ല​ബ​നീ​സ് സം​ഘം അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തം

കളിക്കൊപ്പം കലയുമുണ്ടിവിടെ...

കളി കലക്കുന്ന സ്റ്റേഡിയങ്ങളിൽ കലയുമുണ്ട് വേണ്ടത്രയെന്ന് തെളിയിക്കുന്ന കാഴ്ചകളാണെങ്ങും. ദോഹ സ്പോർട്സ് സിറ്റി കോംപ്ലക്സിലെ ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ട്-ഇറാൻ മത്സരത്തിന് തിരക്കിട്ടു പോവുകയാണ്. അൽ മൻസൂറയിൽനിന്ന് മുഷൈരിബിലേക്കും അവിടന്ന് സ്പോർട്സ് സിറ്റിയിലേക്കും മെട്രോയിൽ യാത്ര. സ്പോർട്സ് സിറ്റി മെട്രോ സ്റ്റേഷനു മുന്നിലായാണ് ഖലീഫ സ്റ്റേഡിയം.

ഭൂഗർഭ മെട്രോക്ക് പുറത്തിറങ്ങിയതും ഉച്ചത്തിലുയരുന്ന സംഗീതം കേൾക്കാം. ഗേറ്റിനരികെ കെട്ടിയുയർത്തിയ ചെറിയ സ്റ്റേജിൽനിന്നാണത്. തുർക്കിയയിൽനിന്നുള്ള ബഹർ ബാൻഡ് സംഘമാണ് പാടുന്നത്. കേൾക്കാനും മൊബൈലിൽ പകർത്താനും ആളുകളുടെ തിരക്ക്.

മീഡിയ സെന്ററിലേക്കുള്ള വഴിയിലെ ഒഴിഞ്ഞ സ്ഥലത്ത് വേദിയും ആൾക്കൂട്ടവുമൊന്നുമില്ല. പക്ഷേ, നാലഞ്ചു പേർ വേഷഭൂഷാദികളോടെ കെനിയൻ ഡാൻസ് കളിക്കുന്ന തിരക്കിലാണ്. നർത്തകരിലൊരാൾ നൃത്തം ചെയ്യുന്നതിനൊപ്പം മൊബൈൽ ഫോണിൽ നോക്കുന്നുണ്ട്.

വേഷം മാറിയെത്തിയ മൂന്നുപേർ ഇവരുടെ നൃത്തം മാറിനിന്ന് വീക്ഷിക്കുന്നു. ഓരോ സ്പോട്ടായി തിരിച്ചാണ് ഈ കലാപ്രകടനങ്ങൾ അരങ്ങേറുന്നത്. കളി കാണാൻ ടിക്കറ്റില്ലാത്തവരും എന്നാൽ, ലോകകപ്പിന്റെ ആരവങ്ങളിലും ആഘോഷങ്ങളിലും പങ്കാളികളാകാൻ ആഗ്രഹിക്കുന്നവരുമായ ആളുകളാണ് സ്റ്റേഡിയത്തിനരികിലെ കൾചറൽ സ്പോട്ടുകളിൽ എത്തുന്നത്.

കെനിയൻ നൃത്തം അരങ്ങേറുന്ന സ്പോട്ടിന് 50 മീറ്റർ മാറി വേറൊരു നൃത്തവേദി. സ്പോട്ട് നമ്പർ ഏഴ് ആണിത്. ഇവിടെ അരങ്ങേറുന്നത് ലബനാനിൽനിന്നുള്ള കലാകാരന്മാരുടെ ധബ്കെ നൃത്തം. കറുത്ത പ്രത്യേകതരം വസ്ത്രങ്ങളണിഞ്ഞ ആറുപേരും വെളുത്ത ഷർട്ടുധരിച്ച ഒരാളും ചേർന്നാണ് നൃത്തം അവതരിപ്പിക്കുന്നത്. വെള്ളവസ്ത്രക്കാരൻ കൈകളിലെ പ്രത്യേക വടി ചുഴറ്റിയാണ് കളിക്കുന്നത്. കണ്ടുനിൽക്കാൻ രസമുണ്ട്.

കേരളത്തിലെ ചവിട്ടുനാടകത്തിന് സമാനമായ ചുവടുകൾ താളത്തിലാടുന്നു. ഇതിനു തൊട്ടുമുമ്പ് ഇവിടെ അരങ്ങേറിയത് ബോളിവുഡ് ഡാൻസ്. ലോകത്തെ വിവിധ ടീമുകൾ മാറ്റുരക്കുന്ന കാൽപന്തുകളിയുടെ അരങ്ങിനോട് ചേർന്ന് ലോകത്തിന്റെ വിഭിന്ന ഭാഗങ്ങളിലെ കലാപ്രകടനങ്ങളും അരങ്ങേറുന്നത് കാണികൾക്ക് ഹരംപകരുന്നുണ്ടെന്ന് കാഴ്ചക്കാരുടെ എണ്ണം തെളിയിക്കുന്നുണ്ട്. 

Tags:    
News Summary - qatar world cup-cultural spots-programmes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.