ഗോളുമാല

ദോഹ: ഖത്തറിൽ ചോരത്തിളപ്പിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളത്രയും. ആ ബലത്തിൽ പന്തുകളിയുടെ ഖലീഫമാരാകാൻ ഒരുങ്ങിയെത്തിയ ഇംഗ്ലീഷ് സംഘം അൽ റയ്യാനിലെ ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ ആറാടിയപ്പോൾ പിറന്നത് തകർപ്പൻ ജയം.

യുവതാരങ്ങൾ ഗോളടിച്ചുതിമിർത്ത ഗ്രൂപ് 'ബി'യിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് 6-2ന് ഇറാനെ നിലംപരിശാക്കി. വരാനിരിക്കുന്ന പോരാട്ടവഴിയിൽ വമ്പൻ ടീമുകൾക്ക് മുന്നറിയിപ്പുമായി ഗാരെത് സൗത്ത്ഗേറ്റിന്റെ കുട്ടികൾ ഗംഭീരമായിത്തന്നെ വരവറിയിച്ചു. ബുകായോ സാക രണ്ടു ഗോൾ നേടിയപ്പോൾ (43, 62 മിനിറ്റ്), ജൂഡ് ബെല്ലിങ്ഹാം (35), റഹീം സ്റ്റെർലിങ് (45+1), , മാർകസ് റഷ്ഫോർഡ് (71), ജാക് ഗ്രീലിഷ് (90) എന്നിവർ ഓരോ തവണ വല കുലുക്കി. മെഹ്ദി തരേമിയുടെ (65, 90+13 മിനിറ്റ്) വകയായിരുന്നു ഇറാന്റെ ഇരുഗോളും.

ലോകകപ്പിന്റെയോ യൂറോകപ്പിന്റെയോ ചരിത്രത്തിൽ തങ്ങളുടെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനമാണ് ഇംഗ്ലണ്ടിന്റേത്. 2018ൽ 6-1ന് പാനമയെ തോൽപിച്ച നേട്ടത്തിനു പിന്നാലെയാണ് ഹാരി കെയ്നും കൂട്ടരും വീണ്ടും തകർത്താടിയത്.

'പിന്നോട്ടടിച്ച്' ഇറാൻ

വമ്പൻ ടീമുകൾക്കെതിരെ മുഴുവൻ താരങ്ങളും പിന്നിലേക്കിറങ്ങി കോട്ടകെട്ടുന്ന പതിവുരീതിയാണ് കിക്കോഫ് മുതൽ ഇറാൻ അവലംബിച്ചത്. ഇതിന് മറുവശമെന്നോണം ഗോളി പിക്ഫോർഡ് ഒഴികെ മുഴുവൻ ഇംഗ്ലീഷ് താരങ്ങളും ഇറാൻ ഹാഫിൽ തമ്പടിക്കുന്നതായിരുന്നു തുടക്കത്തിലെ കാഴ്ച.

ഏഴാം മിനിറ്റിൽ ഫ്രീകിക്കിൽനിന്നു വന്ന നീക്കത്തിൽ വലതു വിങ്ങിൽനിന്ന് ഹാരി കെയ്ൻ നൽകിയ ക്രോസിനെ പറന്നു വീണ് ഗതിമാറ്റി ഗോളി ബെയ്റൻവന്ദ് ഇറാന്റെ രക്ഷക്കെത്തി. പന്ത് കിട്ടിയ ഹാരി മഗ്വയറിന്റെ ശ്രമം പുറത്തേക്കായിരുന്നു. ഈ സേവിനിടെ സഹതാരവുമായി കൂട്ടിയിടിച്ച് തലക്ക് സാരമായി പരിക്കേറ്റ ബെയ്റൻവന്ദിന് സ്ട്രെച്ചറിൽ കളം വിടേണ്ടിവന്നു. പകരമെത്തിയത് ഹുസൈനി.

ഉറച്ച അവസരങ്ങൾ തുറന്നെടുക്കാൻ ഇംഗ്ലണ്ടിനെ അനുവദിക്കാതെ അരമണിക്കൂർ ശ്രമകരമായി പിടിച്ചുനിന്ന ഇറാന്റെ കാവൽകോട്ടകൾ തകർന്നുതരിപ്പണമാകുന്ന കാഴ്ചയായിരുന്നു പിന്നെ. ഖലീഫ സ്റ്റേഡിയത്തിൽ ആദ്യ കാൽമണിക്കൂർ നേരം 94 ശതമാനവും പന്ത് ഇംഗ്ലണ്ടിന്റെ കാലുകളിലായിരുന്നുവെന്നത് മൃഗീയ ആധിപത്യത്തിന്റെ തെളിവായിരുന്നു.

 ഇറാനെ 6-2ന് തകർത്ത് ഇംഗ്ലണ്ടിന്റെ തകർപ്പൻ തുടക്കം

പിന്നണിയിൽ കൂട്ടമായി ചെറുത്തുനിൽക്കുന്ന ടീമുകൾക്കെതിരെ ഫലപ്രദമാകുന്ന രീതിയിലേക്ക് കളിമാറ്റുകയായിരുന്നു ഇംഗ്ലണ്ട്. അവരുടെ 80 ശതമാനം ആക്രമണങ്ങളും ഇഴനെയ്തുകയറിയത് വിങ്ങുകളിലൂടെയായിരുന്നു. ഇഞ്ചുറി ടൈമിൽ മാർക് ചെയ്യപ്പെടാതെനിന്ന സുവർണാവസരത്തിൽ അലി റേസ ജഹാൻബക്ഷിന്റെ വോളി ഗതിമാറിപ്പറന്നതു മാത്രമായിരുന്നു ആദ്യപകുതിയിൽ ഇറാൻ നടത്തിയ ഏക ആക്രമണം.

രണ്ടാം പകുതിയിൽ ഇംഗ്ലണ്ട് ആക്രമണം തുടരുന്നതിനിടയിൽ ഇറാൻ പ്രത്യാക്രമണങ്ങളുമായി മിടുക്കുകാട്ടി. മെഹ്ദി തരേമിയുടെ ഇരട്ട ഗോളുകളും സർദാർ അസ്മൂന്റെ ക്രോസ്ബാറിലിടിച്ച ഷോട്ടുമൊക്കെ അതിന്റെ പ്രതിഫലനമായിരുന്നു. മത്സരത്തിൽ 78 ശതമാനം സമയത്തും പന്ത് കൈവശംവെച്ച ഇംഗ്ലണ്ടിന്റെ 13 ഷോട്ടുകളിൽ എട്ടും ടാർഗറ്റിലേക്കായിരുന്നു.

സൗത്ത്ഗേറ്റിന്റെ വിശ്വാസം കാത്ത് യുവനിര

യുവതാരങ്ങളായ ജൂഡ് ബെലിങ്ഹാമിനെയും ബുകായോ സാകയെയും പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയാണ് ഗാരത് സൗത്ത്ഗേറ്റ് തന്ത്രം മെനഞ്ഞത്. അത് കുറിക്കുകൊള്ളുകയായിരുന്നു കളത്തിൽ. കെയ്നിനെ മുന്നിൽ നിർത്തി 4-2-3-1 ശൈലിയിൽ ഇംഗ്ലണ്ട് ആക്രമണം കൊഴുപ്പിച്ചപ്പോൾ പ്രതിരോധത്തിന് ഊന്നൽ നൽകുന്ന 5-4 -1 ശൈലിയിലായിരുന്നു ഇറാന്റെ വിന്യാസം.

1-0 (ജൂഡ് ബെലി ങ്ഹാം)

ലൂക് ഷാ ഇടതുവിങ്ങിൽനിന്ന് നൽകിയ തകർപ്പൻ ക്രോസിൽ കണക്കുകൂട്ടിയുതിർത്ത കിടിലൻ ഹെഡർ. ഹുസൈനിക്ക് കാഴ്ചക്കാരനാവാനേ കഴിഞ്ഞുള്ളൂ. 19 വർഷവും 145 ദിവസവും മാത്രം പ്രായമുള്ള ബെലിങ്ഹാം ലോകകപ്പ് ചരിത്രത്തിൽ ഇംഗ്ലണ്ടിന്റെ പ്രായംകുറഞ്ഞ രണ്ടാമത്തെ സ്കോററായി. 18 വർഷവും 190 ദിവസവും പ്രായമുള്ളപ്പോൾ ഗോൾ നേടിയ മൈക്കൽ ഓവനാണ് ഒന്നാമൻ.

2-0 (ബുകായോ സാക)

കോർണർ കിക്കിൽനിന്നുവന്ന നീക്കം. മഗ്വയർ പന്ത് നേരെ സാകക്ക് തട്ടിനീക്കി. ആഴ്സനൽ വിങ്ങറുടെ ഒന്നാന്തരം ഇടങ്കാലൻ ഷോട്ട് വലയിലേക്ക്.

3-0 (റഹീം സ്റ്റെർലിങ്)

സാകയിൽനിന്നാണ് ഗോളിലേക്ക് വഴിതുടങ്ങിയത്. പന്ത് ബെലിങ്ഹാമിലേക്ക്. ശേഷം കെയ്നിലേക്കൊരു ഡ്രൈവ്. വലതു വിങ്ങിലൂടെ മുന്നേറി ക്യാപ്റ്റൻ നൽകിയ ക്രോസിൽ ബൂട്ടിന്റെ അടിഭാഗംകൊണ്ട് സ്റ്റെർലിങ് ഉടനടി ക്ലോസ്റേഞ്ചിൽനിന്ന് വലയിലേക്ക് തള്ളി.

4-0 (ബുകായോ സാക)

ഇറാൻ ഗോളി തൊടുത്ത ഗോൾകിക്ക് അതേ വേഗത്തിൽ അവരുടെ ഹാഫിലേക്ക്. വലതുവിങ്ങിൽനിന്ന് ബോക്സിലേക്ക് കട്ട് ചെയ്തു കയറി. ഒന്നാന്തരം പന്തടക്കത്താൽ നാലു ഡിഫൻഡർമാരെ കാഴ്ചക്കാരാക്കി അവർക്കിടയിലൂടെ പന്ത് തൊടുത്തപ്പോൾ ഗോളിക്ക് അവസരമൊന്നുമുണ്ടായിരുന്നില്ല.

4-1 (മെഹ്ദി തരേമി)

വലതു വിങ്ങിലൂടെ വന്ന നീക്കത്തിനൊടുവിൽ ബോക്സിലേക്ക് പാസ്. വന്ന വഴിയേ തരേമി തകർപ്പൻ ഷോട്ടിലൂടെ പന്ത് വലയുടെ മോന്തായത്തിലേക്ക് അടിച്ചുകയറ്റി.

5-1 (മാർകസ് റാഷ്ഫോർഡ്)

സാകക്കു പകരം 70ാം മിനിറ്റിലാണ് റാഷ്ഫോർഡ് കളത്തിലെത്തിയത്. കാലുകുത്തി മൂന്നാമത്തെ ടച്ചിൽതന്നെ ഗോളിലേക്ക് തകർപ്പൻ ഷോട്ട്.

6-1 (ജാക് ഗ്രീലിഷ്)

കല്ലം വിൽസന്റെ അസിസ്റ്റ്. ബോക്സിന്റെ മധ്യഭാഗത്തുനിന്ന് ഗ്രീലിഷിന്റെ വലങ്കാലൻ ഷോട്ട് വലയിലേക്ക്.

6-2 (മെഹ്ദി തരേമി)

തരേമിയെ ഇംഗ്ലീഷ് ഡിഫൻഡർ ജോൺ സ്റ്റോൺസ് കുപ്പായം പിടിച്ച് വലിച്ചതിന് പെനാൽറ്റി. 'വാറി'ന്റെ വിഡിയോ പരിശോധനയിലാണ് അത് തീരുമാനിച്ചത്. കിക്കെടുത്ത എഫ്.സി പോർട്ടോ താരം അനായാസം പിക്ഫോർഡിനെ കീഴടക്കി. വൻ പരാജയത്തിൽ ഇറാന് ആശ്വാസമായി രണ്ടാം ഗോൾ.

Tags:    
News Summary - qatar world cup-Englands great start by defeating Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.