ദോഹ: ലുസൈലിൽ മത്സരം അധിക സമയവും പിന്നിട്ട് പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ കീഴടക്കി ലയണൽ മെസ്സിയും സംഘവും കിരീടമുയർത്തി സ്റ്റേഡിയം വിടുമ്പോൾ 12 കിലോമീറ്റർ ഇപ്പുറത്ത് അൽബിദ്ദയിലെ ഫിഫ ഫാൻ ഫെസ്റ്റിവലിനോട് വിട പറയുന്ന തിരക്കിലായിരുന്നു ആരാധകർ.
അൽപ സമയത്തിനുശേഷം ഇവിടം കാറും കോളുമൊഴിഞ്ഞ ആകാശം കണക്കെയാകുമെന്ന് ഓരോ ആരാധകനും അറിയാമായിരുന്നു. ഹയ്യ കാർഡ് കൈവശമുണ്ടെന്ന 'അഹങ്കാരത്തോടെ' ഇനിയിങ്ങോട്ട് തള്ളിത്തിരക്കി കയറിവരാനൊരു അവസരമുണ്ടാകുകയില്ലെന്ന് അവരിൽ പലരും ഒരുവേള ആലോചിച്ചിരിക്കാം.
എത്രയൊക്കെ കൂകിവിളിച്ചാലും ഹമദ് അൽ അമാരിയെന്ന ഖത്തരി കലാകാരന്റെ വാക്ചാതുരിയും ആരെയും കൈയിലെടുക്കാനുള്ള കഴിവും ഇനി ഈ വേദിയിൽ കാണാൻ സാധിക്കില്ലെന്ന തിരിച്ചറിവുമാകാം അതിന് കാരണം. ടിക്കറ്റില്ല എന്ന ഒറ്റക്കാരണംകൊണ്ട് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ട ഓരോ ആരാധകന്റെയും അവസാന ആശ്രയമായിരുന്നു ദിവസേന പതിനായിരങ്ങൾ ആർത്തുല്ലസിച്ച് അർമാദിക്കുന്ന അൽ ബിദ്ദ പാർക്കിലെ ഫാൻ ഫെസ്റ്റിവൽ.
ടിക്കറ്റ് എടുക്കാൻ സാധിക്കാത്ത നിരവധി പേർ എങ്ങനെയൊക്കെയോ ഹയ്യാ കാർഡ് തരപ്പെടുത്തിയായിരുന്നു ജോലിത്തിരക്കും കഴിഞ്ഞ് ഇവിടെയെത്തിയിരുന്നത്. ഏതെങ്കിലും ടിക്കറ്റ് ലഭിച്ചിട്ടും ഇഷ്ടടീമിന്റെ കളികാണാൻ ടിക്കറ്റ് ലഭിക്കാത്തവരുടെ കൂട്ടത്തിൽ പെട്ടുപോയ ഹതഭാഗ്യരെയും ഫാൻ ഫെസ്റ്റിവലിൽ കാണാൻ സാധിച്ചിരുന്നു.
ആഴ്ചയിലും മാസത്തിലുമൊരിക്കൽ ഒരുമിക്കുന്ന കൂട്ടുകാർക്ക് ദിവസവും സംഗമിക്കാനുള്ള വേദികൂടിയായിരുന്നു ഇവിടം. കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ ഇവിടെയെത്തി ഓരോ നിമിഷവും ആസ്വദിക്കുകയും ആഘോഷിക്കുകയും ചെയ്തിരുന്നു.
ഏകദേശം ഒരുമാസക്കാലം നീണ്ടുനിന്ന ഫിഫ ഫാൻ ഫെസ്റ്റിവലിന് ആരാധകരെപ്പോലെ ജീവൻ നൽകിയിരുന്ന ഒരാളുണ്ടായിരുന്നു. ഖത്തറിന്റെ പ്രിയ കലാകാരനും അവതാരകനുമായിരുന്ന ഹമദ് അൽ അമാരി. അൽ അമാരിയുടെ ഏറെ രസകരമായ അവതരണ മികവ് അവസാന ദിവസം വരെ നീണ്ടുനിന്നു.
ഫാൻ ഫെസ്റ്റിവലിന് മിഴിവേകുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ അവതരണങ്ങളെല്ലാം. മത്സരിക്കുന്ന രാജ്യത്തിന്റെ ആരാധകർക്കു പുറമേ ഓരോ രാജ്യക്കാരെയും പേരെടുത്ത് പരാമർശിച്ച് എല്ലാവരെയും ചേർത്തുപിടിച്ചായിരുന്നു അൽ അമാരി ഫാൻ ഫെസ്റ്റിവലിനെ മുന്നോട്ടുനയിച്ചിരുന്നത്. ഒരു കെയർടേക്കറെപ്പോലെ സുരക്ഷാ വകുപ്പിന്റെ നിർദേശങ്ങൾ അദ്ദേഹം ഇടക്കിടെ വേദിയിലെത്തി മത്സരങ്ങൾക്കിടയിലും നൽകിയിരുന്നു. ഒരു വൈമനസ്യവും കൂടാതെ ആരാധകർ അതെല്ലാം ഏറ്റെടുത്തു.
ഫൈനൽ ദിവസവും അദ്ദേഹം ആരാധകരെ കൈയിലെടുത്തു. എന്നാൽ, അന്തിമ വിസിൽ മുഴങ്ങിയതിനുശേഷം വേദിയിലെത്തിയതോടെ അദ്ദേഹം വികാരഭരിതനായി. എനിക്ക് നിങ്ങളോട് ഗുഡ് ബൈ പറയാൻ കഴിയുന്നില്ലെന്നും നിങ്ങളായിരുന്നു എന്റെ ഊർജമെന്നും വേദിയെ നോക്കി അദ്ദേഹം പറഞ്ഞു.
പതിനായിരക്കണക്കിന് വരുന്ന ആരാധകർ 'വി ലവ് യൂ ടൂ' എന്ന് ഒരേ സ്വരത്തിൽ മറുപടി പറഞ്ഞപ്പോൾ ആയിരങ്ങൾക്കു മുന്നിൽ ഒരിക്കൽ പോലും മനസ്സിടറാത്ത അൽ അമാരി അവിടെ പരാജയപ്പെടുകയായിരുന്നു. കണ്ണീരോടെയാണ് അദ്ദേഹം വേദി വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.