'വല' തുറന്ന് എക്വഡോർ

ദോഹ: അൽബെയ്ത്തെന്നെ സ്വന്തം 'വീട്ടു'മുറ്റം. ലോകകപ്പിന്റെ ആതിഥ്യമെന്ന അഭിമാനം. വിശ്വപോരാട്ട ചരിത്രത്തിലെ തങ്ങളുടെ അരങ്ങേറ്റമത്സരം. നിറഗാലറിയുടെ പിന്തുണ. എല്ലാം ഒത്തുവന്നെങ്കിലും എന്നർ വലൻസിയയെ പിടിച്ചുകെട്ടാൻ മാത്രം 'അന്നാബി'കൾക്കായില്ല.

ഫലം, നായകൻ വലൻസിയ ഇരുവട്ടം വലകുലുക്കിയപ്പോൾ എക്വഡോറിന് 22ാമത് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകളുടെ മിന്നുംജയം. 16ാം മിനിറ്റിൽ പെനാൽറ്റി സ്പോട്ടിൽനിന്ന് ടീമിനെ മുന്നിലെത്തിച്ച വലൻസിയ 31ാം മിനിറ്റിൽ തകർപ്പൻ ഹെഡറിലൂടെ ലീഡ് ഉയർത്തുകയായിരുന്നു.

തെക്കനമേരിക്കക്കാരുടെ സർവാധിപത്യം കണ്ട കളിയിൽ അവരുടെ വേഗമാർന്ന നീക്കങ്ങൾക്കെതിരെ അന്നാബികളെന്ന് വിളിപ്പേരുള്ള ഖത്തറിന് പിടിച്ചുനിൽക്കാനായില്ല. ഫിസിക്കൽ ഗെയിമിലും എക്വഡോറുകാർ മിടുക്കുകാട്ടിയപ്പോൾ ഖത്തറിന്റെ ഒറ്റപ്പെട്ട നീക്കങ്ങൾ മധ്യനിരയോളമെത്തി അസ്തമിച്ചുപോകുന്നത് പതിവുകാഴ്ചയായി.

കൃത്യമായ തന്ത്രങ്ങൾ എതിരാളികൾക്കെതിരെ ഉണ്ടായിരുന്നില്ലെന്ന് തെളിയിക്കുന്നതായിരുന്നു പന്ത് കൈവശംവെച്ച് കളിക്കുന്നതിലും പാസിങ്ങിലുമൊക്കെ ഖത്തർ പുലർത്തിയ നിലവാരക്കുറവ്.

തുടക്കം മുതൽ എക്വഡോർ

ആതിഥേയ ടീമിന് ആർപ്പുവിളിക്കാനുറച്ച് ഒഴുകിയെത്തിയ ആരാധകവൃന്ദത്തെ ഞെട്ടിച്ചാണ് എക്വഡോർ തുടങ്ങിയത്. കിക്കോഫ് വിസിൽ മുഴങ്ങി അടുത്ത മിനിറ്റിൽതന്നെ ഖത്തറിന്റെ വലകുലുങ്ങി. വലൻസിയ തന്നെയായിരുന്നു പന്ത് നെറ്റിലെത്തിച്ചത്.

അക്രോബാറ്റിക് നീക്കത്തിൽനിന്നുവന്ന പാസിൽ വലൻസിയ കൃത്യമായി ഹെഡർ ഉതിർത്തെങ്കിലും 'വാറി'ന്റെ പുനഃപരിശോധനയിൽ അത് ഓഫ്സൈഡായി വിധിക്കപ്പെട്ടു. പിന്നീടങ്ങോട്ടും ആക്രമിക്കാൻ അറച്ചുനിന്ന ഖത്തറിനുമേൽ കൃത്യമായ പാസിങ്ങിലും തന്ത്രങ്ങളിലും എക്വഡോർ പിടിമുറുക്കിക്കൊണ്ടിരുന്നു.

ഇഞ്ചുറി ടൈമിലാണ് ഖത്തറിന് ആദ്യപകുതിയിലെ മികച്ച അവസരം കിട്ടിയത്. മാർക്ക് ചെയ്യപ്പെടാതെ നിന്ന അൽമോസ് അലി ആറു വാര അകലെനിന്ന് തൊടുത്ത ഹെഡർ ഇഞ്ചുകൾക്ക് പുറത്തേക്കൊഴുകി. ഇതല്ലാതെ ഉറച്ച ഒരു അവസരംപോലും ആദ്യപകുതിയിൽ ആതിഥേയർക്ക് ലഭിച്ചില്ല.

വിരസമായി രണ്ടാം പകുതി

താരതമ്യേന വിരസമായ രണ്ടാം പകുതിയിലും സ്ഥിതി വ്യത്യസ്തമായില്ല. എക്വഡോർ പ്രതിരോധം ശക്തമാക്കി ജാഗ്രത കാട്ടിയതോടെ അവസരങ്ങൾ തുറന്നെടുക്കാനാവാതെ ഖത്തർ കുഴങ്ങി. അക്രം അഫീഫിന്റെ ഷോട്ട് 74ാം മിനിറ്റിൽ വഴിതെറ്റിയകന്നു. അവസാനഘട്ടത്തിൽ വീറോടെ ഒന്നു ശ്രമിച്ചുനോക്കുക പോലും ചെയ്യാതെ അവർ കീഴടങ്ങി. മത്സരത്തിലുടനീളം എക്വഡോർ ഗോളി ഗാലിൻഡസിനെ ലക്ഷ്യമിട്ട് ഒരു ഷോട്ടുപോലും ടാർഗറ്റിലേക്ക് ഖത്തറിന്റെ വക ഉണ്ടായില്ല. 53 ശതമാനം സമയവും പന്ത് കൈവശംവെച്ച എക്വഡോർ ഒടുവിൽ ആധികാരികമായിത്തന്നെ ജയിച്ചുകയറി.

ഗോളുകൾ 1-0

ഖത്തറിന്റെ ഗോളിലേക്കുള്ള നീക്കം തടഞ്ഞൊരുക്കിയ പ്രത്യാക്രമണത്തിൽനിന്നാണ് അന്നാബികളുടെ നെഞ്ചകം തകർത്ത് എക്വഡോർ ആദ്യവെടി പൊട്ടിച്ചത്. മധ്യനിരക്കു പിന്നിൽനിന്ന് മുളപൊട്ടിയ നീക്കത്തിൽനിന്ന് ലഭിച്ച പന്തുമായി രണ്ടു ഡിഫൻഡർമാരെ വെട്ടിയൊഴിഞ്ഞ് വലൻസിയ ബോക്സിലേക്ക്.

മുന്നിൽ ഗോളി സഅദ് അൽ ഷീബ് മാത്രം നിൽക്കെ അയാളെയും ഡ്രിബ്ൾ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു എക്വഡോർ നായകൻ. അത് വിജയിച്ച് മുന്നോട്ടാഞ്ഞതോടെ ഷീബിന്റെ കൈ വലൻസിയയുടെ കാലിൽ പിടിത്തമിട്ടു. എക്വഡോർ താരം വീണതോടെ ഒട്ടും ശങ്കയില്ലാതെ റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽചൂണ്ടി.

ഷീബിന് മഞ്ഞക്കാർഡും കിട്ടി. കിക്കെടുത്ത ഫെനർബാഷെ സ്ട്രൈക്കർ തികഞ്ഞ ആത്മവിശ്വാസത്തോടെ, ഷീബ് ഡൈവ് ചെയ്തതിന്റെ എതിർവശത്തേക്ക് പന്ത് അനായാസം അടിച്ചുകയറ്റി. ഖത്തർ ലോകകപ്പിലെ ആദ്യഗോൾ. എക്വഡോർ ജഴ്സിയിൽ 75ാം മത്സരത്തിൽ വലൻസിയയുടെ 36ാം ഗോൾ. കിഴക്കുവശത്ത് മഞ്ഞയണിഞ്ഞ് കൂട്ടംകൂടിയ എക്വഡോർ കാണികൾക്ക് ആഘോഷം.

2-0

മൊത്തം ഉണർന്നുകളിച്ച ടീമിന്റെ നായകൻ അതിലേറെ ഉണർവിലായിരുന്നു. കളി അരമണിക്കൂർ പിന്നിടവേ വലതുവിങ്ങിൽനിന്ന് മുന്നേറ്റം. പ്രെസ്യാഡോയുടെ അളന്നുകുറിച്ച ക്രോസിൽ എതിർ ഡിഫൻഡർമാർക്കിടയിലൂടെ ഉയർന്നുചാടി ഹെഡറുതിർത്ത വലൻസിയയുടെ കണക്കുകൂട്ടൽ കിറുകൃത്യമായിരുന്നു.

ഷീബ് മുഴുനീളത്തിൽ ഡൈവ് ചെയ്ത് ശ്രമിച്ചെങ്കിലും പന്ത് കൈകൾക്കും പോസ്റ്റിനുമിടയിലെ നേരിയ ഒഴിവിലൂടെ വലയിലേക്ക്. ഒരു ലോകകപ്പിൽ ആതിഥേയർ ആദ്യകളിയുടെ ആദ്യപകുതിയിൽതന്നെ രണ്ടു ഗോളിന് പിന്നിലാകുന്നത് ഇതാദ്യം.

Tags:    
News Summary - qatar world cup-first competition-ecuador

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.