂടെ പറന്നതോടെ കളി തീർന്നു. 

Tags:    
News Summary - Qatar World Cup: Croatia beat Morocco to seal third-place finish

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.