ദോഹ: ലോകം കാൽപന്ത് മഹാമേളയുടെ ആവേശത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. ഇതിഹാസതാരങ്ങളുടെ വമ്പുറ്റ പോരാട്ടങ്ങൾക്ക് വിസിൽ മുഴങ്ങുംമുമ്പേ നാടും നഗരവും കളിയുടെ ഉത്സവലഹരിയിൽ അമർന്നുകഴിഞ്ഞു. നവംബർ 20ന് ഖത്തറിന്റെ മണ്ണിൽ കിക്കോഫ് കുറിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാളിന്റെ ആവേശം വായനക്കാരിലെത്തിക്കാൻ 'മാധ്യമ'വും സജ്ജം. മധ്യപൂർവേഷ്യയിൽ ആദ്യമായി വിരുന്നെത്തിയ ലോകകപ്പ് ഫുട്ബാളിന്റെ ആവേശകരമായ ഓരോ നിമിഷവും വാർത്തകളിലും ചിത്രങ്ങളിലുമായി വായനക്കാരിലേക്കു പകരാൻ 'മാധ്യമം' വാർത്താസംഘം ദോഹയിലെത്തി. ന്യൂസ് എഡിറ്റർ എൻ.എസ്. നിസാർ, ഗൾഫ് മാധ്യമം സീനിയർ റിപ്പോർട്ടർ കെ. ഹുബൈബ്, ഫോട്ടോഗ്രാഫർ ബൈജു കൊടുവള്ളി എന്നിവരുടെ വാർത്തകളും ചിത്രങ്ങളും ഇനിയുള്ള ദിനങ്ങളിൽ വായനക്കാരിലെത്തിത്തുടങ്ങും.
വയനാട് കൽപറ്റ പരിയാരം സ്വദേശിയായ എൻ.എസ്. നിസാർ 2000 മുതൽ മാധ്യമം പത്രാധിപസമിതി അംഗമാണ്. അണ്ടർ 17 ഫിഫ ലോകകപ്പ്, അണ്ടർ 17 ഫിഫ വനിത ലോകകപ്പ്, കൊൽക്കത്തയിൽ നടന്ന അർജന്റീന-വെനിസ്വേല സൗഹൃദ ഫുട്ബാൾ, ദേശീയ ഗെയിംസുകൾ, സന്തോഷ് ട്രോഫി, ഇന്ത്യൻ സൂപ്പർ ലീഗ്, ലോകകപ്പ് ഉൾപ്പെടെ നിരവധി ക്രിക്കറ്റ് മത്സരങ്ങൾ മാധ്യമത്തിനായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മികച്ച സ്പോർട്സ് ലേഖകനുള്ള മുഷ്താഖ് അവാർഡ് ഉൾപ്പെടെ അംഗീകാരങ്ങളും നേടിയിട്ടുണ്ട്.
കൊയിലാണ്ടി നന്തി സ്വദേശിയായ കെ. ഹുബൈബ് 'ഗൾഫ് മാധ്യമം' ദോഹ റിപ്പോർട്ടറാണ്. ഫിഫ അറബ് കപ്പ്, ഫിഫ ലോകകപ്പ് േപ്ലഓഫ് മത്സരങ്ങൾ, അണ്ടർ 17 ലോകകപ്പ്, ഐ.എസ്.എൽ, ദേശീയ ഗെയിംസ് ഉൾപ്പെടെ അന്താരാഷ്ട്ര-ദേശീയ മത്സരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കൊടുവള്ളി സ്വദേശിയായ ബൈജു മാധ്യമം കൊച്ചി ബ്യൂറോയിൽ ഫോട്ടോഗ്രാഫറാണ്. അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ, അണ്ടർ 17 വനിത ലോകകപ്പ്, ദേശീയ ഗെയിംസ്, ഐ.എസ്.എൽ ഉൾപ്പെടെ പകർത്തിയിട്ടുണ്ട്.
ഇന്ത്യയിലും ഖത്തർ, യു.എ.ഇ, സൗദി അറേബ്യ, ഒമാൻ, ബഹ്റൈൻ, കുവൈത്ത് ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലും പ്രസിദ്ധീകരിക്കുന്ന ഏക ഇന്ത്യൻ ദിനപത്രമായ 'ഗൾഫ് മാധ്യമ'ത്തിലും ലോകകപ്പിന്റെ സമഗ്ര കവറേജിനായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വാർത്തകളും വിഡിയോ റിപ്പോർട്ടുകളും www.madhyamam.comലും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.