ദോഹ: രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ സൂഖ് വാഖിഫിൽ ലോകകപ്പിന് ആഴ്ചകൾക്ക് മുമ്പ് തുടങ്ങിയ ആരാധകരുടെ ആർപ്പുവിളികളും ഇഷ്ട ടീമുകൾക്ക് വേണ്ടിയുള്ള ചാൻറ്സും അതിെൻറ പാരമ്യത്തിലെത്തിയിരിക്കുകയാണിപ്പോൾ. ഇവിടെയെത്തുന്ന സന്ദർശകന് സൂഖിെൻ ഓരോ മുക്ക് മൂലകളിലും ഓരോ രാജ്യത്തിെൻറയും ആരാധകക്കൂട്ടങ്ങളെ ആർപ്പുവിളികളുമായെത്തുന്നത് കാണാൻ സാധിക്കും.
പതാകകളും ചിഹ്നങ്ങളും ആലേഖനം ചെയ്ത വസ്ത്രങ്ങൾ ധരിച്ചും പതാകയുടെ നിറങ്ങളിൽ തുന്നിയെടുത്ത അറബ് ഗഫിയ്യ തലയിലണിഞ്ഞും ചിലർ ഒരിടത്ത് ഒരുമിച്ച് കൂടി ടീമിന് വേണ്ടി ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ ശബ്ദമുയർത്തുമ്പോൾ മറ്റു ചിലർ കൂറ്റൻ പതാകകളുമേന്തി മാർച്ച് ചെയ്താണ് ടീമുകൾക്ക് തങ്ങളുടെ പിന്തുണ അറിയിക്കുന്നത്. ഓരോ രാജ്യത്തിെൻറയും പൗരന്മാർക്കൊപ്പം മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരും കൂടിയാകുമ്പോൾ സൂഖ് വാഖിഫ് ആരാധകരുടെ പ്രധാന ഹബ്ബായി മാറുകയാണ്.
സൂഖിലെത്തുന്ന ഒരാളും വീണ്ടും സന്ദർശിക്കണമെന്ന ആഗ്രഹത്തോടെയായിരിക്കും അവിടെ നിന്നും വിടപറയുക. കഴിഞ്ഞ ദിവസം ഹമദ് രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയ അർജൈൻറൻ സ്വദേശി റോഡ്രിഗോ പറയുന്നത് ഞാൻ സൂഖ് വാഖിഫിനെ ഏറെ ഇഷ്ടപ്പെടുന്നുവെന്നും എത്തിച്ചേരാൻ ഏറ്റവും താൽപര്യമുള്ള ഇടമാണിതെന്നുമാണ്. ഘാന, ജപ്പാൻ, കൊറിയ, മൊറോക്കോ, തുനീഷ്യ, ബ്രസീൽ, അർജൻറീന, മെക്സിക്കോ തുടങ്ങി നിരവധി ആരാധകരാണ് ദിവസേന സൂഖിൽ ഒത്തുചേരുന്നത്.
നാലാം തവണ ഖത്തറിലെത്തുന്ന സൗദി പൗരനായ സഅദ് പറയുന്നത്, സൂഖ് വാഖിഫ് ഏറെ മാറിയിരിക്കുന്നുവെന്നാണ്. ആരാധകരും സന്ദർശകരും സൂഖിനെ മറ്റൊരു തലത്തിലേക്ക് എത്തിച്ചിരിക്കുന്നുവെന്നും എല്ലാവരും ആനന്ദ ലഹരിയിലാണെന്നും സഅദ് പറയുന്നു. തനത് അറബ് രുചിഭേദങ്ങൾ അടുത്തറിയുന്നതിനും നിരവധി പേരാണ് സൂഖിലെത്തുന്നത്. കുതിര, ഒട്ടക സവാരി, ഫാൽക്കൺ പ്രദർശനം, ക്രാഫ്റ്റ് സെൻറർ, ആർട്ട് സെൻറർ, ഫാൽക്കൺ ആശുപത്രി, ഗോൾഡൻ തമ്പ് സ്റ്റാച്ച്യൂ, പീജിയൻ സ്ക്വയർ തുടങ്ങി നിരവധി ആകർഷണങ്ങൾ സൂഖിന് മാത്രം അവകാശപ്പെട്ടതാണ്.
അറബ് സുഗന്ധങ്ങൾക്കും ആവശ്യക്കാരേറെയാണ്. സൂഖിലെത്തുന്നവരിൽ അറബ് സുഗന്ധങ്ങൾക്കായി മാത്രം എത്തുന്നവരുമുണ്ട്. മെക്സിക്കൻ ആരാധകരായ യുവാനും ലൂയിസും അവരിൽ പെടുന്നവരാണ്. അറബ് സുഗന്ധമുപയോഗിക്കുന്നത് എന്ത് കൊണ്ടും ഇഷ്ടപ്പെടുന്നുവെന്നും നാട്ടിൽ ഉപയോഗിക്കുന്നതിനേക്കാൾ ഏറെ വ്യത്യസ്ത അനുഭവമാണ് ഇവ നൽകുന്നതെന്നും ഇരുവരും പറയുന്നു.
ഖത്തറിലെത്തുന്ന എല്ലാവർക്കും സൂഖ്വാഖിഫ് അതിെൻറ വാതിലുകൾ മലർക്കെ തുറന്നിട്ടിരിക്കുകയാണ്. ലോകകപ്പ് പ്രമാണിച്ച് നവംബർ,ഡിസംബർ മാസങ്ങളിലായി 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുമെന്ന് സൂഖ് വാഖിഫ് മാനേജ്മെൻറ് നേരത്തെ അറിയിച്ചിരുന്നു. ഹയ്യ കാർഡില്ലാതെ തന്നെ സൂഖ് വാഖിഫ് സന്ദർശിക്കാമെന്നതും ആളുകളെ ഇങ്ങോട്ട് ആകർഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.