തിങ്കളാഴ്ച രാത്രി 974 സ്റ്റേഡിയത്തിൽ സ്വിറ്റ്സർലൻഡിനെതിരെ ബ്രസീലിന്റെ കളി കഴിഞ്ഞിറങ്ങിയതും കാണികൾ 'നെയ്മറെ' പൊതിഞ്ഞു. പിന്നെ സെൽഫിയെടുക്കാൻ തിരക്കോട് തിരക്ക്. ഈ തള്ളിച്ചക്കിടയിൽ വീർപ്പുമുട്ടുമ്പോഴും 'നെയ്മർ' ഇളംചിരിയോടെ പോസ് ചെയ്തുകൊണ്ടിരുന്നു.
സെർബിയക്കെതിരായ മത്സരത്തിനിടെ സാരമായ പരിക്കേറ്റ് ഗ്രൂപ് റൗണ്ടിലെ ബാക്കി രണ്ടു മത്സരങ്ങൾ കളിക്കാതെ നെയ്മർ പുറത്തിരിക്കുന്നതിനിടയിലാണ് സെൽഫിയെടുക്കാനായി താരത്തോടുള്ള ആരാധക സ്നേഹം അണപൊട്ടിയത്. തിരക്കുനിയന്ത്രിക്കാൻ വളന്റിയർമാർക്കുവരെ ഇടപെടേണ്ടിവന്നു.
എന്നാൽ, കഥയറിയാത്ത കുറെ ആരാധകർ അക്കൂട്ടത്തിലുണ്ടായിരുന്നു. സെൽഫിയെടുക്കാനും അടുത്തുനിൽക്കാനും ഒന്നുതൊടാനുമൊക്കെ തിരക്കുകൂട്ടിക്കൊണ്ടിരുന്നത് യഥാർഥ നെയ്മറെയല്ല എന്നവർക്കു മനസ്സിലായില്ല. ആൾക്കൂട്ടത്തിന് നടുവിൽ നിൽക്കുന്നത് നെയ്മറുടെ അപരനാണെന്ന് തിരിച്ചറിഞ്ഞത് കുറച്ചുപേർ മാത്രം.
ബ്രസീലിന്റെ ജഴ്സി, വെള്ളത്തൊപ്പി, കൂളിങ് ഗ്ലാസ്..ഭാവഹാവാദികളും വേഷഭൂഷാദികളും ചേർന്നപ്പോൾ യഥാർഥ നെയ്മറല്ലെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ അമ്പരപ്പിക്കുന്ന രൂപസാദൃശ്യം. യഥാർഥ നെയ്മർ ദേഹത്തു പച്ചകുത്തിയതുപോലും അതേ രൂപത്തിൽ അപരനും പകർത്തിയിരിക്കുന്നു. ആളുകൾ തെറ്റിദ്ധരിച്ചതിൽ ഒട്ടും കുറ്റം പറയാനാവില്ല.
പരിക്കുകാരണം വിശ്രമിക്കുന്ന യഥാർഥ നെയ്മർ സ്റ്റേഡിയ പരിസരത്തെവിടെയും ഉണ്ടായിരുന്നില്ല. ഇതൊന്നുമറിയാതെയാണ് ആളുകൾ അപരനുചുറ്റും കൂട്ടംകൂടിയത്. കളിയുടെ ഇടവേളയിൽ 'നെയ്മർ' തങ്ങൾക്കൊപ്പം ഗാലറിയിലുണ്ടെന്നറിഞ്ഞതോടെ കാണികൾ തിരക്കുകൂട്ടി. മത്സരശേഷവും 'തിരക്ക്' ഉണ്ടായതോടെ സെക്യൂരിറ്റി അകമ്പടിയോടെ ഇയാളെ കണ്ടെയ്നർ സ്റ്റേഡിയത്തിന്റെ പുറത്തെത്തിക്കുകയായിരുന്നു.
ഈ 'നെയ്മർ' ലോകകപ്പ് പരിസരങ്ങളിൽ ചുറ്റിത്തിരിഞ്ഞ് ആരാധകരെ 'പറ്റിച്ചുകൊണ്ടിരിക്കുകയാണ്'. സോസിയ ഡോനെ എന്നാണ് ഇയാളുടെ യഥാർഥ പേര്. നെയ്മറെ അനുകരിച്ച് ഇൻസ്റ്റഗ്രാമിൽ 8.35 ലക്ഷം ഫോളോവേഴ്സിനെയും ഇയാൾ സ്വന്തമാക്കിയിട്ടുണ്ട്.
നേരത്തേ, ഫോക്സ് സ്പോർട്സ് ടെലിവിഷൻ ചാനൽ ആളുകളെ വട്ടം കറക്കാൻ ഈ അപരനെ നിരത്തിലൂടെ ആഘോഷമായി നടത്തിച്ചിരുന്നു. 'നെയ്മർ ദോഹയിലൂടെ നടക്കുന്നു' എന്ന തലക്കെട്ടിൽ അതിന്റെ വിഡിയോയും പോസ്റ്റ് ചെയ്തു. പരിക്കിന്റെ ലാഞ്ഛനകളൊന്നുമില്ലാതെ കൂളായി നടക്കുന്ന ഇയാൾ നെയ്മറല്ലെന്ന് ഒട്ടേറെ ഫുട്ബാൾ പ്രേമികൾ അതിനു കീഴെ പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.