ലോകത്തിന്റെ കൈവഴികൾ ഖത്തറിലേക്കൊഴുകിയ ആഘോഷരാവിൽ കളിയുടെ ആകാശം തുറന്നു. ഇനി നക്ഷത്രങ്ങൾ മണ്ണിലേക്ക്. ബദൂവിയൻ ടെൻറുകളുടെ മനോഹര മാതൃകയിൽ പൊതിഞ്ഞ അൽബെയ്ത്ത് സ്റ്റേഡിയത്തിന്റെ നടുത്തളത്തിൽ മധ്യപൂർവേഷ്യയുടെ പാരമ്പര്യവും സംസ്കാരവും ഇഴപിരിഞ്ഞ സാന്ധ്യശോഭയിൽ ഖത്തർ സ്വാഗതം ചൊല്ലി... അഹ്ലൻ വ സഹ്ലൻ ഫിൽ ആലം (ലോകമേ സ്വാഗതം)...
കളിയുടെ മഹാപോരാട്ടങ്ങൾക്കായി ഒരു വ്യാഴവട്ടക്കാലം മണ്ണും മനസ്സുമൊരുക്കിയ സമർപ്പിത നാളുകൾക്കൊടുവിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പ്രഖ്യാപിച്ചു. ഖത്തറിലെ മഹാപോരാട്ടങ്ങൾക്ക് ഇതാ തുടക്കമായിരിക്കുന്നു. അതോടെ ലോകം നാലാണ്ടുകളായി കാത്തുകാത്തിരുന്ന പോർക്കളം യാഥാർഥ്യമായി. അറേബ്യൻ ഉൾക്കടലിന്റെ തീരത്ത് ഖത്തറിന്റെ അഷ്ട ദിക്കുകളിൽ ഇനി കാൽപന്തിന്റെ പെരുങ്കളിയാട്ടം. അവിടെ, ലോക ഫുട്ബാളിലെ ആറ്റിക്കുറുക്കിയ 32 പോർസംഘങ്ങൾ. വിജയം മാത്രം മനസ്സിൽ കണ്ട് തന്ത്രവും മറുതന്ത്രവുമൊരുക്കിയ അടിതടവുകൾ. 29 പകലിരവുകളിൽ 64 കളികളിലായി ഇനി പന്തിന്റെ ചടുലചലനങ്ങൾക്കു പിന്നാലെയാണ് ലോകം.
ഗാനിം അൽ മുഫ്തയുടെ മനോഹര ഈണത്തിലുള്ള ഖുർആൻ പാരായണത്തോടെയാണ് 22ാമത് ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമായത്. ദൂരങ്ങളെ തമ്മിലടുപ്പിക്കുന്ന പാലമാവുകയെന്ന സന്ദേശമാണ് ഉദ്ഘാടന ചടങ്ങ് പ്രസരിപ്പിച്ചത്.
ദീപപ്രഭയിൽ മുങ്ങിയ നടുത്തളത്തിൽ അറേബ്യൻ ജീവിതത്തിന്റെ കാൻവാസായ മരുഭൂമിയും മൂന്ന് ഒട്ടകങ്ങളുമാണ് ആദ്യം തെളിഞ്ഞത്. പിന്നെ വിഖ്യാത ഹോളിവുഡ് നടനും ഓസ്കർ ജേതാവുമായ മോർഗൻ ഫ്രീമാൻ എത്തി. ശേഷം, ഖത്തറിന്റെ കലയും സംസ്കാരവും ജീവിതവും ലോകത്തിനു മുമ്പാകെ അടയാളപ്പെടുത്തുന്ന ദൃശ്യങ്ങൾ. ദാനയുടെ പാട്ട്, അർദ നൃത്തം. ഭാഗ്യചിഹ്നം ലഈബ്... നിറഗാലറിക്ക് മനസ്സുനിറഞ്ഞ വിരുന്നൊരുക്കി പാട്ടും മേളവും ഉച്ചത്തിലുയർന്നു. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ത്യയുടെ പ്രതിനിധിയായി ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
ഖത്തറിന്റെ പരമ്പരാഗത വസ്ത്രമായ കന്തൂറയണിഞ്ഞവരാൽ നിറഞ്ഞതായിരുന്നു ഗാലറി. ചടങ്ങുകൾക്കു പിന്നാലെ ആതിഥേയരായ ഖത്തറും എക്വഡോറും തമ്മിലുള്ള ആദ്യ മത്സരത്തിന് കിക്കോഫ് വിസിൽ. കളിയിൽ എക്വഡോർ 2-0ത്തിന് ജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.