മി​ലോ​സ് ഡി​ജെ​നി​ക്

മോഹമഞ്ഞയിൽ

വിജയത്തിന്റെ പടവുകൾ ഏറെ സാഹസികത നിറഞ്ഞതാണെന്നറിഞ്ഞിട്ടും കരുത്തരെയെല്ലാം നേരിടുകതന്നെ ലക്ഷ്യമെന്ന് മനസ്സിലുറപ്പിച്ചാണ് ആസ്ട്രേലിയൻ താരങ്ങൾ ഇത്തവണ ലോകകപ്പിനായി ഖത്തറിലെത്തുന്നത്. ഇന്റർകോണ്ടിനന്റൽ പ്ലേഓഫ് മത്സരത്തിൽ പെറുവിനെ തകർത്തായിരുന്നു ഓസീസ് ലോകകപ്പ് ബെർത്ത്.

പെറുവുമായി സമനിലയായതോടെ പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4 എന്ന സ്കോറിൽ വിജയം ആസ്ട്രേലിയക്കൊപ്പം ചേരുകയായിരുന്നു. പകരക്കാരനായി ഗോൾവല കാക്കാൻ കടന്നുവന്ന ആൻഡ്ര്യൂ റെഡ്മെയ്ൻ പെറു തൊടുത്തുവിട്ട പന്തിനെ കൈകളിൽ ഭദ്രമാക്കിയതാണ് ലോകകപ്പ് ആവേശത്തിന് തിരികൊളുത്തിയത്.

ആദ്യമായി 1974ൽ ലോകകപ്പ് കളിച്ച ആസ്ട്രേലിയക്കിത് 2006 മുതൽ തുടർച്ചയായ അഞ്ചാം ഊഴമാണ്. കരുത്തുറ്റ പ്രതിരോധ നിരയും ഗോൾ സേവിങ്ങിലെ മികവുമാണ് മൈതാനത്ത് പിടിച്ചുനിർത്തുന്ന മരുന്ന്.

എതിർടീമിന്റെ ശക്തിയും കുറവുമെല്ലാം നന്നായി അറിയാവുന്ന താരങ്ങൾക്ക് പ്രതിരോധ നിരയെ ആവശ്യാനുസരണം ശക്തിപ്പെടുത്താനുള്ള തന്ത്രങ്ങളുമറിയാം. 2006ൽ നടന്ന ലോകകപ്പിലാണ് ആസ്ട്രേലിയ അവരുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്.

തുടർച്ചയായി ലോക ഫുട്ബാൾ മാമാങ്കത്തിനെത്തുമ്പോൾ തങ്ങളുടെ രാജ്യത്തിനായി ലോകകപ്പ് കരസ്ഥമാക്കുക എന്നതുതന്നെയാണ് ലക്ഷ്യം. ഒരു തവണ ഏഷ്യൻകപ്പും നാലു തവണ ഒ.എഫ്.സി നേഷൻസ് കപ്പും ഇവർ സ്വന്തമാക്കിയിട്ടുണ്ട്.

ഫുട്ബാളിലെ കരുത്തരെന്ന് വിശേഷിപ്പിക്കുന്ന ഫ്രാൻസിനോടാണ് ആദ്യ മത്സരം. ഫ്രാൻസിനെ തകർക്കാനായാൽ രണ്ടാം മത്സരത്തിൽ തുനീഷ്യയെ അനായാസം തങ്ങളുടെ വരുതിയിലാക്കാൻ സാധിച്ചേക്കും. മൂന്നാം മത്സരത്തിൽ ഡെന്മാർക്കുമായി ഏറ്റുമുട്ടും.

കുന്തമുന

മിലോസ് ഡിജെനികെന്ന 28കാരൻ ജന്മംകൊണ്ട് ക്രൊയേഷ്യക്കാരനാണെങ്കിലും തന്റെ കൂറും കാൽപന്ത് പെരുമാറ്റവുമെല്ലാം ആസ്ട്രേലിയയോടാണ്. മിലോസ് ഡിജെനികിൽ ആരാധകർക്കും വലിയ പ്രതീക്ഷയുണ്ട്. 1995ൽ ക്രൊയേഷ്യയിലുണ്ടായ യുദ്ധത്തിൽ സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡിലേക്ക് പലായനംചെയ്ത സെർബ് ജനതയുടെ ഭാഗമാണ് മിലോസിന്റെ കുടുംബം.

2000ത്തിൽ ആസ്ട്രേലിയയിലെ സിഡ്നിയിലേക്ക് കുടിയേറി താമസിക്കുകയായിരുന്നു. കൊളംബസ് ക്ലബിൽ പന്തുതട്ടുന്ന ഇദ്ദേഹത്തിന് വിവിധ പൊസിഷനുകളിൽ കളിക്കാനുള്ള സാമർഥ്യമുണ്ട്. സെന്റർബാക്കിലും റൈറ്റ് ബാക്കറായും ഡിഫൻസിവ് മിഡ്ഫീൽഡറായുമെല്ലാം കളത്തിൽ നിറഞ്ഞു നിൽക്കാനുള്ള മിലോസിന്റെ കഴിവിലാണ് പ്രതീക്ഷ. 2016ലാണ് പ്രഫഷനൽ ഫുട്ബാൾ രംഗത്തേക്ക് മിലോസ് അരങ്ങേറ്റം കുറിച്ചത്.

കഴിഞ്ഞ തവണ റഷ്യയിൽ നടന്ന ലോകകപ്പിലെ ആസ്ട്രേലിയൻ ടീമിൽ മിലോസ് ഉണ്ടായിരുന്നെങ്കിലും കളിച്ചിരുന്നില്ല. അണ്ടർ 17 ആസ്ട്രേലിയ ടീമിലും അണ്ടർ 19 സെർബിയ ടീമിലും അണ്ടർ 23 ആസ്ട്രേലിയയിലും മിലോസ് പന്തുതട്ടിയിട്ടുണ്ട്.

ടീമിന്റെ നായകനും കരുത്തുറ്റ ഗോൾകീപ്പറുമായ മാത്യു റയാനിലാണ് മറ്റൊരു പ്രതീക്ഷ. കോപൻഹേഗൻ ക്ലബിൽ കളിക്കുന്ന ഇദ്ദേഹം 2012 മുതൽ ആസ്ട്രേലിയൻ ദേശീയ ടീമിനൊപ്പമുണ്ട്. 2015ൽ എ.എഫ്.സി ഏഷ്യൻ കപ്പിൽ ആസ്ട്രേലിയ മുത്തമിട്ടതിലും മാത്യു റയാന്റെ പങ്ക് വലുതാണ്.

യോഗ്യതമത്സരത്തിൽ ടീമിനെ ലോകകപ്പിലേക്കു നയിച്ച പകരക്കാരനായ ഗോൾകീപ്പർ ആൻഡ്ര്യൂ റെഡ്മെയ്നും ഉള്ളപ്പോൾ ഇത്തവണത്തെ ലോകകപ്പിൽ കങ്കാരുനാട്ടുകാർക്ക് മികച്ച നേട്ടം കൊയ്യാം. നൃത്തമാടി ഗോൾവല കാത്തുവെന്നാണ് റെഡ്മെയ്നെ മാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്നത്. 

ആശാൻ

ഗ്ര​ഹാം ജെ​യിം​സ് അർനോൾഡ്


ആസ്ട്രേലിയയിലെ സിഡ്നി സ്വദേശിയായ ഗ്രഹാം ജെയിംസ് അർനോൾഡാണ് ടീമിന്റെ മുഖ്യ പരിശീലകൻ. കളിച്ചിരുന്ന കാലത്ത് ഗ്രഹാം അർനോൾഡൊരു ഗോളടി യന്ത്രമായിരുന്നു. 1980 മുതൽ മൈതാനത്ത് പന്തുതട്ടിയിരുന്ന ഇദ്ദേഹം 161 ഗോളുകളാണ് സ്വന്തം പേരിൽ നേടിയത്.

1985-1997 കാലത്ത് ആസ്ട്രേലിയക്കുവേണ്ടി 19 ഗോളുകളും നേടിക്കൊടുത്തിട്ടുണ്ട്. അനായാസം ഗോൾവലയിലേക്ക് പന്തെത്തിക്കാനുള്ള തന്ത്രങ്ങൾ പരിശീലിപ്പിക്കാനും ഗോൾ പോസ്റ്റിനു സമീപം പ്രതിരോധതാരങ്ങൾക്ക് കരുത്തു പകരാനുമെല്ലാം ഇദ്ദേഹത്തിന് സാധിക്കുമെന്നത് തീർച്ചയാണ്.

1989 മുതൽ 2018 വരെ 11 ടീമുകൾക്ക് ഇദ്ദേഹം പരിശീലകനുമായി. ആസ്ട്രേലിയയിലെ അണ്ടർ 23 ടീമിനുവേണ്ടി നിരവധി തവണ പരിശീലനം നൽകിയിരുന്നു. 2018 മുതലാണ് ആസ്ട്രേലിയൻ ദേശീയ ടീമിന്റെ മുഖ്യപരിശീലകനായി ചുമതലയേറ്റത്.

ടീമിൽ മധ്യനിരയിലടക്കം മികച്ച കളിക്കാരുണ്ടെന്നുള്ളതാണ് അർനോൾഡിന്റെ ആശ്വാസം. ഇവരെ ലോകകപ്പിനായി പാകപ്പെടുത്തിയെടുക്കാൻ ഇദ്ദേഹം കടുത്ത പരിശ്രമം നടത്തുമെന്നതിനാൽ ആസ്ട്രേലിയൻ ആരാധകർക്ക് ഖത്തറിൽ വലിയ പ്രതീക്ഷയുണ്ട്. 

Tags:    
News Summary - qatar world cup-football players-competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.