വ്യക്തിഗതമികവുകളെ ചാനലൈസ് ചെയ്ത് കൂടുതല്‍ ടച്ചുകളിലൂടെ പന്തുനീക്കം നടത്തി കളിഗതിയെ നിയന്ത്രണവിധേയമാക്കുന്ന തീര്‍ത്തും പ്രവചനാത്മകമായ തുടക്കമാണ് ലുസൈലില്‍ പോര്‍ചുഗല്‍ ഘാനക്കെതിരെ തുടങ്ങിവെച്ചത്. അതിന്‍റെ കൗണ്ടര്‍ പാര്‍ട്ടായി കൂടുതല്‍ കരുതലോടെ, അങ്ങേയറ്റത്തെ ക്ഷമയോടെ ഘാന തങ്ങളുടെ പ്ലാനില്‍ അതിമനോഹരമായി ഉറച്ചുനിന്ന് പ്രതിരോധിച്ചതും കളിയെ ഒരു ടാക്റ്റിക്കല്‍ ബാറ്റ്ല്‍ എന്ന തലത്തിലേക്കുയര്‍ത്തി.
രണ്ടാം പകുതിയുടെ 65ാം മിനുറ്റ് വരെ ഇരു ടീമുകളും നിലനിര്‍ത്തിയ ഈ ടെംപോ തകരുന്നത് അഞ്ച് ലോകകപ്പിലും ഗോള്‍ നേടിയ ഏക കളിക്കാരനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാറിയ പെനാല്‍റ്റിയിലേക്കെത്തിയ ആ ത്രൂബോളിലൂടെയാണ്. നിമിഷങ്ങള്‍ക്കകം അതിമനോഹരമായി ആ സാഹചര്യത്തോട് റിയാക്ട് ചെയ്ത ഘാന തിരിച്ചടിക്കുകയും ചെയ്തു . പിന്നീട് ഇടതടവില്ലാത്ത കൊടുക്കല്‍ വാങ്ങലിന്‍റെ ആവേശമുറ്റിയ കാഴ്ചകളിലേക്ക് നീങ്ങിയ കളിയൊടുക്കം പോര്‍ച്ചുഗലിന്‍റെ ബിഗ്ടിക്കറ്റ് മാച്ചബിലിറ്റിയുടെ ബലത്തില്‍ 3-2ന് അവര്‍ ജയിച്ചു കയറുകയും ചെയ്തു.
ഏത് പ്രതിരോധത്തെയും നിഷ്പ്രഭമാക്കാവുന്ന യുവത്വവും പരിചയസമ്പന്നതയും നിറഞ്ഞ പോര്‍ച്ചുഗലിന്‍റെ കളിതന്ത്രസൂചകങ്ങളിലൂടെ കാണാനായത് വേഗമേറിയ പന്തുനീക്കങ്ങളും സ്ഥാനവ്യതിയാനങ്ങളും നടത്താന്‍ സുസജ്ജരായ കളിക്കാരെ ഗ്രൗണ്ടിനെ മുഴുവനായും ഉപയോഗിച്ച് എല്ലാ വഴികളിലൂടെയും ഘാനിയന്‍ പ്രതിരോധത്തെ തുറക്കാന്‍ ശ്രമിക്കുന്നതാണ്.
ഏറ്റവും ശ്രദ്ധേയമായത് സിറ്റിയില്‍ അറ്റാക്കിങ് പൊസിഷനില്‍ സ്ഥിരസാന്നിധ്യമായ സില്‍വ ഡീപില്‍ വന്ന് പന്ത് വാങ്ങി കരുനീക്കങ്ങള്‍ തുടങ്ങി വെക്കുന്നതാണ്. മധ്യനിരയില്‍ എല്ലാ ഫസ്റ്റ് ബോളുകളും നേടാനും, നിയന്ത്രണമേറ്റെടുക്കാനുമായെങ്കിലും ഘാനയുടെ ഡിഫന്‍സീവ് തേഡില്‍ ആധിപത്യമുണ്ടാക്കാന്‍ പോര്‍ചുഗലിന്‍റെ കേളികേട്ട ആക്രമണനിരക്കായില്ല.
രണ്ടും മൂന്നും ഗോളുകള്‍ക്ക് കാരണമാവുന്നതും അത് വരെ ഘാന കാണിച്ച ഡിഫന്‍സീവ് ഡിസിപ്ലിനില്‍ സംഭവിച്ച പിഴവുകളിലൂടെയാണ്. ലോകകപ്പിലെ ആദ്യ മാച്ചിന്‍റെ സമ്മര്‍ദ്ദം പലപ്പോഴും പോര്‍ച്ചുഗല്‍ താരങ്ങളില്‍ മുഴച്ച് കണ്ടെങ്കിലും പരിചയസമ്പന്നതയുടെ ബലത്തില്‍ അതിനെ മറികടക്കാനും അവസാനനിമിഷങ്ങളില്‍ കൈമെയ് മറന്ന് പൊരുതി അര്‍ഹമായ വിജയം സ്വന്തമാക്കാനുമായി.
3-2ന്‍റെ തോല്‍വി എന്നതിനപ്പുറം ഏറ്റവും മികച്ച ടീമിനോട് തന്ത്രപരമായും കളിമേന്മയിലും കളിയുടെ മുക്കാല്‍ ഭാഗവും ബലാബലം നിലനിര്‍ത്താനായതും, അവസാനനിമിഷം വരെ സമനിലസാധ്യത തോന്നിപ്പിക്കും വിധം പൊരുതാനായതും ഈ മാച്ചില്‍ ഘാന തലയുയര്‍ത്തിപ്പിടിച്ച് കളം വിടാന്‍ കാരണങ്ങളാണ്. ഒരു ബിഗ്സ്കെയില്‍ ടീമിനോട് കാണിക്കേണ്ട സമീപനത്തില്‍ നൂറില്‍ നൂറ് മാര്‍ക്കിനും ഘാന അര്‍ഹരാണ്.
കയറിയിറങ്ങി നിമിഷാര്‍ദ്ധങ്ങളില്‍ പൊസിഷണല്‍ സ്വിചിങ് ചെയ്തു കൊണ്ടേയിരുന്ന പറങ്കിപ്പടയെ കൃത്യമായി മാര്‍ക്ക് ചെയ്യാന്‍ അവര്‍ കാണിച്ച ഗെയിം സെന്‍സും, ഡിഫന്‍സീവ് തേഡില്‍ ടച്ചുകളെടുക്കാന്‍ അനുവദിക്കാത്തവിധം രൂപഘടനയില്‍ നിലനിര്‍ത്തിയ സന്തുലനവും, പിടിച്ചെടുക്കുന്ന പന്തുകളെ ഏറ്റവും പെട്ടെന്ന് പൊസെഷനിലേക്ക് സുഗമമായി മാറ്റുന്നതുമെല്ലാം ഘാനയുടെ മേന്മ വിളിച്ചോതുന്നതാണ്.
65ാം മിനുറ്റിലെ ചെറിയ പിഴവിലേക്കെത്തും വരെ ആ അച്ചടക്കമുള്ള, ആയാസരഹിതമായ പ്രതിരോധാത്മകകളി ക്ഷമയോടെ നിലനിര്‍ത്തിയതും, ഗോള്‍ വീണതില്‍ നിന്ന് പെട്ടെന്ന് തന്നെ കളിയുടെ ടെംപോ മാറ്റി ക്രിയാത്മകമായി പ്രതികരിച്ചതുമെല്ലാം ഉയര്‍ന്ന ഗുണനിലവാരമുള്ള ടീമുകള്‍ക്ക് സമാനമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.