ആദ്യപകുതിയിൽ അർജന്റീന; ഗോളടിച്ച് മെസ്സിയും അൽവാരസും

എതിരാളികളെ തുടക്കത്തിൽ കളിക്കാൻ വിട്ട് ഗോളുത്സവം തീർത്ത് അർജന്റീന പടയോട്ടം. ക്രൊയേഷ്യക്കെതിരായ സെമിയുടെ ആദ്യ പകുതി അവസാനിക്കുമ്പോൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ലാറ്റിൻ അമേരിക്കക്കാർ മുന്നിൽ. പെനാൽറ്റി ഗോളാക്കി മെസ്സിയും തൊട്ടുപിറകെ അൽവാരസുമാണ് ലക്ഷ്യം കണ്ടത്.

4-4-2 ഫോർമേഷനിൽ എമിലിയാനോ മാർടിനെസ്, നഹുവേൽ മോളിനി, ക്രിസ്റ്റ്യൻ ​റൊമേരോ, നികൊളാസ് ഓട്ടമെൻഡി, നികൊളാസ് ടാഗ്ലിയാഫികോ, ഡി പോൾ, ലിയാൻഡ്രോ പരേഡേസ്, എൻസോ ഫെർണാണ്ടസ്, അലക്സിസ് മാക് അലിസ്റ്റർ, ലയണൽ ​മെസ്സി, ലോടറോ മാർടിനെസ് എന്നിവരുമായി അർജന്റീന ഇറങ്ങിയപ്പോൾ മധ്യനിരക്കും മുന്നേറ്റത്തിനും തുല്യ പ്രാധാന്യം നൽകി 4-3-3 ഫോ​ർമേഷനിൽ ഡൊമിനിക് ലിവാകോവിച്,ജോസിപ് ജുറാനോവിച്, ജോസ്കോ ഗ്വാർഡിയോൾ, ലവ്റൻ, സോസ, ​ലുക മോഡ്രിച്, ബ്രോസോവിച്, മാറ്റിയോ കൊവാസിച്, പസാലിച്, ക്രമാരിച്, പെരിസിച് എന്നിവരുമായാണ് ക്രൊയേഷ്യ മൈതാനത്തെത്തിയത്.

തുടർച്ചയായ രണ്ടാം തവണ ലോകകിരീടപോരാട്ടത്തിന്റെ കൊട്ടിക്കലാശ​ത്തിന് ടിക്കറ്റുതേടി​യിറങ്ങിയ ക്രോട്ടുകളുടെ ആക്രമണം കണ്ടാണ് മൈതാനമുണർന്നത്. ചിട്ടയായ നീക്കങ്ങളുമായി മോഡ്രിച്ചും പട്ടാളവും അർജന്റീന പകുതിയിൽ നിറഞ്ഞുനി​ന്ന നിമിഷങ്ങൾ. മുന്നോട്ടുകളിക്കുന്ന അതേ ഊർജത്തോടെ പിൻനിരക്കും പന്തുനൽകിയുള്ള ​കളി വിജയം കണ്ടപ്പോൾ സ്കലോണിയുടെ കുട്ടികൾ തുടക്കത്തിൽ പതറിയെന്നു തോന്നിച്ചു.

എന്നാൽ, ആദ്യ 20 മിനിറ്റ് നിയന്ത്രണം കുറഞ്ഞ അർജന്റീനയുടെ മറ്റൊരു മുഖമാണ് പിന്നീട് കണ്ടത്. അതിവേഗ നീക്കങ്ങളുമായി ക്രൊയേഷ്യൻ മതിൽ തകർത്ത ടീം നിരന്തരം ഗോൾ ഭീഷണി മുഴക്കി. 32ാം മിനിറ്റിൽ ആദ്യ ഗോളുമെത്തി. അൽവാരസ് നടത്തിയ മനോഹര നീക്കം ഗോളെന്നുറച്ച നിമിഷത്തിൽ ക്രൊയേഷ്യൻ ഗോളി ലിവാകോവിച്ചിനു മുന്നിൽ മറ്റു വഴികളുണ്ടായിരുന്നില്ല. അൽവാരസിനെ വീഴ്ത്തിയതിനു ലഭിച്ച പെനാൽറ്റി കിക്കെടുത്തത് ക്യാപ്റ്റൻ ലയണൽ മെസ്സി. ഗോളിക്ക് പഴുതൊന്നും നൽകാതെ വലയിലെത്തിച്ച് അർജന്റീനക്കായി ഏറ്റവും ​കൂടുതൽ ഗോൾ നേടുന്ന താരവുമായി. അഞ്ചു ഗോൾ സമ്പാദ്യവുമായി ഈ ലോകകപ്പിലും മികച്ച ഗോൾവേട്ടക്കാരിലൊരാളാണ് മെസ്സി.

ഗോൾ വീണതോടെ ആക്രമണം കനപ്പിക്കാനുള്ള ക്രൊയേഷ്യൻ നീക്കം തൊട്ടുപിറകെ അടുത്ത ഗോളിലും കലാശിച്ചു. അർജന്റീന ഗോൾമുഖത്തെ നീക്കത്തിനൊടുവിൽ പന്ത് എത്തിയത് അൽവാരസിന്റെ കാലുകളിൽ. സ്വന്തം പകുതിയിൽനിന്ന് അതിവേഗം കുതിച്ച താരം ക്രൊയേഷ്യൻ പ്രതിരോധത്തെയും ഗോളിയെയും മനോഹരമായി വെട്ടിയൊഴിഞ്ഞ് പന്ത് വലയിലെത്തിച്ചു.

പിന്നെയും ഗോൾനീക്കങ്ങളുടെ ​പെരുമഴയുമായി അർജന്റീന തന്നെയായിരുന്നു മുന്നിൽ. 

Tags:    
News Summary - Qatar World Cup: Messi and Alvarez put Argentina in control against Croatia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.