ദോഹ: ലോകകപ്പിന്റെ ഉദ്ഘാടനമത്സര വേദിയായ അൽ ബെയ്ത് സ്റ്റേഡിയത്തിലെ മീഡിയ ട്രൈബ്യൂണലിൽ സംപ്രേഷണാവകാശമുള്ള മീഡിയ ഡെസ്കിൽ നേരത്തേതന്നെ ഇടംപിടിച്ച് കളി പറയാൻ തുടങ്ങിയിരുന്നു പ്രായമേറെയുള്ള ഈ മനുഷ്യൻ. ചുക്കിച്ചുളിഞ്ഞ മുഖവുമായി കൈയിലൊരു മൈക്കും പിടിച്ച് അൽബെയ്തിലെ കളിമുറ്റത്തേക്ക് നോക്കിയിരുന്ന് സ്പാനിഷ് ഭാഷയിൽ വാചാലനാവുമ്പോൾ വാക്കുകൾക്കും ശരീരഭാഷകൾക്കും യുവത്വം തുടിക്കുന്നു.
ഇത്, അർജൻറീനക്കാരനായ എൻറിക്വെ മകായ മാർക്വസ് എന്ന മുതിർന്ന മാധ്യമപ്രവർത്തകൻ. ഫിഫയുടെ വിശേഷണപ്രകാരം, ഏറ്റവും കൂടുതൽ ലോകകപ്പുകളുടെ ഭാഗമായ മനുഷ്യൻ. 88കാരനായ എൻറിക്വെ മകായയുടെ കരിയറിലെ 17ാം ലോകകപ്പിനാണ് ഖത്തറിൽ പന്തുരുണ്ടു തുടങ്ങിയത്.
1958ൽ സ്വീഡൻ ലോകകപ്പിലൂടെ തന്റെ 23ാം വയസ്സിൽ ലോകകപ്പ് റിപ്പോർട്ടിങ് തുടങ്ങിയ മകായ ഇക്കുറിയും പതിവുതെറ്റിച്ചില്ല. കളിയും കളിരീതിയും വാർത്ത റിപ്പോർട്ടിങ് സാങ്കേതികവിദ്യയുമെല്ലാം മാറിയിട്ടും മാറ്റങ്ങളൊന്നുമില്ലാതെ കാൽപന്തിന്റെ എൻസൈക്ലോപീഡിയയായി എൻറിക്വെ മാർക്വിസ് ഖത്തറിലെത്തിയിട്ടുണ്ട്.
നിലവിൽ അർജൻറീന റേഡിയോ ആയ 'ഡി സ്പോർട്സ് റേഡിയോ എഫ്.എം' ലോകകപ്പ് കമൻററി സംഘത്തിൽ ഒരാളായാണ് എൻറിക്വെയുടെ വരവ്. തെക്കനമേരിക്കയിലും യൂറോപ്പിലുമായി ഏറെ ആരാധകരുള്ള സ്പോർട്സ് റിപ്പോർട്ടറാണ് ഇദ്ദേഹം. പ്രത്യേകിച്ച്, ഡീഗോ മറഡോണ ഉൾപ്പെടെ അർജൻറീന ഫുട്ബാൾ താരങ്ങളും ആദരിക്കുന്ന കളിപറച്ചിലുകാരൻ.
കരിയറിലെ തന്റെ 17ാം ലോകകപ്പിന്റെ കമൻററി ബോക്സിലെത്തുമ്പോൾ മറ്റൊരു വിശേഷം കൂടിയുണ്ടായിരുന്നു അദ്ദേഹത്തിന്. നവംബർ 20ന് തന്റെ 88ാം പിറന്നാൾ ആഘോഷിച്ച സായാഹ്നത്തിലായിരുന്നു അൽബെയ്ത് സ്റ്റേഡിയത്തിൽ കൊച്ചുമക്കളുടെ പ്രായമുള്ള സഹപ്രവർത്തകർക്കൊപ്പം പുതുതലമുറയുടെ ഫുട്ബാൾ വിശേഷങ്ങൾ പങ്കുവെക്കാനെത്തിയത്.
നിലവിൽ ഏറ്റവും കൂടുതൽ ലോകകപ്പുകൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകൻ എന്ന റെക്കോഡ് ഈ ബ്വേനസ് എയ്റിസുകാരനാണ്. 64 വർഷത്തെ ലോകകപ്പ് ജീവിതത്തിനിടയിൽ ആദ്യമായാണ് താൻ ലോകകപ്പ് വേദിയിൽ പിറന്നാൾ ആഘോഷിക്കുന്നതെന്നായിരുന്നു അർജൻറീന മാധ്യമമായ 'എൽ ഡിയാറിയോ'യോട് എൻറിക്വെയുടെ പ്രതികരണം.
നവംബർ-ഡിസംബർ മാസത്തിൽ ആദ്യമായൊരു ലോകകപ്പ് എത്തിയത് അപൂർവ ആഘോഷത്തിന് വഴിവെച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്നു. എൻറിക്വെ മകായയുടെ പിറന്നാൾ ഫിഫയും ആഘോഷിച്ചു. ഫിഫയുടെ തെക്കനമേരിക്കൻ ട്വിറ്റർ പേജിൽ മകായ പങ്കാളിയായ ലോകകപ്പ് ചാമ്പ്യൻഷിപ്പുകളുടെ വിശദമായ പട്ടിക പങ്കുവെച്ചായിരുന്നു ഫിഫ ആശംസ നേർന്നത്.
ആറു പതിറ്റാണ്ടിലേറെ നീണ്ട ലോകകപ്പ് കരിയറിൽ ഒരുപാട് ആഘോഷങ്ങൾക്കും കണ്ണീരിനും സാക്ഷിയാവാൻ ഇദ്ദേഹമുണ്ടായിരുന്നു. ഡീഗോ മറഡോണ, യൊഹാൻ ക്രൈഫ്, പെലെ എന്നിവർ അരങ്ങേറ്റം കുറിക്കുമ്പോഴും കിരീടമണിയുമ്പോഴും വിരമിക്കുമ്പോഴും മാച്ച് ബോക്സിലുണ്ടായിരുന്നു.
1958ൽ അർജൻറീന ദുരന്തചിത്രമായപ്പോഴും അർജൻറീനയില്ലാത്ത 1970 മെക്സികോയിലും 1986ൽ ഡീഗോ കിരീടനൃത്തം ചവിട്ടിയപ്പോഴും 1990ലെ കണ്ണീർ ദുരന്തത്തിലുമെല്ലാം എൻറിക്വെ സാക്ഷിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.