ദോഹ: ഖത്തർ വിസ്മയങ്ങൾ ഒളിപ്പിച്ചുവെച്ച കളിയരങ്ങാവുകയാണ്. ഫുട്ബാളിന്റെ എല്ലാ അനിശ്ചിതത്വവും അതിന്റെ പരമമായ സൗന്ദര്യത്തിൽ കളത്തിലേക്ക് പരന്നൊഴുകുന്ന അട്ടിമറികളുടെ തുടർച്ചയിൽ ഈ മണ്ണ് എല്ലാവർക്കും സാധ്യതകൾ തുറന്നുനൽകുന്നു.
അർജന്റീന വീണുമുടന്തിയ കളിത്തട്ടിൽ ജർമനിയെ ജപ്പാൻ സാമുറായ് ഈ വിധം കീറിമുറിക്കുന്നതിനും കണക്കുകൂട്ടലുകളിൽ സാധ്യതകളൊന്നുമുണ്ടായില്ല. എന്നിട്ടുമത് പുലർന്നു, ഒരു വീരവിജയത്തിന്റെ വിസ്മയം മാറുംമുമ്പേ മറ്റൊന്ന്. സൗദി കാഴ്ചവെച്ച ഇച്ഛാശക്തിയുടെയും മനസ്സാന്നിധ്യത്തിന്റെയും കാർബൺ കോപ്പിയായിരുന്നു ഖലീഫ സ്റ്റേഡിയത്തിലെ ജപ്പാൻ.
തുടക്കംമുതൽ പിന്നിലേക്കിറങ്ങി പ്രതിരോധിക്കുന്നതിനിടയിൽ ഒറ്റപ്പെട്ട പ്രത്യാക്രമണങ്ങൾ ജപ്പാന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. അങ്ങനെയൊരു നീക്കത്തിൽ കേളികേട്ട ജർമൻ മതിൽ പിളർന്ന് ഏഴാം മിനിറ്റിൽതന്നെ വലകുലുക്കി ഏഷ്യക്കാർ അതിശയം വിതറി.
സ്വന്തം ഹാഫിൽനിന്ന് പന്തു റാഞ്ചി കുതിക്കുകയായിരുന്നു ജപ്പാൻ. വലതു വിങ്ങിലൂടെ മുന്നേറി കമാഡ നൽകിയ പാസിൽ മയേഡ ഉടനടി പന്ത് വലയിലേക്ക് തള്ളിയപ്പോൾ ഗാലറി ഇളകിമറിഞ്ഞു. പക്ഷേ, ലൈൻസ്മാന്റെ ഓഫ്സൈഡ് ഫ്ലാഗിൽ ആ ആരവം പൊടുന്നനെ കെട്ടടങ്ങി. ആദ്യ അര മണിക്കൂറിൽ ജർമനിയെ മൂർച്ചയുള്ള മുന്നേറ്റങ്ങളിലേക്ക് കയറിയെത്താൻ ജപ്പാൻ അനുവദിച്ചില്ല.
പന്തുമായി എതിരാളികൾ ബോക്സിലേക്ക് കയറിയെത്തുമ്പോൾ ജാപ്പനീസ് താരങ്ങൾ ഒന്നടങ്കം പിന്നിലേക്കിറങ്ങിയെത്തി. ബോക്സിനുള്ളിലും തൊട്ടുപിന്നിലുമൊക്കെയായി കോട്ടകെട്ടിയപ്പോൾ ജർമൻ ശ്രമങ്ങളൊക്കെ അതിൽ തട്ടിത്തകരുന്നത് പതിവുകാഴ്ചയായി.
ഒടുക്കം, കൃത്യം അരമണിക്കൂർ പിന്നിടവേ ജർമനി കാത്തുകാത്തിരുന്ന മുഹൂർത്തമെത്തി. ബോക്സിനുള്ളിൽ മാർക്ക് ചെയ്യപ്പെടാതെനിന്ന ഡേവിഡ് റോമിലേക്ക് കിമ്മിച്ചിന്റെ പാസ്. പന്തെടുത്ത് ഗോളിലേക്ക് കട്ടു ചെയ്തു കയറാൻ ശ്രമിച്ച റോമിനെ ഗോളി ഷുയിച്ചി ഗോണ്ട വീഴ്ത്തിയപ്പോൾ റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി.
കിക്കെടുത്ത ഗുൻഡ്യോഗൻ അനായാസം ഗോണ്ടയെ കീഴടക്കി. ലീഡ് നേടിയശേഷവും ആക്രമിച്ചുകൊണ്ടിരുന്നു ജർമനി. അതിനൊത്ത രീതിയിൽ പ്രതിരോധം പടുത്തുയർത്തിക്കൊണ്ടുമിരുന്നു ജപ്പാൻ. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഈ പ്രതിരോധം ഭേദിച്ച് ജർമനി വലകുലുക്കി. ആഘോഷവും കെങ്കേമമാക്കി. 'വാറി'ന്റെ സൂക്ഷ്മപരിശോധനയിൽ പക്ഷേ, വിധി മറിച്ചായി.
രണ്ടാം പകുതിയിലും ജർമനി പ്രസിങ് ഗെയിം തുടർന്നു. ജാപ്പനീസ് കളിക്കാരേക്കാൾ ഏറെ ഉയരം കൂടുതലുള്ള ജർമൻകാർക്ക് കളത്തിൽ അതിന്റെ ആനുകൂല്യമുണ്ടായിരുന്നു. അതു മുതലെടുക്കാൻ ക്രോസുകളെ കൂടുതൽ ആശ്രയിക്കുകയും ചെയ്തു.
ഇതിനിടയിൽ 51ാം മിനിറ്റിൽ ബോക്സിൽ കയറി ജമാൽ മൂസിയാല നാലു ഡിഫൻഡർമാരെ വെട്ടിയൊഴിഞ്ഞു തൊടുത്ത ഷോട്ട് പുറത്തേക്കായിരുന്നു. വലയിലേക്ക് തൊടുത്ത ഷോട്ടുകൾ ബോക്സിൽ കോട്ടകെട്ടിയ സഹതാരങ്ങളെയും കടന്നുപോയപ്പോൾ ഗോണ്ട വൻമതിലായി ജർമനിക്കു മുന്നിൽ നിലയുറപ്പിച്ചു.
കളി മുന്നേറുന്നതിനിടെ, പതിയെ തങ്ങളുടെ ക്രിയേറ്റിവ് മിടുക്ക് ജപ്പാൻ പുറത്തെടുത്തുതുടങ്ങി. എൻഡോയെപോലെ പാസിങ് ഗെയിം കളിക്കാൻ പറ്റിയ താരങ്ങൾ മധ്യനിര ഭരിക്കാനിറങ്ങി. ഫലം, അതിശയിപ്പിക്കുന്നതായിരുന്നു. പിന്നണിയിൽ പന്തടിച്ചകറ്റുന്നതിൽനിന്നു മാറി പന്തുമായി അവർ കയറിയെത്താൻ തുടങ്ങി.
അതോടെ, ഏകപക്ഷീയതയിൽനിന്ന് കളി പൊടുന്നന്നെ തുല്യശക്തികളുടേതായി. ഇതിനിടെ, ജപ്പാൻ കോച്ച് ഹാജിമോ മൊറിയാസോ ഊർജസ്വലരായ അഞ്ചു പകരക്കാരെ കൂടുതുറന്നുവിട്ടതും നീക്കങ്ങൾക്ക് ഗതിവേഗം നൽകി. കളി കൊണ്ടും കൊടുത്തും പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ ജർമൻ പ്രതാപത്തിന്റെ കോട്ടകൊത്തളങ്ങൾ തകർത്ത് ആദ്യവെടി പൊട്ടി.
ആദ്യ പകുതിയിൽ അലസനായി ഹാഫിനരികെ വരെ മേഞ്ഞുനടന്ന മാനുവൽ നോയർക്ക് പിടിപ്പതു പണിയൊരുങ്ങി. മിനിറ്റുകൾക്കുമുമ്പ് ജപ്പാന്റെ ഉഗ്രനൊരു നീക്കത്തെ മുഴുനീളത്തിൽ പറന്നുവീണ് തട്ടിയ നോയറുടെ മിടുക്ക് ഇത്തവണ തുണയായില്ല. മിതോമയുടെ പാസിൽ മിനാമിനോയുടെ ഗോളെന്നുറച്ച ഷോട്ട് നോയർ തട്ടിയകറ്റിയതായിരുന്നു. എന്നാൽ, റീബൗണ്ടിൽ ദോവാൻ ഉടനടി പന്ത് വലയിലേക്ക് പായിച്ചതോടെ 42,000 പേർ അണിനിരന്ന ഗാലറി ഇളകിമറിഞ്ഞു.
എട്ടു മിനിറ്റു മാത്രം. ജർമൻകാരൊഴികെ ഗാലറിയിലെ ജപ്പാൻകാരും അല്ലാത്തവരുമൊക്കെ നീലക്കുപ്പായക്കാരെ അകമഴിഞ്ഞ് പിന്തുണക്കുന്നതിനിടയിൽ ഇടിമുഴക്കമായി രണ്ടാം ഗോൾ പിറന്നു. വലതുവിങ്ങിലേക്ക് ഒഴുകിയിറങ്ങിയ പന്തിനെ വരുതിയിലാക്കിയ അസാനോ ജർമൻ ഡിഫൻഡർ നികോ ഷ്ലോട്ടർബാക്കിനെ മറികടന്ന് ശ്രമകരമായ ആംഗിളിൽനിന്ന് തൊടുത്ത തകർപ്പൻ ഷോട്ട് വലയിലേക്ക് പാഞ്ഞുകയറിയപ്പോൾ നോയറിന് പ്രതിരോധമൊന്നും തീർക്കാനായില്ല. പിന്നീടുള്ള നിമിഷങ്ങളെ സമർഥമായി പ്രതിരോധിച്ച് ബ്ലൂസമുറായ് അഭിമാനജയത്തിലേക്കു മുന്നേറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.