ദോഹ: വെള്ളിയാഴ്ച രാത്രിയിൽ അൽ ജനൂബ് സ്റ്റേഡിയത്തിൻെറ മുറ്റത്ത് ഉറുഗ്വായും ഘാനയും ബൂട്ടുകെട്ടുേമ്പാൾ ദക്ഷിണാഫ്രിക്കയിലെ സൂപ്പർസ്പോർട് ചാനൽ സ്റ്റുഡിയോവിൽ കളിയെ മുടിനാരിഴ കീറി വിലയരുത്തുന്ന അസമാവോ ഗ്യാനിൻെറ മനസ്സ് 2010 ലോകകപ്പിൻെറ വേദിയായ സോക്കർ സിറ്റിയുടെ മൈതാനത്തേക്കാവും തിരിഞ്ഞു നടക്കുന്നത്.
ലോകകപ്പ് സെമിഫൈനൽ എന്ന ഘാനയുടെ സ്വപ്നങ്ങൾക്ക് മുന്നിൽ ലൂയിസ് സുവാരസിൻെറ 'കൈ'കൾ ഉയർന്ന ദിനമായിരുന്നു അത്. കളിക്കളത്തിലെ ചതിയെന്നും, മത്സരച്ചൂടെന്നുമെല്ലാമായി കളിയാരാധകർ പലവിശേഷണങ്ങൾ നൽകിയ പോരാട്ടം. ആ അങ്കത്തിനു ശേഷം ആദ്യമായി ഉറുഗ്വായും ഘാനയും കളത്തിൽ മുഖമുഖമെത്തുന്നത് മറ്റൊരു ലോകകപ്പിൻെറ നിർണായക പോരാട്ടത്തിലൂടെയാണെന്ന പ്രത്യേകത ഖത്തറിനുണ്ട്.
അസമാവോ ഗ്യാൻ, സുള്ളി മുൻഡാരി, കെവിൻ പ്രിൻസ് ബോട്ടെങ്, ജോൺ മെൻസാ അങ്ങെന സുവർണനിരയുമായാണ് അന്ന് ഘാന സ്വന്തം വൻകരയിലെ പവർഹൗസായി പന്തുതട്ടിയത്. ഗ്രൂപ്പ് റൗണ്ടിൽ ജർമനിക്കു പിന്നിൽ ആധികാരികമായ കുതിപ്പ്. നോക്കൗട്ടിൽ പ്രവേശിച്ച ഏക ആഫ്രിക്കൻ ടീമായിരുന്നു ഇവർ. പ്രീക്വാർട്ടറിൽ അമേരിക്കയെ തകർത്ത മുന്നേറ്റം.
ഒടുവിൽ ക്വാർട്ടറിൽ മുന്നിലുള്ള ഡീഗോ ഫോർലാൻ, ലൂയി സുവാരസ്, എഡിൻസൺ കവാനി എന്നിവരടങ്ങിയ ഉറുഗ്വായാണ്. നിറഞ്ഞ ആതിഥേയ കാണികളുടെ കൂടി പിന്തുണയോടെ പൊരുതിയ ഘാന എതിരാളികളെ വിറപ്പിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ മുൻഡാരിയുടെ ഗോളിലൂടെ ലീഡ് പിടിച്ചവർക്കെതിരെ രണ്ടാം പകുതിയിൽ ഡീഗോ ഫോർലാൻ സമനില നേടി. മത്സരം എക്സ്ട്രാ ടൈമിൻെറ ആവേശത്തിലേക്ക്. ഇരുതലമൂർച്ചയുള്ള ആക്രമണവുമായി കളം ഭരിച്ച ഘാനക്കായിരുന്നു മേധാവിത്വം.
മത്സരം 120ാം മിനിറ്റും കടന്ന് ഇഞ്ചുറി ടൈമിലൂടെ ലോങ് വിസിലിനുള്ള കാത്തിരിപ്പ്. തങ്ങൾക്ക് അനുകൂലമായെത്തിയ ഫ്രീകിക്കിലെങ്കിലും വലകുലുക്കാനായിരുന്നു ഘാന താരങ്ങളുടെ പെടാപാട്. ബോട്ടെങ് എടുത്ത ഫ്രീകിക്ക് ഷോട്ട് ക്യാപ്റ്റൻ മെൻസായുടെയും മറ്റും ഹെഡ്ഡറിലൂടെ ബോക്സിനുള്ളിൽ തട്ടിത്തടഞ്ഞു. ഉറുഗ്വായ് ഗോളി ഫെർണാണ്ടോ മുസ്ലേരക്ക് സ്ഥാനം തെറ്റിയ നിമിഷം. അവസാനമായി പന്ത് ഹെഡ്ചെയ്ത ഡൊമിനിക് അഡിയയുടെ പന്ത് വലയിലേക്ക്.
അവിടെയായിരുന്നു ലൂയി സുവാരസിൻെർ 'കൈ'കൾ പണിയെടുത്തത്. ഗോളിയൊഴിഞ്ഞ പോസ്റ്റിൽ രണ്ടാമതൊന്നാലോചിക്കാതെ സുവാരസ് ഗോളിയായി പന്ത് കൈകൊണ്ട് തട്ടിയകറ്റി. ഗാലറിയും ഘാന താരങ്ങളും ടി.വി സ്ക്രീനിലൂടെ ലോകവും കണ്ട 'ചതി' പ്രയോഗം. തൊട്ടുപിന്നാലെ റഫറി സുവരാസിന് റെഡ് കാർഡ് നൽകി ഘാനക്ക് പെനാൽറ്റിയും വിധിച്ചു.
ആഫ്രിക്കൻ സംഘത്തിന് ക്വാർട്ടറിൽ പ്രവേശിക്കാൻ ദൈവമായി എത്തിച്ച നിമിഷം. കിക്കെടുക്കാൻ അസമാവോ ഗ്യാൻ. ഗോൾ കീപ്പർ മുസ്ലേര മാത്രം മുന്നി. പ്രാർഥനയോടെ ഉറുഗ്വായ്-ഘാന ആരാധകർ കൈകൂപ്പി നിന്ന നിമിഷം. പന്ത് വലയിലെത്തിയാൽ ഘാന ക്വാർട്ടറിൽ. അല്ലെങ്കിൽ കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്.
ലോകം കണ്ണുമിഴിച്ച് നോക്കിയ നിമിഷത്തിൻെറ ഭാരം ഗ്യാനിൻെറ ബൂട്ടുകളെ ലക്ഷ്യം തെറ്റിച്ചു. പന്ത് േക്രാസ് ബാറിൽ തട്ടിയകന്നതോകടെ മത്സരം ഷൂട്ടൗട്ടിലേക്ക്. സുവാരസ് ഉറുഗ്വായുടെ വീരനായകനും, ഘാനക്കാർക്ക് ചതിയനുമായി. ഷൂട്ടൗട്ടിൽ 4-2ൻെറ ജയവുമായി ഉറുഗ്വായ് സെമിയിലേക്ക് മാർച്ച് പാസ്റ്റും ചെയ്തു. അവിടെ നെതർലൻഡ്സിനോട് തോറ്റായിരുന്നു മടക്കം.
ആ ഓർമകളുടെ കനലുമായാണ് ഗ്യാനിൻെറയും മുൻഡാരിയുടെ പിൻമുറക്കാർ വീണ്ടുമിറങ്ങുന്നത്. ആ ടീമിലെ അംഗങ്ങളൊന്നും ഘാനയുടെ പുതിയ നിരയിലില്ല. എന്നാൽ, തങ്ങളുടെ മുൻഗാമികളെ ലോകകപ്പിൻെറ വലിയ പോരിടത്തിൽ ചതിച്ചവരെന്ന തീക്കനലാണ് അവരുടെ സിരകളിലുള്ളത്. അതേസമയം, ലൂയി സുവാരസ്, എഡിൻസൺ കാവാനി എന്നിവരെല്ലാം ഇന്നുമുണ്ട് ഉറുഗ്വായ്ക്കൊപ്പം.
12 വർഷത്തിനു ശേഷം, ലോകകപ്പിൻെറ മറ്റൊരു പോരിടത്തിൽ ഘാനയും ഉറുഗ്വായും മുഖാമുഖമെത്തുേമ്പാൾ ആരാധകർ ഉറ്റുനോക്കുന്നത് പഴയ കണക്കു പുസ്തകത്തിൻെറ പേജുകളിലേക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.