ദോഹ: ഖത്തറിൽ കളി തുടങ്ങുമ്പോൾ ഫ്രാൻസ് കോച്ച് ദിദിയർ ദെഷാംപ്സ് ആത്മവിശ്വാസത്തിലായിരുന്നുവെങ്കിലും ആരാധകർ ആശങ്കയിലായിരുന്നു. കളിക്കാർ ഒന്നൊന്നായി പരിക്കിന്റെ പിടിയിലാവുന്നതായിരുന്നു ആധിക്ക് കാരണം. എന്നാൽ, കളി തുടങ്ങിയതോടെ ഇതെല്ലാം മാറി. ആസ്ട്രേലിയക്കെതിരെ ആദ്യം ഗോൾ വഴങ്ങിയെങ്കിലും പീന്നീട് നാലെണ്ണം എതിർവലയിൽ അടിച്ചുകയറ്റിയ ഫ്രഞ്ചുപട അതിവേഗം ടോപ്ഗിയറിലായി.
ഗ്രൂപ് ഡിയിൽ രണ്ടാം കളിയിൽ ഡെന്മാർക്കിനെ എതിരിടുമ്പോൾ ഫ്രാൻസ് ആവേശത്തിലാണ്. ജയത്തോടെ നോക്കൗട്ട് ഉറപ്പിക്കുകയാണ് ടീമിന്റെ ഉന്നം. തുനീഷ്യയും ആസ്ട്രേലിയയും സമനിലയിൽ കുടുങ്ങുകകൂടി ചെയ്താൽ ഫ്രഞ്ചുകാർക്ക് ഗ്രൂപ്പിൽ ഒന്നാം സ്ഥാനവുമുറപ്പിക്കാം.
എല്ലാ പൊസിഷനുകളിലും ചുരുങ്ങിയത് രണ്ട് മികച്ച താരങ്ങളെങ്കിലുമുണ്ടെന്നതാണ് ഫ്രാൻസിന്റെ കരുത്ത്. കരീം ബെൻസേമയും പോൾ പോഗ്ബയും എൻഗോളോ കാന്റെയുമടക്കമുള്ളവർ പരിക്കിന്റെ പിടിയിലായതൊന്നും ടീമിനെ ബാധിച്ചിട്ടേയില്ല.
മുൻനിരയിൽ സൂപ്പർതാരം കിലിയൻ എംബാപെയും ഒളിവിയെ ജിറൂഡും തിളങ്ങുന്നത് ടീമിന് മുതൽക്കൂട്ടാവും. ഒരു ഗോൾകൂടി സ്കോർ ചെയ്താൽ തിയറി ഒന്റിയെ മറികടന്ന് 52 ഗോളുമായി ഫ്രാൻസിന്റെ എക്കാലത്തെയും ടോപ്സ്കോററവാനുള്ള അവസരമാണ് ജിറൂഡിനിത്.
ഡിഫൻസിലാണ് ഫ്രാൻസിന് ചെറിയ ആശങ്കയുള്ളത്. പ്രിസനൽ കിംപെബെ പരിക്കുമൂലം പുറത്തായത് കൂടാതെ പരിചയസമ്പന്നനായ റാഫേൽ വരാനെ പൂർണ ഫിറ്റല്ലാതിരുന്നതിനാൽ പുറത്തിരുന്നത് ആദ്യ കളിയിൽ ടീമിന് ക്ഷീണമായിരുന്നു. കളിക്കിടെ വിങ്ബാക്ക് ലൂകാസ് ഹെർണാണ്ടസിന് പരിക്കേൽക്കുകയും ചെയ്തു. ലൂകാസിന് പകരം ഫോമിലുള്ള സഹോദരൻ തിയോ ഹെർണാണ്ടസ് ഉള്ളതിനാൽ ടീമിന് പേടിക്കാനില്ല. വരാനെ ഇന്ന് ഇറങ്ങിയേക്കുമെന്നും സൂചനയുണ്ട്.
മറുവശത്ത് ഡെന്മാർക്കിന് ആദ്യ കളിയിൽ തുനീഷ്യയുമായി ഗോൾരഹിത സമനില വഴങ്ങിയതിനാൽ ഇന്ന് ജയം കൂടിയേ തീരൂ. സമനിലപോലും ടീമിന് മതിയായിക്കൊള്ളണമെന്നില്ല. ക്രിസ്റ്റ്യൻ എറിക്സൺ അടക്കമുള്ള താരങ്ങൾ പരമാവധി കളി പുറത്തെടുത്താലേ ഫ്രാൻസിനെതിരെ ഡെന്മാർക്കിന് രക്ഷയുണ്ടാവുകയുള്ളൂ.
ദോഹ: ഗ്രൂപ്പിൽ ആദ്യ കളിയിൽ തോൽക്കുകയും സമനിലയിൽ കുടുങ്ങുകയും ചെയ്ത ടീമുകൾ അങ്കംവെട്ടുമ്പോൾ ഇരുടീമുകൾക്കും ജയം അനിവാര്യമാണ്. തുനീഷ്യ ആദ്യ കളിയിൽ ഡെന്മാർക്കിനോട് സമനില പിടിച്ചപ്പോൾ ആസ്ട്രേലിയ ആദ്യ മത്സരത്തിൽ ഫ്രാൻസിനോട് തോൽക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.