അർബുദത്തെ ജയിച്ച് ജീവിതവും പരിശീലനവും; വാൻ ഗാൽ ഡച്ചുപടയുടെ വീരനായകൻ

നേരിട്ടും അല്ലാതെയും ലൂയിസ് വാൻ ഗാൽ എന്ന മാന്ത്രികന് അർബുദം ജീവിതത്തിന്റെ ഭാഗമായിട്ട് ഏറെയായി. ആദ്യം നഷ്ടമായത് പ്രിയ പത്നി ഫെർണാണ്ടയെ- 1994ൽ. 39 വയസ്സായിരുന്നു ഫെർണാണ്ടക്ക് അന്നു പ്രായം. വേർപാടിന്റെ ആഘാതം വേട്ടായിടിട്ടും ധീരതയോടെ പിടിച്ചുനിന്ന് പരിശീലക വേഷത്തിൽ മുൻനിര ടീമുകൾക്കൊപ്പം ശിഷ്ടകാലം. നെതർലൻഡ്സിനു പുറമെ അയാക്സ്, ബാഴ്സലോണ, ബയേൺ മ്യൂണിക്, മാഞ്ചസ്റ്റർ യുനൈറ്റഡ് തുടങ്ങിയ ടീമുകൾക്ക് പരിശീലകനായി. ഒടുവിൽ കഴിഞ്ഞ വർഷം വീണ്ടും ദേശീയ ടീമിനൊപ്പം.

രണ്ടുവർഷം മുമ്പ് ഒരിക്കലും പ്രതീക്ഷിക്കാതൊരുനാളിലാണ് തന്റെ ശരീരത്തിലും കാൻസർ പിടിമുറുക്കിയെന്ന് തിരിച്ചറിയുന്നത്. പ്രോസ്റ്റേറ്റ് കാൻസർ ഗുരുതരാവസ്ഥയിലെത്തിയ ശേഷമായിരുന്നു ആശുപത്രി വാസം. ഡച്ചുപട ലോകകപ്പിന് മാനസികമായി തയാറെടുക്കുന്ന സമയം. ടീമിൽ ഒരാളെയും അറിയിക്കാതെ ചികിത്സയുമായി മല്ലിട്ട വാൻ ഗാൽ രോഗമുക്തിയുടെ വലിയ ഘട്ടം പൂർത്തിയാക്കിയ ശേഷമായിരുന്നു ഇതേ കുറിച്ച് വെളിപ്പെടുത്തൽ നടത്തുന്നത്.

'​അയേൺ തുലീപ്' എന്നാണ് ചുറ്റുമുള്ളവർ വാൻ ഗാലിനെ വിളിക്കാറ്. ഉറച്ച മനസ്സ്, സമാനതകളില്ലാത്ത നേതൃഗുണം. ഡച്ചപടയുടെ പരിശീലക പദവിയിൽ പലവട്ടം കയറിയിറങ്ങിയവൻ. ഒടുവിൽ ഈ ലോകകപ്പിനുള്ള ടീമിന്റെ പരിശീലന ചുമതലയും കഴിഞ്ഞ വർഷം 71കാരനെ തേടിയെത്തി.

പരിശീലകനെന്ന നിലക്ക് 20 മുൻനിര ട്രോഫികൾ സ്വന്തമാക്കിയിട്ടുണ്ട് വാൻ ഗാൽ. ഈ ലോകകപ്പിലെ ഏറ്റവും പ്രായമുള്ള മൂന്നാമത്തെ പരിശീലകനാണ്.

ചികിത്സകാലത്തെ കുറിച്ച് ഡച്ച് ടി.വിക്കു നൽകിയ അഭിമുഖത്തിൽ വാൻ ഗാൽ തന്നെ പറയും: ''​ആശുപത്രിയിൽ പ്രത്യേക സൗകര്യങ്ങളോടെയായിരുന്നു ചികിത്സ. പിൻവാതിലിലൂടെയാകും അകത്തുകടക്കുക. എത്തിയ ഉടൻ മറ്റൊരു മുറിയിലേക്കു മാറ്റും. കളിക്കാരെ അറിയിക്കാൻ ഇഷ്ടമുണ്ടായിരുന്നില്ല. അത് അവരുടെ പ്രകടനത്തെ ബാധിക്കുമോയെന്നായിരുന്നു ആധി. പരിശീലനം പുരോഗമിക്കുന്ന സമയത്ത് കളിക്കാർ അറിയാതെ രാത്രിയിലാകും ആശുപത്രിയിലെത്തുക. അവരുടെ അറിവിൽ എനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകരുത് എന്നായിരുന്നു മനസ്സ്''- ഇങ്ങനെയൊക്കെ വളർത്തിയെടുത്ത ഈ ടീം പുതിയ പരിശീലന കാലയളവിൽ ഒരു കളി പോലും തോറ്റിട്ടില്ലെന്നതിന് വേറെ ഉത്തരം വേണ്ടിവരില്ല.

2020 ഡിസംബറിലായിരുന്നു കാൻസർ തിരിച്ചറിയുന്നത്. 25 തവണ റേഡിയേഷൻ വേണ്ടിവന്നു. അതും നെതർലൻഡ്സിന്റെ ലോകകപ്പ് യോഗ്യത പോരാട്ടങ്ങൾ നടക്കുമ്പോൾ. കഴിഞ്ഞ വർഷം നവംബറിൽ നോർവേക്കെതിരെ യോഗ്യത പോരാട്ടം നടക്കുമ്പോൾ വാൻ ഗാൽ എത്തിയത് വീൽ ചെയറിലായിരുന്നു. ടീം എതിരില്ലാത്ത രണ്ടു ഗോളിന് കളി ജയിച്ചു.

''ആദ്യ നിമിഷം മുതൽ ഞങ്ങൾ അറിഞ്ഞിരുന്നില്ല. മറച്ചുവെക്കാൻ വേണ്ടതൊക്കെയും അദ്ദേഹം ചെയ്തു''- പറയുന്നത് ഡച്ചുപ്രതിരോധ താരം ഡാലി ​ബ്ലിൻഡ്. 'രോഗത്തോട് എങ്ങനെ പൊരുതിനിൽക്കുന്നുവെന്ന് കാണുമ്പോൾ വല്ലാത്ത ആദരമാണ് അദ്ദേഹത്തോട്. ഏതുഘട്ടത്തിലും മുനയുള്ള മനസ്സിനുടമ. ലൂയിസ് വാൻ ഗാൽ ആണത്. അദ്ദേഹത്തിന് മാറാനാകില്ല''- ബ്ലിൻഡിന്റെ വാക്കുകൾ.

കടുത്ത നിലപാടുകളുടെ പുരുഷനായി തുടരുമ്പോഴും താരങ്ങളോട് പുലർത്തുന്ന അനുഭാവവും അനുതാപവുമാണ് വാൻഗാലിനെ വേറിട്ടുനിർത്തുന്നത്. അജയ്യ റെക്കോഡുമായി

ലോകകപ്പിനെത്തിയ ടീം ഗ്രൂപ് എയിൽ ഒരു കളി പോലും തോൽക്കാതെയാണ് നോക്കൗട്ടിനെത്തിയത്. പ്രീക്വാർട്ടറിൽ യു.എസിനെ കടന്നത് 3-1ന്റെ ആധികാരിക ജയവുമായി. ​അവസാന കളിയില മെംഫിസ് ഡീപേ നേടിയ ഗോൾ മതി ടീമിന്റെ ക്ലാസ് തെളിയിക്കാൻ. 20 സുവർണ

നീക്കങ്ങൾക്കൊടുവിലായിരുന്നു ആ ഗോളിന്റെ പിറവി.

ഖത്തറിലും ജനപ്രിയ നായകനായ വാൻ ഗാലിന്റെ പിൻഗാമിയായി അടുത്ത ​യൂറോ കപ്പിൽ റൊണാൾഡ് കോമാനാകും ഡച്ചുപടയെ പരിശീലിപ്പിക്കുക. 

Tags:    
News Summary - Qatar World Cup: Netherlands boss Louis van Gaal's private cancer ordeal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.