കാലാന്തരങ്ങളിലൂടെ മണ്ണുപോല്‍, ജലംപോല്‍ മനുഷ്യന്റെ അനുഭവപരമ്പരകളിലേക്ക് ഏറ്റവും ജൈവികമായി ഉള്‍ച്ചേര്‍ന്ന ' The Most Beautiful game , Football '. ആ കാല്‍പന്താട്ടത്തിന്റെ ആത്യന്തിക രാജ്യാന്തര കിരീടം തേടുന്ന മഹായുദ്ധഭൂമി ഉണരാന്‍ ഇനി ഏതാനും രാപ്പകലുകള്‍ ബാക്കി...
2018ല്‍ യുവത്വത്തിന്റെയും പരിചയസമ്പത്തിന്റെയും ബലത്തില്‍ കപ്പുയര്‍ത്തിയ ഫ്രാന്‍സിന് ആരാവും തുടര്‍ച്ച എന്നാണ് ലോകം ഉറ്റുനോക്കുന്നത്. 32 ടീമുകളില്‍ കിരീടസാധ്യത കല്‍പിക്കാനാവുന്ന പത്തു ടീമുകളെങ്കിലും മാറ്റുരക്കപ്പെടുന്നുണ്ട്.
കളിതന്ത്രങ്ങളാലും കേളീശൈലികളാലും വ്യത്യാസമുള്ള ആധുനിക ഫുട്ബാള്‍ പരിശീലകരുടെ തത്ത്വദര്‍ശനങ്ങളിലും കർമപദ്ധതികളിലും ചിട്ടവട്ടങ്ങളിലുമാണ് നിയന്ത്രിക്കപ്പെടുന്നത്. ഈ ലോകകപ്പില്‍ ചില പരിണിതപ്രജ്ഞരായ, തങ്ങളുടെ ശൈലീമുദ്രകള് കളിക്കളത്തില്‍ പതിപ്പിച്ച പരിശീലകരില്‍ ചിലരെ പരിശോധിക്കാം.
2018 ലോകകപ്പിലെ രണ്ടാം റൗണ്ട് പരാജയത്തിലൂടെ ഒരു വലിയ അഴിച്ചുപണിയിലേക്ക് പോയ അര്‍ജന്റീന അതുവരെ അസിസ്റ്റന്റ് കോച്ചായിരുന്ന സ്കലോണിയെ ഹെഡ്കോച്ചായി സ്ഥിരപ്പെടുത്തി. ലയണൽ മെസ്സി എന്ന അച്ചുതണ്ടിനെ അടിസ്ഥാനപ്പെടുത്തി മാത്രമേ കളി മെനയാനാകൂവെന്ന ദൗര്‍ബല്യത്തെ, തന്റെ സാധ്യതയാക്കി മാറ്റാന്‍ സ്കലോണിക്ക് ഒരു വര്‍ഷത്തിനുള്ളില്‍ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ വലിയ വിജയം.
അതയാളെ കോപ്പ അമേരിക്ക 2019ലെ മൂന്നാം സ്ഥാനത്തേക്കും 2021ലെ ജേതാക്കള്‍ എന്ന പദവിയിലേക്കും എത്തിച്ചു. ചന്തമാര്‍ന്ന പരമ്പരാഗതശൈലിക്കപ്പുറത്ത് ഒരു മത്സരഫലം എങ്ങനെ തങ്ങള്‍ക്കനുകൂലമാക്കാമെന്ന ലക്ഷ്യം മുന്നിൽക്കണ്ടാണ് സ്കലോണി ടീമിനെ ചിട്ടപ്പെടുത്തിയിട്ടുള്ളതെന്ന് പല മാച്ചുകളും സാക്ഷ്യംനില്ക്കുന്നുണ്ട്.
മത്സരസാഹചര്യങ്ങള്ക്കും എതിര്‍ടീമുകളുടെ ശൈലിക്കും പ്രത്യുപായമായി 4-4-2 , 4-3-3, 4-2-3-1, 4-1-4-1, 4-1-3-2 തുടങ്ങിയ പലവിധ രൂപവിന്യാസങ്ങളിലൂടെ കളി മെനഞ്ഞെടുക്കാനാവുന്ന ഒരു സിസ്റ്റം സ്കലോണി രൂപപ്പെടുത്തിയിട്ടുണ്ട്. ടീമിന്റെ രൂപഘടനകള്‍ ഏതായാലും അതിനെല്ലാം മുകളിലായി സ്ഥിരതയുള്ള ഒരു സംഘ-നൈസർഗികത (Team Characteristics) കാണിക്കുന്ന അര്‍ജന്റീന, എത്ര ശക്തരായ എതിരാളികളോടും കളിയുടെ കടിഞ്ഞാണ്‍ പിടിച്ചെടുക്കാനുള്ള ശേഷിയുള്ള ടീമാണ്.
ഫുള്‍ബാക്കുകളുടെ ക്രയശേഷി പലപ്പോഴും ഈ സിസ്റ്റത്തിന്റെ ആണിക്കല്ലാവുന്നുണ്ട്. ഒരു വ്യവസ്ഥാപിതരൂപമില്ലാത്ത മധ്യനിരയുടെ കയറി-ഇറങ്ങലുകള്‍ പ്രതിരോധനിരക്ക് ഇത്തിരി പണിക്കൂടുതല്‍ നല്കുന്നു. മധ്യനിര പലപ്പോഴും കുറഞ്ഞ സ്പേസിലേക്ക് ആകാരപ്പെടുന്നത് എതിരാളികള്‍ക്ക് ഗോള്‍മുഖം ആക്രമിക്കാന്‍ സുഗമമാവും എന്നതുമെല്ലാം കളിതന്ത്രങ്ങളെ ഇഴകീറി വിലയിരുത്തുന്നവര്‍ക്ക് പോരായ്മയായി ചൂണ്ടിക്കാട്ടാവുന്നതാണ്.
എന്നിരുന്നാലും മെസ്സിയും ഡി മരിയയും ഗോണ്‍സാലസും റോഡ്രിഗസും ലൊ സെസല്സോയും പരഡേസും ഡെ പോളും ഡിബാലയും മാര്ട്ടിനസുമടങ്ങുന്ന ഈ കൂട്ടം ടൂര്‍ണമെന്റിന്റെ ഫേവറിറ്റുകള്‍ തന്നെയാണ്. നാലു വര്‍ഷമായി ഈ ടീമില്‍ പുതിയൊരു സംവിധാനം രൂപപ്പെടുത്തുന്നതില്‍ സ്കലോണിയുടെ കൈയാളുകളായി പാബ്ലോ അയ്മര്‍, റൊബേര്‍ട്ടോ അയാള, വാള്‍ട്ടര്‍ സാമുവേല്‍ എന്നീ ഇതിഹാസ താരങ്ങളാണുള്ളത്. സാങ്കേതികതയിലും പരിചയസമ്പന്നതയിലും വമ്പേറിയ ഈ മന്നന്മാരുടെ സാന്നിധ്യവും അര്‍ജന്റീനക്ക് നല്കുന്ന കരുത്ത് വേറെത്തന്നെയാണ്.
എട്ടു വര്‍ഷം ജോക്വിം ലോയുടെ കീഴില്‍ ജര്‍മന്‍ ദേശീയടീമിന്റെ സഹപരിശീലകനായി ലോകചാമ്പ്യന് പട്ടം നേടിയതിന്റെയും മുഖ്യപരിശീലകനായി ബയേണ്‍ മ്യൂണിക്കിനെ യൂറോപ്യന്‍ ജേതാക്കളാക്കിയതിന്റെയും ഗരിമയാണ് ഹാൻസ്, ഫ്ലിക്കിനെ ദേശീയടീമിന്റെ തലപ്പത്തെത്തിച്ചത്. 2019-20 സീസണില്‍ ബയേണ്‍ മ്യൂണിക്കിന്റെ ചാമ്പ്യന്‍സ് ലീഗിലെ വീരോചിത തേരോട്ടത്തിനു പിന്നില്‍ 'ഹാന്‍സി'യുടെ കുശാഗ്രതന്ത്രങ്ങളായിരുന്നു.
എക്കാലത്തെയുംപോലെ താരനിബിഡമായ ഈ ലോകകപ്പിലെ ജര്‍മന്‍ ടീമിനെ ഹാന്‍സി , താന്‍ ബയേണ്‍ മ്യൂണിക്കില്‍ നടപ്പാക്കി വിജയിപ്പിച്ചെടുത്ത 4-2-3-1 രൂപഘടനയില്‍ പ്രതിരോധത്തിനും മധ്യനിരക്കും സുദൃഢമായ ബാലന്‍സിലാണ് ഒരുക്കാൻ ശ്രമിച്ചിത്. ബയേണില്‍ ഹാന്‍സി തന്നെ ആക്രമണോല്‍സുകരും ശാരീരികാഭിമുഖ്യമുള്ള കളിക്കാരാക്കിയും രൂപാന്തരപ്പെടുത്തിയെടുത്ത ലിയോണ്‍ ഗൊരെട്സ്കയും ജോഷ്വാ കിമ്മിച്ചും ടീമിലുണ്ടാകും.
സിറ്റിയുടെ ഗുണ്ടോഗ്വനും ചേരുമ്പോൾ പ്രതിരോധാത്മകമധ്യനിരക്കാരായി കളിഗതിയെ സന്തുലിതപ്പെടുത്തുന്നതിലും ആക്രമണത്തിലേക്കും പ്രതിരോധത്തിലേക്കും മിന്നല്‍വേഗത്തില്‍ ടീമിനെ മാറ്റുന്നതിലും ഹാന്‍സിക്ക് പലവിധ സാധ്യതകളുണ്ട്. ആക്രമണനിരയില്‍ പ്രതിഭകളേറെയാണ്. മ്യൂള്ളറും ഹോഫ്മാനും നാബ്രിയും ഹവേര്‍ട്സും വെര്‍ണറും സാനെയും ജമാല്‍ മ്യൂസ്യാലയും ഒക്കെ മികച്ച ഫോമില്‍ നില്‍ക്കുന്നത് നിര്‍ണായക തീരുമാനങ്ങളിലേക്കുപോകാന് അദ്ദേഹത്തിന് സമ്മര്ദമേറ്റുമെന്നതില് സംശയമില്ല. കളത്തിലെ
ഒാരോ സ്ഥാനങ്ങളിലും ഏറ്റവും സജീവമായും സക്രിയമായും ഇടപെട്ട് അതിലൂടെ എതിര്‍ടീമിനെ അതിസമ്മര്ദത്തിലേക്ക് കൊണ്ടുവന്ന്, പന്തിന്റെ നിയന്ത്രണം പരമാവധി അധീശപ്പെടുത്തി ഗോള്‍മുഖങ്ങള്‍ തുറന്നെടുക്കുന്ന ജര്‍മന്‍ ഫുട്ബാളിന്റെ ഏറ്റവും ഭീതിതമായ പതിപ്പാകും ഹാന്‍സി ഫ്ലിക്കും പിള്ളേരും പ്രദര്‍ശിപ്പിക്കുക എന്ന് പ്രത്യാശിക്കാം.
ഈ ലോകകപ്പിലെ വയോധികപരിശീലകരില് മുന്‍പന്തിയിലുള്ളയാളാണ് 71കാരനായ നെതർലൻഡ്സ് കോച്ച് ലൂയി വാന്‍ഗാല്‍. യൂറോപ്യന്‍ ഫുട്ബാളില്‍ കഴിഞ്ഞ മൂന്നു ദശകങ്ങളില്‍ പ്രോജ്ജ്വലമായ നേട്ടങ്ങളുണ്ടാക്കിയവരില് പ്രഥമഗണനീയന്‍. പൂര്‍വാശ്രമത്തില്‍ ഫിസിക്കല്‍ എജുക്കേഷന്‍ അധ്യാപകനായിരുന്ന വാന്‍ഗാല്‍ കളിവരക്കപ്പുറത്തും കൂടാരത്തിനുള്ളിലും അക്ഷരാര്‍ഥത്തില്‍ കണിശക്കാരനായ പ്രഫസറാണ്.
തന്റെ പ്രൊ ആക്ടിവ് ശൈലിയില്‍ സീനിയര്‍ താരങ്ങള്‍ക്കുപോലും സ്വാധീനം ചെലുത്താനാവാത്തവിധം കരിങ്കല്സമാനഹൃദയനാണ്. 2014 ലോകകപ്പില്‍ ടീമിന് മൂന്നാം സ്ഥാനം നേടിക്കൊടുക്കാനായതും ഒഴുക്കുള്ള ഡച്ച് ഫുട്ബാള്‍ ശൈലി കൊണ്ട് കാണികളോട് സംവദിക്കാനാവുന്നതും സീനിയര്‍-ജൂനിയര്‍ കളിക്കാരെ ഒരേപോലെ കൈകാര്യം ചെയ്യാനാവുന്നതുമെല്ലാം നെതർലൻഡ്സിന് ഗുണപരമാവുമെന്നാണ് കരുതുന്നത്.
'90കളില്‍ അയാക്സ് ആംസ്റ്റര്‍ഡാം ക്ലബിലൂടെ തുടങ്ങിവെച്ച ഡച്ച് ശൈലിയായ ഗതകാലഗരിമയുള്ള ആ 'ഫ്ലുയിഡിക് ഫുട്ബാള്‍' യൊഹാൻ ക്രൈഫിനു ശേഷം പിന്തുടര്‍ന്ന പരിശീലകനാണ് വാന്‍ഗാല്‍. ആള്, സ്ഥാന ഭേദെമന്യേ ആക്രമണത്തിലും പ്രതിരോധത്തിലും ഒരേപോലെ ചലിച്ചുകൊണ്ടിരിക്കുന്നതായിരുന്നു പഴയ ക്രൈഫിയന്‍ ഡച്ച് ശൈലി.
സ്ഥാനബോധ (പൊസിഷനല്‍ സെന്‍സ്) ത്തിന് പ്രാമുഖ്യം നല്കി കുറെക്കൂടി ആയാസരഹിതമായി പന്തില്‍ ആധിപത്യം നിലനിര്‍ത്തി ഗോളിലേക്കെത്തുക എന്ന അടിസ്ഥാന കേളീശൈലി തന്നെയാണ് വാന്‍ഗാല്‍ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നത്. 4-3-3 എന്ന ആക്രമണസ്വഭാവമുള്ള പരമ്പരാഗത ഫോര്‍മേഷനെ ഉടച്ച് 3-4-2-1 പോലുള്ള അത്യാധുനിക ശൈലിയിലേക്ക് വരെ പോകാനും അതിനായി കളിക്കാരെ മൂര്ച്ഛപ്പെടുത്താനും വാന്‍ഗാലിന് കരുത്തുണ്ട്.
എക്കാലത്തും യൂറോപ്പിലെ ഏറ്റവും മികച്ച പ്രതിഭകളുടെ കൂടാരമാവാറുള്ള നെതർലൻഡ്സിന് ഇത്തവണവയും ഫുട്ബാള്‍ പണ്ഡിറ്റ്സ് വലിയ സാധ്യതകള്‍ കല്പിക്കുന്നുണ്ട്. ഈ അടുത്തകാലത്ത് സ്ഥിരീകരിക്കപ്പെട്ട അര്‍ബുദ രോഗത്തെ നിസ്സാരവത്കരിച്ച് രാജ്യത്തിനിതു വരെ കിട്ടാക്കനിയായ വിശ്വകിരീടം നേടിക്കൊടുക്കുക എന്നതു തന്നെയാണ് ഈ മഹാതന്ത്രശാലിയായ പരിശീലകന്റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.