നിങ്ങളിത് കാണുക ശ്വാസമടക്കിപ്പിടിച്ച്

ദോഹ: അട്ടിമറികളുടെ പൂരപ്പറമ്പാവുകയാണോ ഖത്തർ? ആദ്യ റൗണ്ട് മത്സരങ്ങൾ നൽകുന്ന സൂചനകൾ അതാണ്. വൻതോക്കുകൾക്കും ചെറുസംഘങ്ങൾക്കുമിടയിലെ അന്തരം നേർത്തുവരുകയാണ്. പ്രതാപികളായ കളിക്കൂട്ടങ്ങളെ തങ്ങളുടെ വാരിക്കുന്തംകൊണ്ട് കുത്തിമലർത്തുകയാണ് സൗദി അറേബ്യയും ജപ്പാനുമടക്കമുള്ള കുഞ്ഞുപോരാളികൾ.

ലോകകപ്പ് ചരിത്രത്തിൽ ഗ്രൂപ് പോരാട്ടങ്ങളുടെ ആദ്യ റൗണ്ടിൽതന്നെ ഏറ്റവും ഗംഭീരമായ അട്ടിമറികൾ നടന്ന ലോകകപ്പാണിത്. ആരെയും എഴുതിത്തള്ളാനാവില്ലെന്നാണ് ഖത്തറിലെ കളിക്കളങ്ങൾ നൽകുന്ന മുന്നറിയിപ്പ്. 36 വർഷത്തെ ഇടവേളക്കുശേഷം ലോകകപ്പിന്റെ പെരുംപോരാട്ടങ്ങൾക്കെത്തിയിട്ടും താരത്തിളക്കമുള്ള ബെൽജിയത്തിനെതിരെ ഒട്ടും സഭാകമ്പമില്ലാതെ കളിച്ച കാനഡപോലും ആവേശകരമായ കാഴ്ചയായിരുന്നു.

ഇംഗ്ലണ്ടും സ്പെയിനും ഫ്രാൻസും കളിച്ച കളി വെച്ചു നോക്കുമ്പോൾ യൂറോപ്പാണ് തുടക്കത്തിൽ കുതിക്കുന്നത്. മൂന്നു ടീമും അറ്റാക്കിങ്ങിലൂന്നിയ മനോഹര ഫുട്ബാളാണ് കാഴ്ചവെച്ചത്. കൂട്ടത്തിൽ ഗോൾ വഴങ്ങിയശേഷം ഉജ്ജ്വലമായി തിരിച്ചുവന്ന ഫ്രാൻസിന്റെ മനോവീര്യത്തിന് ചാരുതയേറെയായിരുന്നു.

ഏഷ്യക്ക് അഭിമാനം

ഒറ്റപ്പെട്ട ചില കൊള്ളിയാൻമിന്നലുകൾ ഒഴിച്ചു നിർത്തിയാൽ ഏതു ലോകകപ്പിലും യൂറോപ്പിലെയും തെക്കനമേരിക്കയിലെയും വമ്പൻ സംഘങ്ങൾക്ക് കൊട്ടാനുള്ള ചെണ്ടയായിരുന്നു ഏഷ്യൻ ടീമുകൾ. ഖത്തറിൽ അക്കഥ തിരുത്തിയെഴുതപ്പെട്ടിരിക്കുന്നു. മുൻ ചാമ്പ്യന്മാരും പ്രഗല്ഭരുമായ അർജന്റീനയെ സൗദി അറേബ്യയും ജർമനിയെ ജപ്പാനും 1-2ന് അട്ടിമറിച്ചതോടെ സമവാക്യങ്ങളും കണക്കുകൂട്ടലുകളുമൊക്കെ കീഴ്മേൽ മാറിമറിഞ്ഞു.

തകർപ്പൻ പ്രതിരോധവും അതോടൊപ്പം മുനയുള്ള പ്രത്യാക്രമണങ്ങളും സമന്വയിപ്പിച്ചാണ് ഇരുനിരയും ചരിത്രവിജയങ്ങൾക്ക് ഏറക്കുറെ സമാനമായ രീതിയിൽ തിരക്കഥ രചിച്ചത്. മുന്നേറ്റങ്ങൾക്ക് അറച്ച്, മുഴുവൻ സമയം പ്രതിരോധത്തിലേക്ക് ഉൾവലിഞ്ഞ് കളിക്കുന്ന രീതിയായിരുന്നില്ല ഇരുനിരയും അവലംബിച്ചത്.

ആദ്യപകുതിയിൽ ഡിഫൻസിൽ ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും രണ്ടാം പകുതിയിൽ കരുത്തരായ എതിരാളികൾക്കെതിരെ തകർപ്പൻ കളിയാണ് ഇരുടീമും കെട്ടഴിച്ചത്. മനസ്സിൽ കണ്ട ഗെയിംപ്ലാൻ അതേനിലയിൽ കളത്തിലേക്കു പകർത്തിയായിരുന്നു സൗദിയുടെ എക്കാലത്തെയും മികച്ച വിജയം.

ജപ്പാനാകട്ടെ, ശാരീരികമായി കരുത്തരായ എതിരാളികൾക്കെതിരെ രണ്ടാം പകുതിയിൽ ക്രിയേറ്റിവ് ഫുട്ബാളിന്റെ മനോഹാരിത പുറത്തെടുത്താണ് വമ്പൻ അട്ടിമറി സാധ്യമാക്കിയത്. മുൻ ചാമ്പ്യന്മാരായ ഉറുഗ്വായിയുടെ ലാറ്റിനമേരിക്കൻ കരുത്ത് ദക്ഷിണ കൊറിയക്ക് മുന്നിൽ ഗോൾരഹിത സമനിലയിൽ വിയർത്തതും കണ്ടു.

യുവരക്തം തിളക്കുന്നു

ഇംഗ്ലണ്ടും സ്‍പെയിനും നേടിയ തകർപ്പൻ ജയങ്ങൾ ആദ്യ റൗണ്ടിൽ ശ്രദ്ധേയമായിരുന്നു. യുവനിരക്ക് മുൻതൂക്കം നൽകിയ ഇരുടീമിന്റെയും ദൗർബല്യമായി ചൂണ്ടിക്കാട്ടിയതും പരിചയസമ്പന്നരുടെ അഭാവമായിരുന്നു. എന്നാൽ, ആ മുൻധാരണകളെയൊക്കെ ഇരു ടീമിലെയും യുവതാരങ്ങൾ നിരന്തരം ഗോൾവര കടത്തി.

ഇംഗ്ലീഷ് നിരയിൽ 19കാരനായ ബെലിങ്ഹാമും ബുകായോ സാകയും റഹീം സ്റ്റർലിങ്ങുമൊക്കെ വമ്പൻ വേദിയിൽ മുട്ടിടിക്കാതെ പട നയിക്കുകയായിരുന്നു. സെർജിയോ ബുസ് ക്വെറ്റ്സും ജോർഡി ആൽബയുമൊഴികെ പരിചയസമ്പന്നർ അളവിൽ കുറവായ സ്പാനിഷ് ടീമിനുവേണ്ടി ഗാവിയും പെഡ്രിയും ഫെറാൻ ടോറസുമൊക്കെ അരങ്ങുവാണു.

'ദുർബലർ' വളരെക്കുറച്ച്

ഖത്തറിൽ അണിനിരക്കുന്ന 32 ടീമുകളിൽ കോസ്റ്ററീകയും ഖത്തറും ഇറാനും ആസ്ട്രേലിയയും മാത്രമാണ് ആദ്യറൗണ്ടിൽ വലിയൊരളവിൽ നിരാശപ്പെടുത്തിയ 'ചെറുസംഘങ്ങൾ'. വൻതോക്കുകളിൽ നാണംകെട്ട തോൽവി വഴങ്ങിയ അർജന്റീനയും ജർമനിയും. ആതിഥേയരെന്ന പകിട്ടും എക്വഡോറെന്ന ശരാശരി എതിരാളികളും ലോകകപ്പിലെ തങ്ങളുടെ അരങ്ങേറ്റ മത്സരത്തിൽ ഖത്തറിന് സമനിലയെങ്കിലും സമ്മാനിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ.

എന്നാൽ, ഒരു ഗെയിംപ്ലാനും നടപ്പാക്കാനാവാതെ കുഴങ്ങിയ ഖത്തർ എന്നർ വലൻസിയയുടെ ഇരട്ടഗോളുകളിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് എക്വഡോറിനു മുന്നിൽ ചെറുത്തുനിൽപില്ലാതെ കീഴടങ്ങുകയായിരുന്നു. ഇംഗ്ലീഷ് യുവനിരയുടെ ചോരത്തിളപ്പിനു മുന്നിൽ ഇറാൻ തലകുനിച്ചത് 6-2ന്.

രണ്ടെണ്ണം തിരിച്ചടിച്ചുവെന്നത് ഇറാന് ആശ്വസിക്കാൻ വക നൽകുന്നതായി. ഏറ്റവും കനത്ത തിരിച്ചടി കോസ്റ്ററീകക്കായിരുന്നു. മറുപടിയില്ലാത്ത ഏഴു ഗോളുകളാണ് സ്പാനിഷ് യുവനിര കോസ്റ്ററീക്കൻ വലയിൽ അടിച്ചുകയറ്റിയത്. ആസ്ട്രേലിയയാകട്ടെ, തുടക്കത്തിൽ ഒരു ഗോളടിച്ച് ചാമ്പ്യൻ ടീമായ ഫ്രാൻസിനെ ഞെട്ടിച്ചെങ്കിലും പിന്നാലെ നാലെണ്ണം തിരിച്ചുവാങ്ങി പത്തിമടക്കി.

ഡെന്മാർക്-തുനീഷ്യ, മൊറോക്കോ-ക്രൊയേഷ്യ, മെക്സികോ-പോളണ്ട് മത്സരങ്ങൾ ഗോൾരഹിത സമനിലയിൽ കലാശിച്ചു. ഇതിനുപുറമെ ഓരോ ഗോൾ വീതമടിച്ച യു.എസ്.എ-വെയ്ൽസ് മത്സരവും സമനിലയിലായി. മിക്ക ടീമുകളും തുല്യശക്തികളെന്ന നിലയിലാണ് മത്സരങ്ങൾ അരങ്ങേറിയത്.

പ്രവചനങ്ങളേ മാറിനിൽക്കൂ

പ്രവചനങ്ങൾക്കൊന്നും പിടികൊടുക്കാതെയാണ് ഈ ലോകകപ്പ് കുതിച്ചുപായുന്നത്. ആരും ആരോടും ജയിക്കുകയും തോൽക്കുകയുമൊക്കെ ചെയ്യാവുന്ന അവസ്ഥ. ബെൽജിയത്തിനെതിരെ തുടക്കത്തിൽ വീണുകിട്ടിയ പെനാൽറ്റികിക്ക് അൽഫോൻസോ ഡേവീസ് ലക്ഷ്യത്തിലെത്തിച്ചിരുന്നെങ്കിൽ കാനഡയും കഥ മാറ്റിയെഴുതിയേനേ.

ഇതുവരെ കണ്ടതു വെച്ചതു നോക്കുമ്പോൾ കാണാനിരിക്കുന്നത് പലതും കണക്കുകൂട്ടി വെച്ചതിനപ്പുറത്താവും. അർജന്റീനയും ജർമനിയും വീണ മണ്ണിൽ ഇനിയെന്തൊക്കെ നടക്കുമെന്നത് കാത്തിരുന്നുതന്നെ കാണണം.

Tags:    
News Summary - qatar world cup-football competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.