ദോഹ: ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും ഹയ്യാ കാർഡില്ലാതെ ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുമെന്ന അറിയിപ്പിനു പിന്നാലെ അബു സംറ അതിർത്തിയിൽ വൻ ജനത്തിരക്ക്. യു.എ.ഇ, സൗദി, ബഹ്റൈൻ, ഒമാൻ, കുവൈത്ത് തുടങ്ങയി ഗൾഫ് രാജ്യങ്ങളിൽ നിന്നും ആയിരങ്ങളാണ് വ്യാഴം, വെള്ളി ദിവസങ്ങളിലായി അതിർത്തിയിലെത്തുന്നത്. എന്നാൽ, ജി.സി.സി രാജ്യങ്ങളിലെ താമസക്കാരിൽ നിശ്ചിത തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് മാത്രമാണ് ഹയ്യ കാർഡില്ലാതെ പ്രവേശനം അനുവദിക്കുന്നതെന്ന് ട്രാവൽ ആൻഡ് ടൂറിസം മേഖലയിലുള്ളവർ അറിയിച്ചു.
ഇന്ത്യ, ഈജിപ്ത്, പാകിസ്താൻ ഉൾപ്പെടെ 18 രാജ്യങ്ങളിൽ നിന്നുള്ള താമസക്കാരിൽ 54 തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് മാത്രമാണ് ഹയ്യാ കാർഡില്ലാതെ ഖത്തറിലേക്ക് പ്രവേശനം നൽകുന്നത്. ഇതിനു പുറമെ, താമസിക്കുന്ന കാലയളവിലേക്കുള്ള ഹോട്ടൽ ബുക്കിങ് രേഖകൾ, റൗണ്ട് ട്രിപ്പ് ടിക്കറ്റ് എന്നിവയും ഉറപ്പിക്കണം. 100 റിയാലാണ് എൻട്രി ഫീസ്. പാസ്പോർട്ടിനും, അതാത് രാജ്യത്തെ തിരിച്ചറിയൽ രേഖക്കും ചുരുങ്ങിയത് ആറു മാസം കാലാവധി ഉണ്ടായിരിക്കണം. പ്രവേശന അനുമതിയുള്ള തൊഴിൽ മേഖല ഐ.ഡിയിൽ വ്യക്തമായിരിക്കുകയും വേണം.
പട്ടികയിലുള്ള അംഗങ്ങൾക്ക് മാത്രമാണ് ഇപ്പോൾ ഹയ്യാ കാർഡില്ലാതെ വരാൻ സൗകര്യമുള്ളതെന്ന് ഗോ മുസാഫർ ഡോട് കോം ജനറൽ മാനേജർ ഫിറോസ് നാട്ടു 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. 100 റിയാലാണ് നിലവിലെ ഫീസ്. ഒരു മാസമാണ് പരമാവധി കാലാവധി. നിശ്ചിത കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരുകയാണെങ്കിൽ 200 റിയാൽ പിഴ ഈടാക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിപ്പ് നൽകിയതായും ഫിറോസ് നാട്ടു പറഞ്ഞു. അതേസമയം, മാച്ച് ടിക്കറ്റുള്ളവർക്ക് ഹയ്യാ അനുമതിക്ക് അപേക്ഷിച്ചു തന്നെ ഖത്തറിൽ എത്താവുന്നതാണ്.
-ഹയ്യാ ഇല്ലാതെ പ്രവേശന അനുമതി 54 തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് മാത്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.